ന്യൂസിലന്‍ഡിലെ വടക്കന്‍ ദ്വീപില്‍ മണിക്കൂറുകള്‍ ഇടവിട്ട് മൂന്നുതവണയായി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആദ്യം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തുടര്‍ന്ന് 7.4 തീവ്രതയും 8.0 തീവ്രതയും രേഖപ്പെടുത്തിയ രണ്ട് തുടര്‍ചലനങ്ങളുമുണ്ടായി. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.
തുടര്‍ച്ചയായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ആളുകളോട് എത്രയുംവേഗം ഒഴിഞ്ഞുപോകാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രദേശത്ത് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ദ്വീപിലെ തീരനിവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേപ് റണ്‍വേ മുതല്‍ ടൊലാഗ ബേ വരെ തീരത്തിനടുത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ പസഫിക് ദ്വീപസമൂഹങ്ങളായ ന്യൂ കാലിഡോണിയ, വാനുവാടു എന്നിവടങ്ങളില്‍ അതിശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ദ്വീപിന്റെ വടക്കുകിഴക്കായി കെര്‍മാഡെക് ദ്വീപുകളിലാണ് 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. ഇതേ പ്രദേശത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് തൊട്ടുപിന്നാലെയാണിത്.
നേരത്തെ 7.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു വലിയ ഭൂചലനം നോര്‍ത്ത് ദ്വീപിന്റെ കിഴക്ക് 900 കിലോമീറ്റര്‍ അകലെയായി അനുഭവപ്പെട്ടു. ഇവിടെ ആദ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. സുനാമി ബാധിത പ്രദേശങ്ങളിലുള്ളവര്‍ വീട്ടില്‍ താമസിക്കരുതെന്നും ഉടന്‍ തീരത്തുനിന്ന് ഉയര്‍ന്ന സ്ഥലത്തേക്ക് മാറണമെന്നും ന്യൂസിലന്‍ഡിലെ നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (നെമ) ട്വിറ്ററില്‍ കുറിച്ചു. ഈ പ്രദേശങ്ങളില്‍ ചിലയിടത്ത് ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടാവില്ല, പക്ഷേ വിനാശകാരിയായ സുനാമിക്ക് സാധ്യതയുള്ളതിനാല്‍ കുടിയൊഴിപ്പിക്കല്‍ ഉടനുണ്ടവണം- നെമ വ്യക്തമാക്കി.