കിംഗ്സ് ഇലവൻ പഞ്ചാവിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് അനായാസ ജയം. 9 വിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. 154 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 18.5 ഓവറിൽ വിജയിക്കുകയായിരുന്നു. 62 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ വിജയത്തിനു ചുക്കാൻ പിടിച്ചത്. ഫാഫ് ഡുപ്ലെസി (48), അമ്പാട്ടി റായുഡു (30) എന്നിവരും ചെന്നൈ സ്കോറീൽ നിർണായക പങ്കു വഹിച്ചു. ചെന്നൈയുടെ തുടച്ചയായ മൂന്നാം ജയമാണ് ഇത്. ഈ തോൽവിയോടെ കിംഗ്സ് ഇലവൻ പ്ലേ ഓഫ് കാണാതെ പുറത്തായി. ചെന്നൈ നേരത്തെ പുറത്തായിരുന്നു.
അനായാസമായിരുന്നു ചെന്നൈയുടെ ചേസ്. ആക്രമിച്ച് കളിച്ച ഫാഫ് ഡുപ്ലെസി തുടക്കം മുതൽ പഞ്ചാബിനെ ബാക്ക്ഫൂട്ടിലാക്കി. ഡുപ്ലെസിക്ക് പിന്തുണ നൽകുക എന്ന ജോലിയായിരുന്നു ഗെയ്ക്‌വാദിന് ഉണ്ടായിരുന്നത്. 10ആമത്തെ ഓവറിലാണ് ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 34 പന്തുകളിൽ 48 റൺസെടുത്ത താരത്തെ ക്രിസ് ജോർഡൻ ലോകേഷ് രാഹുലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഗെയ്ക്‌വാദുമൊത്ത് 82 റൺസിൻ്റെ കൂട്ടുകെട്ടിലും ഫാഫ് പങ്കാളിയായിരുന്നു.
ഫാഫ് പുറത്തായതിനു പിന്നാലെ സ്കോറിംഗ് ചുമത ഏറ്റെടുത്ത ഗെയ്ക്‌വാദ് 38 പന്തുകളിൽ ഫിഫ്റ്റി തികച്ചു. റായുഡുവും റൺ റേറ്റ് താഴാതിരിക്കാൻ ശ്രമിച്ചു. പിഴവുകളൊന്നുമില്ലാതെ ബാറ്റ് ചെയ്ത സഖ്യം ചെന്നൈയെ അനായാസം വിജയിപ്പിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 72 റൺസാണ് കൂട്ടിച്ചേർത്തത്. ഗെയ്ക്‌വാദ് (62), റായുഡു (30) എന്നിവർ പുറത്താവാതെ നിന്നു.