ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാമത്സരം രണ്ടാം പാദത്തിൻ്റെ ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിനു പിന്നിൽ. അബ്ദുൽ അസീസ് ഹാതിം ആണ് ഖത്തറിനായി ഗോൾ നേടിയത്. 45 മിനിട്ടുകളിൽ ഏകപക്ഷീയമായി കളം ഭരിച്ച ഖത്തർ അർഹിച്ച ലീഡുമായാണ് ആദ്യ പകുതിക്ക് ശേഷം തിരിച്ചുകയറിയത്. ആഷിഖ് കുരുണിയൻ മാത്രമാണ് ഖത്തറിനു ഭീഷണി ആയത്. ഇന്ത്യൻ പ്രതിരോധനിര താരം രാഹുൽ ഭേക്കെ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി.
ഏഷ്യൻ ചാമ്പ്യന്മാർ എന്ന വിശേഷണം ഖത്തറിന് മത്സരത്തിൽ കൃത്യമായ മുൻതൂക്കം നൽകി. ആദ്യ വിസിൽ മുതൽ ഇന്ത്യൻ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ഖത്തർ ഇന്ത്യക്ക് ചിന്തിക്കാൻ പോലും അവസരം നൽകിയില്ല. പലപ്പോഴും പ്രതിരോധനിരയും ഗുർപ്രീത് സന്ധുവും ചേർന്നാണ് ഇന്ത്യയെ സംരക്ഷിച്ചുനിർത്തിയത്. 10ആം മിനിട്ടിൽ രാഹുൽ ഭേക്കെ മഞ്ഞക്കാർഡ് കണ്ടു. 17ആം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഭേക്കെ പുറത്തുപോയി. 10 പേരായി ചുരുങ്ങിയിട്ടും ഇന്ത്യ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുനിന്നു. നിരന്തരം ഇന്ത്യൻ ഗോൾമുഖം റെയ്ഡ് ചെയ്ത ഖത്തർ ഇന്ത്യ വല്ലപ്പോഴും പന്ത് കൈവശം വെക്കുമ്പോൾ കടുത്ത പ്രസിങിലൂടെ വേഗത്തിൽ തന്നെ പൊസിഷൻ തിരിച്ചുപിടിച്ചു.
28ആം മിനിട്ടിൽ ഇന്ത്യക്ക് സുവർണാവസരം ലഭിച്ചു. ഇടതു പാർശ്വത്തിൽ നിന്ന് ആഷിഖ് കുരുണിയൻ നൽകിയ ഗംഭീര ക്രോസിൽ കാല് വെക്കാൻ മൻവീർ സിംഗിനു കഴിഞ്ഞില്ല. 34ആം മിനിട്ടിൽ ഖത്തർ ആദ്യ ഗോളടിച്ചു. അബ്ദുൽ അസീസ് ഹാതിം ആണ് ഗോൾ നേടിയത്. 41ആം മിനിട്ടിൽ ആഷിഖിലൂടെ ഇന്ത്യ വീണ്ടും ഖത്തർ ഗോൾമുഖത്തിൽ ആശങ്ക ഉയർത്തി. ആഷിഖിൻ്റെ സോളോ എഫർട്ട് ഖത്തർ പ്രതിരോധം തകർത്തു.