കൊവിഡ് കാലത്ത് പോസിറ്റീവ് ആകരുത് എന്നാണ് പറയുക. എന്നാല്‍ ചിന്തകള്‍ എല്ലായിപ്പോഴും പോസിറ്റീവാകണം. വീട്ടിലിരിക്കുന്ന ലോക്ക് ഡൗണ്‍ കാലം എങ്ങനെ പോസിറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് ആണ് തിരുവനന്തപുരം സ്വദേശിനി കണ്മണിയുടെ ചിന്ത.
അതിജീവനത്തിലൂടെ കടന്നുവന്ന പെണ്‍കുട്ടിയാണ് കണ്‍മണി. ജീവിതത്തിലെ പ്രതിസന്ധികളെ മനോധൈര്യം കൊണ്ട് നേരിട്ടവള്‍. വീട്ടിലിരിക്കുന്ന ലോക്ക് ഡൗണ്‍ കാലം ഈ പെണ്‍കുട്ടി സംഗീതവും ചിത്രരചനയുമൊക്കെയായി ഉഷാറാക്കുകയാണ്. തിരുവനന്തപുരം മ്യൂസിക് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയാണ് കണ്‍മണി.
ജന്മനാ കൈകളില്ലാത്ത കണ്മണി കാലുകൊണ്ട് നെറ്റിപ്പട്ടം ഉണ്ടാക്കാനും പഠിച്ച് കഴിഞ്ഞു. മറ്റു ജില്ലകളില്‍ നിന്നടക്കം ഓര്‍ഡറുകളും എത്തുന്നുണ്ട്. എന്തിലും ഒരു പോസിറ്റീവ് വശം കൂടി ഉണ്ടാകുമെന്നും, സന്ദര്‍ഭങ്ങളെ അവസരങ്ങള്‍ ആക്കി മാറ്റുകയാണ് വേണ്ടതെന്നും കണ്‍മണി പറയുന്നു.