1933ൽ പുറത്തിറക്കിയ ഈ നാണയത്തിന്റെ ഒരു വശത്ത് ലിബർട്ടിയുടെയും മറുവശത്ത് അമേരിക്കൻ കഴുകന്റെയും ചിത്രങ്ങളാണ് ഉള്ളത്. പ്രശസ്ത ശില്പിയായ അഗസ്റ്റസ് സെന്റ്-ഗൗഡൻസ് ആണ് നാണയം രൂപകൽപ്പന ചെയ്തത്.
ഇരുവശത്തും കഴുകൻമാരുള്ള സ്വർണ നാണയം, വിറ്റത് 138 കോടി രൂപയ്ക്ക് !
അമേരിക്കയിലെ അതിപുരാതനവും അപൂർവവുമായ ഒരു സ്വർണ നാണയം ലേലത്തിൽ വിറ്റു. 20 ഡോളർ അഥവാ 1,400 രൂപ മൂല്യമുള്ള നാണയം 138 കോടി രൂപയ്ക്കാണ് വിറ്റത്. ഷൂ ഡിസൈനറായ സ്റ്റുവർട്ട് വൈറ്റ്സ്മാന്റെ പക്കലുണ്ടായിരുന്ന നാണയം ലേല കമ്പനിയായ സോതെബിയാണ് വിറ്റത്. ന്യൂയോർക്ക് സിറ്റിയിൽ വച്ചായിരുന്നു ലേലം. 1933ൽ പുറത്തിറക്കിയ ഈ നാണയത്തിന് ഒട്ടനവധി സവിശേഷതകളുണ്ട്.
യുഎസ് പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റിന്റെ നിർദേശപ്രകാരം പ്രശസ്ത ശില്പിയായ അഗസ്റ്റസ് സെന്റ്-ഗൗഡൻസ് ആണ് നാണയം രൂപകൽപ്പന ചെയ്തത്. രണ്ട് വശത്തും കഴുകൻമാരുള്ള ഈ നാണയം അമേരിക്കയിലെ അവസാനത്തെ സ്വർണ നാണയമാണ്. നാണയത്തിന്റെ ഒരു വശത്ത് ലിബർട്ടിയുടെയും മറുവശത്ത് അമേരിക്കൻ കഴുകന്റെയും ചിത്രങ്ങളാണ് ഉള്ളത്. യുഎസിലുടനീളം പ്രചരിക്കാനെന്ന ഉദ്ദേശ്യത്തോടെ പുറത്തിറക്കിയ നാണയം പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽ അധികാരത്തിലേറിയ ശേഷം പൊതുജനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കി.
ഈ നാണയം ഇതുവരെ ആരും ക്രയവിക്രയങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് വേണം പറയാൻ. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മഹാമാന്ദ്യത്തിൽ നിന്ന് ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഫ്രാങ്ക്ലിൻ റൂസ്‌വെൽ നാണയം വിതരണം ചെയ്യുന്നത് നിർത്തിയത്. അക്കാലത്ത് ഈ നാണയം ഒഴികെയുള്ള മിക്ക സ്വർണ നാണയങ്ങളും നശിപ്പിക്കുകയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുറെകാലം ഈ നാണയം ഈജിപ്തിലെ ഫറൂക്ക് രാജാവിന്റെ പക്കലായിരുന്നു.