യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്തുന്ന യൂറോ കപ്പിന് ഇന്നു തുടക്കം. റോമിലെ വിഖ്യാതമായ ഒളിമ്ബിക്സ് സ്റ്റേഡിയത്തിൽ തുർക്കിയും ഇറ്റലിയും തമ്മിൽ രാത്രി 12.30 മുതൽ നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തോടെയാണു പോരാട്ടങ്ങൾ തുടങ്ങുക. കഴിഞ്ഞ വർഷം നടക്കേണ്ട യൂറോ കപ്പ് കൊവിഡ് മഹാമാരിയെ തുടർന്നാണു നീട്ടിവച്ചത്.
മാഞ്ചിനി വന്നതു മുതൽ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിൽ ഉള്ള ഇറ്റലി തുടർച്ചയായ എട്ടു വിജയങ്ങളുമായാണ് യൂറോ കപ്പിന് എത്തുന്നത്. ഈ എട്ടു മത്സരങ്ങളിലും ഒരു ഗോളു പോലും ഇറ്റലി വഴങ്ങിയിട്ടില്ല. ഇറ്റലിയുടെ ഡിഫൻസിൽ പ്രായം കൂടുതൽ ഉള്ളവരാണ് എന്ന പരാതി ഉണ്ട് എങ്കിലും മധ്യനിരയിലെ യുവ രക്തങ്ങൾ ആ പരാതി പരിഹരിക്കും. ബരെല്ലയും ലൊകടെല്ലിയും ജോർഗീഞ്ഞോയും അടങ്ങുന്ന മധ്യനിര തന്നെയാണ് ഇറ്റലിയുടെ കരുത്ത്. പരിക്ക് കാരണം വെറട്ടി ഇന്ന് ഇറ്റലിക്ക് ഒപ്പം ഉണ്ടാകില്ല.
ലോക ചാമ്ബ്യന്മാരായ ഫ്രാൻസ് യൂറോപ്പിലും കിരീട നേട്ടം ആവർത്തിക്കാമെന്ന കണക്കു കൂട്ടലിലാണ്. അന്റോയിൻ ഗ്രീസ്മാൻ, എൻഗോള കാന്റെ, പോൾ പോഗ്ബ, കിലിയൻ എംബാപ്പെ, കാരിം ബെൻസൈമ, ഒലിവർ ഗീറൂഡ് തുടങ്ങി ഏതു ടീമിനേയും വിറപ്പിക്കുന്ന താരസാന്നിധ്യമാണു ഫ്രാൻസിന്റെ സാധ്യത വർധിപ്പിക്കുന്നത്. ഇരുപത് വർഷത്തിനു മുമ്ബാണു ഫ്രാൻസ് യൂറോ കപ്പിൽ അവസാനം മുത്തമിട്ടത്.
നിലവിലെ ചാമ്ബ്യന്മാരായ പോർചുഗലിനെയും എഴുതിത്തള്ളാൻ വയ്യ. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ തോളിലേറിയാണ് അവരുടെ വരവ്. ക്രിസ്റ്റിയാനോ കരിയറിലെ അവസാന ഘട്ടത്തിൽ രാജ്യത്തിന് ഒരു കിരീടം കൂടി നേടിക്കൊടുത്താൽ അതിശയിക്കാനില്ല. റുബൻ ഡയസ്, പെപെ, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ കഴിവുറ്റ താരങ്ങളിും പോർചുഗലിനൊപ്പമുണ്ട്.