കൊച്ചി: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ റെസ്റ്റോറന്റ് ബില്ലുകളിൽ എഫ്എസ്എസ്എഐ ലൈസൻസ് നമ്പർ നിർബന്ധമാക്കി. ഒക്ടോബർ ഒന്ന് മുതൽ എല്ലാ റെസ്റ്റോറന്റുകളുടെയും ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുടെയും ക്യാഷ് രസീതിലും ഇൻവോയ്സിലും എഫ്എസ്എസ്എഐ ലൈസൻസ് നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
ഉപഭോക്താക്കളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനാണ് എഫ്എസ്എസ്എഐ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. ബില്ലുകളിലെ അപൂർണവിവരം കാരണം നിരവധി പരാതികൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ എഫ്എസ്എസ്എഐ നമ്പർ/ രജിസ്ട്രേഷൻ നമ്പർ ഉണ്ടെങ്കിൽ പരാതി ലഭിച്ച റെസ്റ്റോറന്റിനെതിരെ വേഗത്തിൽ നടപടിയെടുക്കാനാകും. ഉപഭോക്താക്കൾക്ക് എഫ്എസ്എസ്എഐ നമ്പർ ഉപയോഗിച്ച് ഓപ്പറേറ്റർക്കെതിരെ ഓൺലൈനായി പരാതി നൽകാനാകും.