ഫ്രാൻസിലെ പള്ളിയിൽ നടന്ന കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് അധികൃതർ കരുതുന്നു. വ്യാഴാഴ്ച രാവിലെ നൈസിലെ നോട്രേ ഡാം പള്ളിയിൽ നടന്ന ആക്രമണത്തെത്തുടർന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
അക്രമി ആരാധനയ്ക്കെത്തിയ സ്ത്രീയുടെ കഴുത്തറുത്ത് കൊന്നു. രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ ഒൻപതോടെ ആരാധന നടക്കുമ്പോഴായിരുന്നു സംഭവം. പള്ളിക്കുള്ളിൽ കടന്നാണ് ആക്രമണമുണ്ടായത്. ഈ സമയം പള്ളിക്കുള്ളിൽ നിരവധി ആളുകളുണ്ടായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
അക്രമിയെ പോലീസ് പിടികൂടി. ഇയാളെ കീഴടക്കുന്നതിനിടെ പോലീസ് വെടിവച്ചു. പരിക്കേറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം ഭീകരാക്രമണമാണെന്ന് നീസ് മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞു. അക്രമിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഫ്രഞ്ച് ഭീകരവിരുദ്ധ ഏജൻസി അന്വേഷണം തുടങ്ങി. അടുത്തിടെ ഫ്രാൻസിൽ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ അധ്യാപകന്റെ കഴുത്തറത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേർ അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ സംഭവമുണ്ടായത്.
ഇയാൾ തനിച്ച് പ്രവർത്തിച്ചതാണെന്നും മറ്റ് അക്രമികളെ പോലീസ് തിരയുന്നില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. തീവ്രവാദ ബന്ധമുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.