കഥ: തുടരും
കഥാകൃത്ത്: വി. ജെ .വൈദ്യൻ
തുടർകഥ .........................................................................
"ഒരു പഴയ കഥയാണ് "
ഒരു ശാസ്ത്രസ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ മരണപ്പെട്ടു.
വിധവയായ അയാളുടെ ഭാര്യയ്ക്ക് ആ സ്ഥാപനം ജോലി കൊടുത്തു..
വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന ഒരു സ്ത്രീയായിരുന്നു അവൾ .
മധ്യവയസിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത കാഴ്ചയിൽ അത്ര പോലും പ്രായം മതിക്കാത്ത ,ആർക്കും പ്രിയം തോന്നിക്കുന്ന ഒരുവൾ.
ജോലിയിൽ പ്രവേശിച്ച് കുറച്ച് നാളുകൾക്ക് ശേഷം എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അവൾ ആ ഓഫീസിലെ തന്നെ അറ്റന്ററായ ഒരുവനെ വിവാഹം ചെയ്തു..
പ്യൂണിൽ നിന്ന് അൽപം മാത്രം ഉയർന്ന തസ്തികയിലുള്ള ഒരു അതിസാധാരണക്കാരനായ ഒരാളാൾ.
സാമ്പത്തികമായും അവരേക്കാൾ എത്രയോ താഴ്‌ന്നുനിൽക്കുന്ന അയാളുടെ ഭാര്യയും അകാലത്തിൽ മരിച്ചു പോയതായിരുന്നു
സ്വാഭാവികമായും ആളുകൾ അമ്പരന്നു.
ഇവർക്കിത് എന്തു പറ്റിയെന്ന് എല്ലാവരും പരസ്പരം അത്ഭുതം പങ്കുവെച്ചു.
‘ച്ഛെ.. എന്നാലും അവരങ്ങനെ .. ‘എന്ന് ചിലർ അവരെ അവമതിച്ചു
അവൾക്കങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നു എങ്കിൽ അവരിൽ തന്നെ എത്രയോ പേരുണ്ടായിരുന്നു സന്തോഷത്തോടെ അതിന് തയ്യാറുള്ളതായി.
വിഭാര്യരും ,വിവാഹമേ കഴിക്കാത്തവരുമായ ഒന്നിലധികം പേരുണ്ടായിരുന്നു ശാസ്ത്രജ്ഞരിൽ തന്നെ അവളെ ഇഷ്ടമുള്ളവരായി..
ഈ വിവരം അവളോട് പങ്കുവെച്ച ഭർത്താവിന്റെ സഹപ്രവർത്തകനും അഭ്യുദയകാംക്ഷിയുമായ ഒരാളോട് അതിസാവധാനത്തിലും സംയമനത്തോടുകൂടിയും അവൾ ഇങ്ങനെ പറഞ്ഞു.
“സുഹൃത്തേ..
നിങ്ങളുടെ കരുതലിന് നന്ദി,
അയാളിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നതും , എനിക്ക് വേണ്ടതുമായ ചിലതിനെ കണക്കിലെടുക്കുമ്പോൾ ആൽബ്രട്ട് ഐയൻസ്റ്റയിനോളം പോന്ന അറിവുള്ള ഒരുവനാണ് അവൻ.
അല്ലെങ്കിൽ ഞാൻ വിവാഹം കഴിക്കുന്നത് ആൽബ്രട്ട് ഐയൻസ്റ്റയിനെ ആയിരുന്നു എങ്കിൽ പോലും എനിക്ക് അയാളിൽ നിന്നും വേണ്ടത് ഇത്രമാത്രമായിരുന്നു...“
എത്ര വലിയ സത്യമായ ഒരുത്തരമാണ് അത്.
രണ്ടുദിവസമായി ഭക്ഷണം കഴിക്കാതെ വിശന്ന് പരവശനായി നിൽക്കുന്ന ഒരുവനാണ് നിങ്ങൾ എന്നു കരുതൂ .
നിങ്ങൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി തന്റെ കൈയ്യിൽ ആകെയുള്ള ആ അൻപത് രൂപ എടുത്തുതരുന്നവൻ ഇലോൺ മസ്ക്നോളം ധനികനാവേണ്ടതുണ്ടോ?
ജീവിതം വഴി മുട്ടി തകർന്ന് തളർന്നു നിൽക്കുന്ന നിങ്ങളെ ചേർത്തുപിടിച്ച് നിനക്ക് ഞാനുണ്ട് എന്ന് സ്വന്തം നെഞ്ചിലേക്ക് ചേർക്കുന്നവൻ അർനോൾട് ഷോയിസ്നേഗർ നെ പ്പോലെ മസിലുകളുള്ളവനാവണമെന്നുണ്ടോ?
പനിയും സങ്കടവും കൊണ്ട് തളർന്നുറങ്ങുന്ന നിങ്ങളുടെ മുടിയിഴകൾ കോതിയൊതുക്കി സാരമില്ല എന്ന് നെറ്റിയിൽ ഉമ്മ വെക്കുന്നവൻ രൺബിർ കപൂർ നെ പോലെ പുരുഷ സൗന്ദര്യമുള്ളവൻ ആവണമെന്നുണ്ടോ ?
ഇരുട്ടു നിറഞ്ഞ ഒരു ദുർഘടമുറിയിൽ നിന്ന് നിങ്ങളെ പുറത്തെത്തിക്കാൻ ഒരു മെഴുകുതിരി നാളത്തിനു ചെയ്യാൻ കഴിയുന്നതിനപ്പുറം ഫ്ലഡ് ലൈറ്റുകൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ്?
നിങ്ങളുടെ കഞ്ഞിക്ക് രുചി പകരാൻ രണ്ട് ഉപ്പുകല്ലുകൾ ധാരാളമാണെന്നിരിക്കേ ആളുകൾ കടലിനെ ശുപാർശ ചെയ്യുന്നതെന്തിന് ?
നിങ്ങളെ കാണുന്ന നേരം ഒന്ന് ഓടിവന്ന് കെട്ടിപ്പിടിക്കാൻ അവൻ ഉസൈൻ ബോൾട്ടിനോളം വലിയ ഓട്ടക്കാരനാകുന്നതെന്തിന് ?
കട്ടിലിൽ നിന്നെഴുന്നേൽക്കാൻ സഹായം വേണ്ട ഒരു വൃദ്ധന് നേരെ നീട്ടപ്പെടുന്ന കൈകൾ അപരിഷ്കൃതന്റെയോ പരിഷ്കാരിയുടെയോ ആയാൽ അയാൾക്കെന്ത് ?
അന്ധനായ ഒരുവനെ വഴിമുറിച്ചുകടക്കാൻ സഹായിക്കുന്നത് ഞാനാണോ അംബാനിയാണോ എന്നതിൽ അയാളെ സംബന്ധിച്ച് സത്യത്തിൽ എന്ത് വ്യത്യാസമിരിക്കുന്നു?
അത്രയേ ഉള്ളൂ അതിന്റെ കാര്യം..
നിങ്ങളിൽ എന്ത് എത്രത്തോളമുണ്ട് എന്നതിൽ
വലിയ കാര്യമൊന്നുമില്ല,
അത് ധനമോ, അധികാരമോ ,കരുത്തോ അറിവോ,സൗന്ദര്യമോ എന്തുമാവട്ടെ..
ആവശ്യക്കാരനായ ഒരുവന് ആവശ്യമായ ഒരു സമയത്ത് ആവശ്യമായ അത്രയും അത് നൽകാൻ കഴിയുന്നില്ല എങ്കിൽ അതിനോളം ഉപയോഗശൂന്യമായ മറ്റൊന്നില്ല ഭൂമിയിൽ.....
..... തുടരും
കഥ: തുടരും
കഥാകൃത്ത്: വി. ജെ .വൈദ്യൻ
തുടർകഥ
ശ്രദ്ധിക്കുക : കഥയുടെ എല്ലാ അവകാശങ്ങളും എഴുത്തുകാരനിൽ നിക്ഷിപ്‌തമായിരിക്കും യുക് മി വെബ്‌കൺടെന്റ് അവകാശങ്ങൾ യുക് മി കമ്മ്യൂണിറ്റിയിൽ ആയിരിക്കും