ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു. ബംഗളൂരു ലഹരിമരുന്ന് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപെടലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി.
ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇ ഡി ഇന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം. ബംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് ഹാജരാക്കുക.
കോടതി വളപ്പിൽ ശിവശങ്കറിന് നേരെ കരിങ്കൊടി പ്രതിഷേധം
കോടതി വളപ്പിൽ എം. ശിവശങ്കറിന് നേരെ കരിങ്കൊടി പ്രതിഷേധം. യുഡിഎഫ് പ്രവർത്തകരാണ് ശിവശങ്കറിന് നേരെ കരിങ്കൊടി വീശിയത്. കള്ളപ്പണം വെളുപ്പിൽ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മടങ്ങുമ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്.
ചെന്നൈയില്‍ കനത്ത മഴ; ചിലയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
ചെന്നൈയില്‍ കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശിവശങ്കറിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു; ഉപാധികൾ മുന്നോട്ടുവച്ച് കോടതി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് ചില ഉപാധികളും കോടതി മുന്നോട്ടുവച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ പരാതി ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചു. രണ്ടര മണിക്കൂർ കൂടുതൽ ഇരിക്കാൻ സാധിക്കില്ലെന്നും എം. ശിവശങ്കർ കോടതിയിൽ വ്യക്തമാക്കി. വൈദ്യ സഹായം ആവശ്യപ്പെട്ട് എം ശിവശങ്കറിന്റെ അഭിഭാഷകൻ അപേക്ഷ നൽകി. ശിവശങ്കറിന് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് ഹാജരായി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ്. സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്ന് ശിവശങ്കർ മൊഴി നൽകി. മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു. ഒക്ടോബർ പതിനഞ്ചിനാണ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്. ശിവശങ്കറിന്റെ അറസ്റ്റ് ഓർഡർ ട്വന്റിഫോറിന് ലഭിച്ചു.
ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ശിവശങ്കറിനെ ഹാജരാക്കുക.
രാജ്യത്ത് അൺലോക്ക് 5 നീട്ടി; നവംബർ 30 വരെ തുടരും.
രാജ്യത്ത് അൺലോക്ക് അഞ്ച് നവംബർ 30 വരെ തുടരും. കഴിഞ്ഞ മാസം 30 ന് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക്. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78% രോഗികൾ ഉള്ളത്. നിലവിലെ രോഗികളിൽ 15% കേരളത്തിലാണുള്ളത്. കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ദില്ലി സംസ്ഥാനങ്ങളിൽ ഉത്സവ സീസണുകളിൽ രോഗ വ്യാപനം കൂടി. ഈ സംസ്ഥാനങ്ങളിൽ സാഹചര്യം ആശങ്കജനകമാണ്. ഇവിടങ്ങളിൽ കൊവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനയിൽ വീണ്ടും ഇടിവുണ്ടായതായി രാവിലെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 24 മണിക്കൂറിനിടെ 36,469 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി. ഇന്നലെ 488 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,19,502 പേർ ഇത് വരെ രോഗം ബാധിച്ച് മരിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇന്നലെ 63,842 പേർ കൂടി രോഗ മുക്തി നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ മാത്രമാണ് രാജ്യത്ത് ചികിത്സിയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗ മുക്തി നിരക്ക്.