ന്യൂ ഡല്‍ഹിയിലെ ഒമാന്‍ എംബസിയാണ് "അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന്" പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ ക്രമാതീതമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് പുതിയ നിര്‍ദേശമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി (ഒഎന്‍എ) അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വിലക്ക് ഒമാന്‍ നീക്കിയിരുന്നു. ഇനി വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാം. താമസക്കാരോ പൗരന്മാരോ അല്ലാത്തവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം ഒമാന്‍ സുല്‍ത്താനേറ്റ് വിലക്കിയിരുന്നു. ഏപ്രില്‍ 7 ന് നിലവില്‍ വന്ന പ്രവേശന വിലക്ക് നീക്കുകയാണെന്ന് ഒമാനി അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു. ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, എല്ലാ വിസ ഉടമകള്‍ക്കും ഇപ്പോള്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്.
തികച്ചും ആവശ്യമില്ലെങ്കില്‍ ഒമാന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് പോകരുത്. രാജ്യത്ത് പ്രതിദിനം 200,000 ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രാ നിരോധനവും നിയന്ത്രണവും ഉള്‍പ്പെടെ വിവിധ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രാദേശിക അധികൃതരെ പ്രേരിപ്പിക്കുന്നു', ന്യൂ ഡല്‍ഹിയിലെ ഒമാന്‍ എംബസി അറിയിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് 19 ബാധിച്ച്19 പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1909 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,263 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്സ്ഥിരീകരിച്ചത്.
ഇതിനകം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,82,693 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 986 പേര്‍ക്ക് രോഗം ഭേദമായി. 1,62,656 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ ഒരു ദിവസം 92 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇവരടക്കം 805 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 263 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.