കോവിഷീൽഡ് വാക്സീൻ 28 ദിവസത്തെ വ്യത്യാസത്തിൽ നൽകുകയെന്ന ഇന്ത്യൻ രീതിയെക്കാൾ ഫലപ്രദം 12 ആഴ്ചയ്ക്കിടെ 2 ഡോസുകൾ നൽകുന്നതാണെന്നു പഠനം. ഈ രീതിയിൽ നൽകുമ്പോൾ വാക്സീന് 81.3% ഫലപ്രദമാണെന്നാണു ലാൻസെറ്റ് മെഡിക്കൽ ജേണലിലെ പഠനം വ്യക്തമാക്കുന്നത്. 55 വയസ്സിൽ താഴെയുള്ളവരിൽ,
വാക്സീൻ 12 ആഴ്ച ഇടവേളയിലാണു നൽകുന്നതെങ്കിൽ മികച്ച പ്രതിരോധ ശേഷിയുണ്ടാകുന്നു. ആദ്യ ഡോസിൽ തന്നെ പ്രതിരോധ ശേഷി ലഭിക്കുന്നെങ്കിലും ഇതു കാര്യമായി വർധിക്കുന്നതു രണ്ടാം ഡോസിലാണ്.
6 ആഴ്ചത്തെ ഇടവേളയിലാണെങ്കിൽ 55.1% വരെയേ ഫലപ്രാപ്തിയുണ്ടാകുന്നുള്ളൂ.ഹോങ്കോങ് യൂണിവേഴ്സിറ്റി, ഹോങ്കോങ്ങിലെ ക്യൂൻ മേരി ഹോസ്പിറ്റൽ, മേയൊ വാക്സീൻ റിസർച് ഗ്രൂപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘമാണു പഠനം നടത്തിയത്.
കോവാക്സീൻ സുരക്ഷിതം ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സീൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷിയുണ്ടാക്കുന്നതുമാണെന്ന് ലാൻസെറ്റ് പഠനം. ഒന്നാംഘട്ടവുമായുള്ള താരതമ്യത്തിൽ, രണ്ടാംഘട്ട ഫലം കൂടുതൽ മെച്ചപ്പെട്ടതാണ്. ജീവൻ അപകടത്തിലാക്കുന്ന വിപരീത ഫലങ്ങളില്ല. കുത്തിവയ്പെടുക്കുന്ന സ്ഥലത്തെ നേരിയ വേദന, തലവേദന, തളർച്ച, ചെറിയ പനി എന്നിവയാണു റിപ്പോർട്ട് ചെയ്യപ്പെട്ട വിപരീത ഫലങ്ങളെന്നും ലാൻസെറ്റ് ചൂണ്ടിക്കാട്ടി. മൂന്നാംഘട്ട ട്രയലിന്റെ ഇടക്കാല റിപ്പോർട്ടിൽ വാക്സീന് 81% ഫലപ്രാപ്തിയുണ്ടെന്നു ഭാരത് ബയോടെക്ക് അവകാശപ്പെട്ടിരുന്നു.
ഇന്‍ട്രാനാസല്‍ കോവിഡ് വാക്‌സീന്റെ പരീക്ഷണം ആരംഭിച്ചു
മൂക്കില്‍ കൂടി നല്‍കാവുന്ന ഇന്‍ട്രാനാസല്‍ കോവിഡ് വാക്‌സീന്റെ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു. സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കാതെ വാക്‌സീന്‍ നല്‍കാമെന്നാണ് ഇന്‍ട്രാനാസല്‍ വാക്‌സീന്റെ ഗുണം. കൊച്ചുകുട്ടികള്‍ക്കും മറ്റും മരുന്ന് നല്‍കാന്‍ എളുപ്പമാകും. കൂടുതല്‍ വേഗത്തില്‍ മരുന്ന് ആഗീരണം ചെയ്യപ്പെടുമെന്നതും നേട്ടമാണ്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്‌സീന്‍ വികസിപ്പിച്ചത്. കോവാക്‌സീന്‍ പോലെ ഇതും രണ്ട് ഡോസാണ് നല്‍കുന്നത്. ഭാരത് ബയോടെക് വികസിപ്പിച്ച വാക്‌സീന്‍ പത്തു പേര്‍ക്കാണു നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടു പേര്‍ക്കു നല്‍കിയിരുന്നു. ഹൈദരാബാദിനു പുറമേ ആദ്യഘട്ട ട്രയല്‍ പുണെ, ചെന്നൈ, നാഗ്പുര്‍ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ നടക്കും. രാജ്യത്താകെ 175 പേര്‍ക്കാണ് ഇന്‍ട്രാനാസല്‍ വാക്‌സീന്‍ നല്‍കുന്നത്. ചെന്നൈയില്‍ വാക്‌സീന്‍ പരീക്ഷണത്തിന് ബുധനാഴ്ചയാണ് എത്തിക്‌സ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്. മഹാരാഷ്ട്രയില്‍ പരീക്ഷണത്തിനായി അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിൽ കുത്തിവയ്പിൽ റെക്കോർഡ് ഒറ്റദിവസം 20.19 ലക്ഷം പേർക്ക് രാജ്യത്ത് വാക്സീൻ കുത്തിവയ്പിൽ ഒറ്റദിവസം 20.19 ലക്ഷം പേരുടെ റെക്കോർഡ് വർധന. കഴിഞ്ഞദിവസം 20.19 ലക്ഷം പേർക്കാണ് ഒറ്റദിവസം വാക്സീൻ നൽകിയത്. ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരുടെ എണ്ണം രണ്ടര കോടിയോളമായി. ജനസംഖ്യാനുപാതികമായി വാക്സീൻ നൽകുന്നതിൽ ഇന്ത്യ പിന്നിലാണ്. ഓരോ 10 ലക്ഷം പേരിലും 11,675 പേർക്കാണ് ഇന്ത്യയിൽ വാക്സീൻ നൽകിയത്. യുഎസിൽ ഇത് 2.32 ലക്ഷം, യുകെയിൽ 3.14 ലക്ഷം, ഫ്രാൻസ് 71,600, ജർമനി 76,400 എന്ന തോതിൽ നൽകിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.