സംസ്ഥാനത്ത് 45 വയസ്സിനു താഴെയുള്ള 11 മുൻഗണനാ വിഭാഗങ്ങള്‍ക്കു കൂടി കൊവിഡ് 19 പ്രതിരോധ വാക്സിൻ സൗജന്യമായി ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സു മുതൽ 45 വയസ്സു വരെയുള്ളവരുടെ മുൻഗണനാ പട്ടികയിൽ 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ബാങ്ക് ജീവനക്കാരും മെഡിക്കൽ റെപ്രസൻ്റേറ്റീവുമാരും ഉള്‍പ്പെടെയുള്ളവരെയാണ് സംസ്ഥാന സര്‍ക്കാര്‍ മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തിയത്.
ഹജ്ജ് തീര്‍ഥാടകര്‍, കിടപ്പു രോഗികള്‍, പോലീസ് ട്രെയിനി, പുറത്തു ജോലി ചെയ്യുന്ന സന്നദ്ധ സേവകര്‍, മെട്രോ റെയിൽ ജീവനക്കാര്‍ തുടങ്ങിയവരാണ് പുതിയ പട്ടികയിലുള്ളത്. മുൻപ് പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 32 വിഭാഗക്കാര്‍ക്ക് പുറമെയാണിത്. കൂടാതെ ആദിവാസി മേഖലകളിലുള്ള 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാര്‍വത്രികമായി കേന്ദ്രസര്‍ക്കാര്‍ സൗജന്യ വാക്സിനേഷൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളിൽ നിയമപോരാട്ടം തുടരുകയാണെങ്കിലും 18 വയസ്സു മുതൽ 45 വയസ്സു വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ സംസ്ഥാന സര്‍ക്കാരുകളോ വ്യക്തികള്‍ സ്വന്തം നിലയ്ക്കോ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിൽ കേരളം വാക്സിനു വേണ്ടി ആഗോള ടെൻഡര്‍ വിളിച്ചിട്ടുണ്ട്. എന്നാൽ കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ വാക്സിൻ നിര്‍മാതാക്കളിൽ നിന്ന് വൻതോതിൽ വാക്സിൻ പണം മുടക്കി വാങ്ങാൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല.