ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറൊണ വൈറസ് വകഭേദമായ 'ഡെൽറ്റ വേരിയൻ്റ്' ആണ് വിയറ്റ്‌നാമിലും കണ്ടെത്തിയിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്
ഹനോയി: വിയറ്റ്‌നാമിൽ അടുത്തിടെ കണ്ടെത്തിയത് കൊവിഡിൻ്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 (ഡെൽറ്റ വേരിയൻ്റ്) വൈറസിൻ്റെ ഭാഗമാണിതെന്ന് വിയറ്റ്‌നാമിലെ ഡബ്ല്യുഎച്ച്ഒ പ്രതിനിധി കിഡോങ് പാർക്ക് വ്യക്തമാക്കി.
ഇന്ത്യൻ വകഭേദമില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ വാദം നിലനിൽക്കെയാണ് ഡബ്ല്യുഎച്ച്ഒയുടെ നിർണായക പ്രഖ്യാപനം. വിഷയത്തിൽ ശക്തമായ നിലപാട് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയും ചെയ്‌തിരുന്നു. രാജ്യത്ത് കണ്ടെത്തിയ വൈറസിന് ഡബ്ല്യുഎച്ച്ഒ പുതിയ പേര് നൽകിയ നടപടിയിൽ ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.