കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് ഐഎംഎ വ്യക്തമാക്കി.
ഇന്നലെ 11,755 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധ പതിനൊന്നായിരം കടക്കുന്നത്. 7,570 പേരാണ് ഇന്നലെ രോഗമുക്തി ലഭിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് 10,471 പേര്‍ക്കാണ്. 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 ഇന്നലെ സ്ഥിരീകരിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ ശക്തമായ മഴ; മഞ്ഞ അലേര്‍ട്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.മൂന്ന് മണിക്കൂറിനിടെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അടുത്ത ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ഉന്നത സ്വാധീന ശക്തികളിലേക്ക് നീങ്ങുകയാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്റെ നിയമനം മുഖ്യമന്ത്രിയോടെ അറിവോടെയാണെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫേ പോസ ചുമത്തി്. നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ.ഇവരെ വിചാരണ കൂടാതെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.
ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം മഹാരാഷ്ട്രയെ മറികടന്നു. ഇന്നലെ കേരളത്തില്‍ 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 11,416 പേർക്കും കര്‍ണാടകത്തില്‍ 10,517 പേർക്കും രോഗം സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 11,755 പേരില്‍ 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 40 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം ബാധിച്ച 7,570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം :
മലപ്പുറം- 1632, കോഴിക്കോട്- 1324, തിരുവനന്തപുരം- 1310, തൃശൂര്‍- 1208, എറണാകുളം- 1191, കൊല്ലം- 1107, ആലപ്പുഴ- 843, കണ്ണൂര്‍- 727, പാലക്കാട-് 677, കാസര്‍കോട്-539, കോട്ടയം- 523, പത്തനംതിട്ട- 348, വയനാട്-187, ഇടുക്കി- 139
സംസ്ഥാനത്ത് ഇന്നലെ 23 കോവിഡ് മരണങ്ങള്‍.. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയന്‍ (76), അഞ്ചല്‍ സ്വദേശി ജോര്‍ജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശന്‍ (64), വല്ലാര്‍പാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂര്‍ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂര്‍ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യില്‍ സ്വദേശി അബൂബക്കര്‍ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 978 ആയി.
ഇന്നലെ പുതിയ 11 ഹോട്ട് സ്‌പോട്ടുകള്‍.40 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്‌പോട്ടുകള്‍.
കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് കോട്ടയത്ത് അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിഎസ്‌ഐ സഭയുടെ 136 സ്‌ക്കൂളുകളില്‍ ഒഴിവുള്ള അധ്യാപകരെ കണ്ടെത്തി നിയമിക്കാനാണ് പരീക്ഷ നടത്തിയത്. സിഎസ്‌ഐ മധ്യ കേരള മഹാ ഇടവക കോര്‍പറേറ്റ് മാനേജര്‍ ടി ജെ മാത്യുവിനെ പ്രതിയാക്കിയാണ് കേസ് എടുത്തത്.
നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളാപ്പള്ളി ശ്രദ്ധിക്കേണ്ടത്, മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെ അതിനെ വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കരുതെന്നും പിണറായി വിജയന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു പിണറായി.സര്‍ക്കാര്‍ തലത്തില്‍ ഗുരുവിന് ആദരം അര്‍പ്പിക്കണം എന്ന ആലോചനയെ തുടര്‍ന്നാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ഗുരുവിന്റെ പേര് നല്‍കിയതെന്നും പിണറായി.
കള്ളപ്പണ ഇടപാടില്‍ മധ്യസ്ഥം വഹിച്ച പി.ടി. തോമസ് എം.എല്‍.എ. രാജിവെക്കണമെന്ന് സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി സി.എന്‍. മോഹനന്‍. രാജിവെക്കാത്ത പക്ഷം സി.പി.എം. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ അന്തിക്കാട് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. മുറ്റിച്ചൂര്‍ സ്വദേശി സനല്‍ ആണ് കസ്റ്റഡിയിലായത്.
അന്തിക്കാട് മാങ്ങാട്ടുകരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ സി.പി.എം. ആണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംഭവത്തില്‍ മന്ത്രി എ.സി. മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. തന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്.
ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലെപ്പോലെ മികച്ച പരിഗണന ലഭിക്കുന്ന മറ്റൊരു രാജ്യവും ലോകത്തില്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയിലെ മുസ്‌ലിം വിഭാഗക്കാര്‍ ലോകത്ത് മറ്റെവിടെയും ഉള്ളവരെക്കാള്‍ സന്തോഷമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഡിസിജിഐയോട് അനുമതി തേടിയ ഭാരത് ബയോടെകിനോട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പായി രണ്ടാംഘട്ട പരീക്ഷണത്തിന്റെ ഇമ്യൂണോജെനിസിറ്റി വിവരങ്ങള്‍ക്കും സുരക്ഷാ വിവരങ്ങള്‍ക്കുമൊപ്പം ചില വ്യക്തതകള്‍ നല്‍കാൻ ആവശ്യപ്പെട്ട് വിദഗ്ദ സമിതി.
ടി.ആര്‍.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ആരോപണവിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ ജി ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ. ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ഇനി പരസ്യം നല്‍കില്ലെന്നും വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാല്‍ലെയും ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍വി രമണയ്‌ക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്ന് ജഗന്‍മോഹന്‍ റെഡ്ഡി
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ ബി.ജെ.പി. ദേശീയ വക്താവും ഭുവനേശ്വറില്‍ നിന്നുള്ള ലോക്സഭാംഗവുമായ അപരജിത സാരംഗി വിവാദത്തില്‍.
23 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ ജോലിക്കുള്ള റിക്രൂട്ട്മെന്റ് നടപടിയില്‍നിന്ന് അഭിമുഖം ഒഴിവാക്കിയതായി കേന്ദ്ര പേഴ്സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്.
പെണ്‍കുട്ടിയുമായുളള ബന്ധത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ 18-കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹി ആദര്‍ശ് നഗര്‍ സ്വദേശിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ രാഹുലാണ് കൊല്ലപ്പെട്ടത്.
ഹാഥ്റസ് കേസ് അന്വേഷണം ഉത്തര്‍ പ്രദേശ് പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തു. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ജമ്മു കശ്മീരിലേക്ക് കടത്താനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ജമ്മുവിലെ കേരാന്‍ സെക്ടറിലെ നിയന്ത്രണരേഖയിലൂടെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താനുള്ള ശ്രമം നടന്നത്.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 921 പേര്‍ മരിച്ചു. 74,450 പേര്‍കൂടി രോഗികളായി. ഇതുവരെ 1,08,371 പേര്‍ മരിച്ചു. 70,51,543 പേരാണു രോഗബാധിതരായത്. 8.67 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 60.74 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 308 പേര്‍ മരിക്കുകയും 11,416 പേര്‍ രോഗികളാകുകയും ചെയ്തു. 2.21 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 10,517 പേരും തമിഴ്‌നാട്ടില്‍ 5,242 പേരും ആന്ധ്രയില്‍ 5,653 പേരും പുതുതായി രോഗികളായി.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 4,966 പേര്‍കൂടി മരിച്ചു. 3,49,980 പേര്‍ കൂടി രോഗികളായി. ഇതുവരെ 10,77,182 പേര്‍ മരിക്കുകയും 3.74 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 601 പേരും ബ്രസീലില്‍ 544 പേരും മരിച്ചു.
കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ത്രിതല ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങി ബ്രിട്ടന്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിയന്ത്രണങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്.
അഴിമതി കേസുകളില്‍ പ്രതിയായ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നവംബര്‍ 24നകം ഹാജരാകണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഹാജരായില്ലെങ്കില്‍ നവാസ് ഷെരീഫിനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി.
ചൈനയുടെ നിലപാടില്‍ മാറ്റം കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ കൊണ്ടോ കരാറുകള്‍ കൊണ്ടോ സാധിക്കില്ലെന്ന് മനസ്സിലാക്കാനുള്ള സമയമായെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് കമ്പനി. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും തിരഞ്ഞെടുപ്പ് പ്രക്രിയയെയും ഫലത്തെയും അട്ടിമറിക്കുന്ന ഇടപെടലുകള്‍ തടയുകയുമാണ് ട്വിറ്ററിന്റെ ലക്ഷ്യം.
ആവേശം ആകാശത്തോളം നിറഞ്ഞ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് അവിശ്വസനീയമായ രീതിയില്‍ തോല്‍വി വഴങ്ങുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ.
ഐ.പി.എല്ലിലെ രണ്ടാമത്തെ മത്‌സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെ 37 റണ്‍സിന് തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്. ചെന്നൈയുടെ അഞ്ചാം തോല്‍വിയും.
പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയാറ്റെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. പത്തൊന്‍പതുകാരിയായ ഇഗ സ്വിയാറ്റെക്ക് ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനെ തോല്‍പ്പിച്ചാണ് കന്നിക്കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4,6-1. ഈ വിജയത്തോടെ ആദ്യമായി ഗ്രാന്‍ഡ്സ്ലാം നേടുന്ന പോളിഷ് വനിതാതാരം എന്ന റെക്കോഡ് ഇഗ സ്വന്തമാക്കി.
ഷിബു ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ബനേര്‍ഘട്ട'എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നവാഗതനായ വിഷ്ണു നാരായണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ദീര്‍ഘമായ 22 വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ സിബി മലയില്‍ സംവിധായകനും രഞ്ജിത് നിര്‍മ്മാതാവുമാണ്. കോഴിക്കോടാണ് ഷൂട്ടിംഗ് നടക്കുന്നത്. 1998-ല്‍ റിലീസായ 'സമ്മര്‍ ഇന്‍ ബെത്ലഹേം' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവിലായി ഒന്നിച്ചത്.