കൊച്ചി: സംസ്ഥാനത്തെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന് നല്കുന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്ക് പ്രത്യേക വാക്സിനേഷന് ക്യാമ്പിന് തിങ്കളാഴ്ച ആരംഭിക്കും. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് വാക്സിന് വിതരണം ചെയ്യുന്നത്. ഐടി മേഖലയെ വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും സുരക്ഷിത തൊഴിലിടം ഒരുക്കുന്നതിനും ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് മൂന്ന് നഗരകേന്ദ്രങ്ങളിലായി നടത്തിവരുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
ഒരാഴ്ച നീണ്ടു നില്ക്കുന്ന ക്യാമ്പില്‍ ആദ്യ ഘട്ടത്തില്‍ 6,000 ഡോസുകളാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ആവശ്യാനുസരണം വാക്സിന് എത്തിക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്) ഹോസ്പിറ്റല്‍ ഐടി ജീവനക്കാര്‍ക്കു വേണ്ടി മാത്രമായി രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേരിട്ട് വാങ്ങിയിട്ടുണ്ട്. ആദ്യ ബാച്ചില്‍ 25000 ഡോസുകളാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് എത്തിയത്.