ബംഗ്ലാദേശ് സൈന്യത്തിന് ഇന്ത്യ ഒരു ലക്ഷം കോവിഡ് വാക്സിനുകൾ കൈമാറി. ഇന്ത്യൻ ആർമി മേധാവി ജനറൽ എം എം നരവാനെയാണ് ഒരു ലക്ഷം കോവിഡ് -19 വാക്സിനുകൾ ബംഗ്ലാദേശ് സൈനിക മേധവിയായ ജനറൽ അസീസ് അഹമ്മദിന് കൈമാറിയത്. കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ രാജ്യത്തെ സഹായിച്ചതിനും ഇന്ത്യ നടത്തിയ അഭിനന്ദനാർഹമായ സഹകരണത്തിനും ജനറൽ അസീസ് അഹമ്മദ് നന്ദി പറഞ്ഞു.
ജനറൽ നരവാനെ ജനറൽ അഹമ്മദിന്റെ ക്ഷണപ്രകാരമാണ് ധാക്ക സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാ മേധാവിയും ബംഗ്ലാദേശിലെത്തിയത്. ഇരു രാജ്യങ്ങളുടെയും സായുധ സേന തമ്മിലുള്ള നല്ല ബന്ധവും ഭാവിയിലെ പരസ്പര സഹകരണവും സംബന്ധിച്ച വിഷയങ്ങൾ ഇരു ജനറലുകളും ചർച്ച നടത്തിയതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.