
മലയാളത്തിൻ്റെ സാഹിത്യ - സാംസ്‌കാരിക മേഖലകളിൽ എന്നും സജീവമായിരുന്ന സുഗതകുമാരി ബോധേശ്വരൻ കാര്‍ത്യായനിയമ്മ ദമ്പതികളുടെ മകളായി 1934 ജനുവരി മൂന്നിനാണ് സുഗതകുമാരി ജനിച്ചത്. കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ പിതാവിൻ്റെയും സംസ്‌കൃതം പ്രൊഫസറായിരുന്ന അമ്മയുടെയും ശിക്ഷണത്തിൽ വളർന്ന അവർ പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ എഴുത്തുകളുടെയും വായനകളുടെയും ലോകത്തെത്തി. തത്വശാസ്ത്രത്തില്‍ എംഎ ബിരുദവും സ്വന്തമാക്കി. തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍റെ പ്രിന്‍സിപ്പല്‍, തളിര് മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
സാമൂഹിക ഇടപെടലുകളിൽ സജീവമായി നിലകൊണ്ടു
എഴുത്തിനൊപ്പം സാമൂഹിക ഇടപെടലുകളിൽ സജീവമായിരുന്ന സുഗതകുമാരി സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ, തിരുവനന്തപുരം ജവഹര്‍ ബാലഭവൻ മേധാവിയായും സേവനമനുഷ്ഠിച്ചു. മനുഷ്യരെ പോലെ പ്രകൃതിയേയും കരുതലോടെ കാണണമെന്ന വാദം ഉയർത്തിപ്പിടിച്ച അവർ പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി പദവി വഹിച്ച സുഗതകുമാരി സൈലന്റ് വാലി പ്രക്ഷോഭവും ആഞ്ഞടിച്ചപ്പോൾ 'സേവ് സൈലന്റ് വാലി' പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു.
കൃതികളും പുരസ്‌കാരങ്ങളും
1961ൽ പുറത്തിറങ്ങിയ മുത്തുചിപ്പി എന്ന കൃതിയിലൂടെയാണ് സുഗതകുമാരി എഴുത്തിൻ്റെ വിശാലതയിലേക്ക് പടികടന്ന് എത്തിയത്. സ്വപ്‌നഭൂമി (1965) പാതിരാപ്പൂക്കൾ (1967), പ്രണാമം (1969) എന്നീ കൃതികൾ വായനക്കാരെ പിടിച്ചിരുത്തിയതോടെ മലയാളിയുടെ പ്രിയ എഴുത്തുകാരിലേക്ക് സുഗതകുമാരിയും കടന്നു. പിന്നാലെ രാധയെവിടെ (1995), ദേവദാസി (1998), കുറിഞ്ഞിപ്പൂക്കള്‍ (1987), പാവം മാനവഹൃദയം (1968), രാത്രിമഴ (1972) അമ്പലമണി (1981), കാവുതീണ്ടല്ലേ (1993), ഇരുള്‍ച്ചിറകുകള്‍ (1969), തുലാവര്‍ഷപ്പച്ച (1990), മണലെഴുത്ത് (2006), കൃഷ്‌ണകവിതകള്‍ (1996) എന്നീ കൃതികളും പുറത്തുവന്നു.
പാതിരാപ്പൂക്കൾ കേരളസാഹിത്യ അക്കാദമി അവാർഡ് സ്വന്തമാക്കിയപ്പോൾ രാത്രിമഴ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും സാഹിത്യ പ്രവര്‍ത്തക പുരസ്‌കാരവും സ്വന്തമാക്കി. ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങൾ അമ്പലമണി സ്വന്തമാക്കി. നിരൂപക പ്രശംസ ഏറ്റുവാങ്ങിയ തുലാവർഷപ്പച്ചയ്‌ക്ക് ആശാന്‍ സ്‌മാരക സമിതി - മദ്രാസ് അവാര്‍ഡ് എന്നിവ ലഭിച്ചു. ഏഴുകോൺ ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ് കൃഷ്‌ണക്കവിതകൾ നേടി. മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി, വായാടിക്കിളി, കാടിനു കാവൽ എന്നീ കൃതികളും സുഗതകുമാരിക്ക് അലങ്കാരമായി.
2006ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.