കേരളം വിധി എഴുതിക്കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും ദേശീയ നേതൃത്വങ്ങള്‍. സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഉണ്ടാകും എന്നതിന്റെ ആദ്യ സൂചനയായി കനത്ത പോളിംഗിനെ സിപിഐഎം വിലയിരുത്തുന്നു. സംസ്ഥാന ഘടകവും ദേശീയ നേതൃത്വത്തെ തുടര്‍ഭരണം ലഭിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ബംഗളില്‍ കോണ്‍ഗ്രസ് മമതയോട് ചായുന്നതില്‍ കടുത്ത അത്യപ്തിയിലാണ് സിപിഐഎം. രാഹുല്‍ ഗന്ധിയെ ബംഗാളിലേക്ക് കോണ്‍ഗ്രസ് എത്തിച്ചാല്‍ മറുപടിയായി പിണറായി വിജയനെയും തെരഞ്ഞെടുപ്പ് റാലികളില്‍ നിയോഗിക്കണമെന്ന നിര്‍ദ്ദേശത്തിലും പാര്‍ട്ടി ഉടന്‍ തിരുമാനം കൈക്കൊള്ളും.
സംസ്ഥാനത്ത് അനുകൂല സാഹചര്യം വിലയിരുത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം എന്നാല്‍ ഫലം വരുന്നതിന് മുന്പ്് പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകും എന്ന സൂചനകളില്‍ തികഞ്ഞ ആശങ്കയിലാണ്. അടുത്ത ദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സംസ്ഥാനത്ത് എത്തും. ഘടക കക്ഷി നേതാക്കളെ അടക്കം കണ്ട് ഒറ്റക്കെട്ടായ പ്രപര്‍ത്തനം തെരഞ്ഞെടുപ്പില്‍ നടത്തിയതിന് സോണിയാ ഗാന്ധിയുടെ നന്ദി അറിയിക്കുകയാകും പ്രഖ്യാപിത ദൗത്യം. എന്നാല്‍ ഭൂരിപക്ഷം ലഭിച്ചാല്‍ സര്‍ക്കാരിനെ ആര് നയിക്കണം എന്ന ചര്‍ച്ചയ്ക്ക് കൂടിയാണ് ഇതുവഴി കോണ്‍ഗ്രസ് ദേശിയ നേതൃത്വം തുടക്കമിടുക.
വിശ്വാസത്തെ കൂട്ട് പിടിച്ച് നടത്തിയ പ്രചാരണം അഞ്ച് ഇടങ്ങളില്‍ താമര വിരിയിക്കും എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഫലം വരുന്നത് വരെയുള്ള ഇടവേളകളില്‍ സംസ്ഥാനത്തെ സംഘടനാപരമായ പ്രശ്നങ്ങള്‍ അവലോകനം ചെയ്യാന്‍ ദേശീയ നേതൃത്വം സംവിധാനം എര്‍പ്പെടുത്തും എന്നാണ് വിവരം. മേയ് രണ്ടിന് ശേഷം ഫലം പ്രതിക്ഷ നല്കുന്നതാണെങ്കിലും അല്ലെങ്കിലും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ബിജെപി ദേശീയ നേതൃത്വം ഇക്കാലയളവില്‍ ധാരണയിലെത്തും.