ആകാശവാണി വാര്‍ത്തകള്‍ | കേരളം |


ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. നീതി കിട്ടുംവരെ സമരമെന്ന് പ്രിയങ്ക ഗാന്ധിയും. ഹാത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. കുടുംബത്തിനു യുപി സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബം വിശദീകരിച്ചു.

ഹാത്രസ് ബലാത്സംഗ കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചതിനു പിറകേയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

നാടകീയ നീക്കങ്ങള്‍ക്കുശേഷം രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും അടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കളാണ് ഹാത്രസില്‍ എത്തിയത്. മുപ്പതിലേറെ എംപിമാരടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍നിന്ന് ഹാത്രസിലേക്കു പുറപ്പെട്ടത്. വഴിമധ്യേ അനേകായിരം പ്രവര്‍ത്തകര്‍ ഇവരുടെ വാഹനങ്ങളെ അനുഗമിച്ചു. യുപി അതിര്‍ത്തിയില്‍ പോലീസ് ഇവരെ തടഞ്ഞ് ലാത്തിച്ചാര്‍ജ് നടത്തി. ഒടുവില്‍ അഞ്ചു പേരെ ഹാത്രസിലേക്കു പോകാന്‍ അനുവദിക്കുകയായിരുന്നു.

കോവിഡ് വ്യാപനം തടയാന്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ. കളക്ടര്‍മാരാണ് ഈ മാസം അവസാനം വരേയും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുത്. ആരാധനാലയങ്ങളില്‍ അടക്കമുള്ള പൊതു പരിപാടികളില്‍ പരമാവധി 20 പേരേ പങ്കെടുക്കാവു. നിരോധനാജ്ഞയുടെ ആദ്യ ദിവസമായ ഇന്നലെ വ്യാപകമായ നിയമലംഘനമോ നടപടികളോ ഉണ്ടായില്ല.

സംസ്ഥാനത്തെ കോവിഡ് നോഡല്‍ ഓഫീസര്‍മാരായ ഡോക്ടര്‍മാരെല്ലാം രാജിവച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ നോഡല്‍ ഓഫീസറായ ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ കൂട്ടരാജി. തിരുവനന്തപുരത്തു നിരോധനാജ്ഞ ലംഘിച്ചു സമരവും പ്രകടനവും നടത്തിയ ഡോക്ടര്‍മാര്‍ റിലേ നിരാഹാര സമരവും ആരംഭിച്ചു.

കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി. ജീവനക്കാരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും അവസാനിപ്പിക്കും. ജീവനക്കാരുടെ വീക്ക്ലി, ഡ്യൂട്ടി കോമ്പന്‍സേറ്ററി അവധികള്‍ അനുവദിക്കും. നിരീക്ഷണ അവധി റദ്ദാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടന.

വായ്പകളില്‍ പലിശയിന്മേലുള്ള പിഴപ്പലിശ ഒഴിവാക്കാനുള്ള നീക്കം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വിവിധ വായ്പകള്‍ വാങ്ങിയവര്‍ക്കും ആശ്വാസമാകും. വിദ്യാഭ്യാസ, ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയ്‌ക്കെല്ലാം ഇത് ബാധകമാകും. മാര്‍ച്ചു മുതല്‍ ആറു മാസത്തെ രണ്ടുകോടി രൂപവരെയുള്ള വായ്പയുടെ തിരിച്ചടവിനാണ് പിഴപ്പലിശ ഒഴിവാക്കുക. തിങ്കളാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കുന്നുണ്ട്.

ലഹരിമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച ചോദ്യം ചെയ്യും. ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകന്‍ പി.എ. ഫൈസലിന്റെ കോഫെപോസ നിയമമനുസരിച്ചുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര റവന്യു ഡിപ്പാര്‍ട്മെന്റും ഡിആര്‍ഐയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിരന്തരം സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെടുന്നവരുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കുന്നത് തെറ്റാണെന്ന് കേന്ദ്രം.

കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പരിപാടികളിലടക്കം 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കൂടുതല്‍ പിഴ ചുമത്തും. മാനദണ്ഡം പാലിക്കാത്ത കടകള്‍ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇന്നലെ 7834 പേര്‍ക്കുകൂടി കോവിഡ്19. 22 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 813 ആയി. 80,818 പേരാണ് ചികിത്സയിലുള്ളത്. 2,51,286 പേര്‍ നിരീക്ഷണത്തിലുണ്ട്. 24 മണിക്കൂറിനിടെ 54,563 സാമ്പിളുകള്‍ പരിശോധിച്ചു. മുന്‍ദിവസത്തേക്കാള്‍ പതിനായിരത്തോളം പരിശോധന കുറച്ചതിന് ആനുപാതികമായി രോഗികളുടെ എണ്ണവും കുറഞ്ഞു. ഇന്നലെ രോഗമുക്തരായ 4,476 പേരടക്കം 1,39,620 പേര്‍ ഇതുവരെ കോവിഡ്മുക്തരായി. പുതിയ 32 ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഒഴിവാക്കി. ആകെ 724 ഹോട്ട് സ്‌പോട്ടുകള്‍.

സമ്പര്‍ക്കത്തിലൂടെ 6850 പേര്‍ക്കു രോഗം ബാധിച്ചു. 648 പേരുടെ ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 49 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81.

കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആള്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്‌റഫ് (49), അരക്കിനാര്‍ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരന്‍ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമന്‍തളി സ്വദേശി പി. സുധാകരന്‍ (65), അയിക്കര സ്വദേശി അജേഷ് കുമാര്‍ (40), അലവില്‍ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രന്‍ (68), എടയന്നൂര്‍ സ്വദേശി ഭാസ്‌കരന്‍ (75), കാസര്‍ഗോഡ് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67).

ലൈഫ് മിഷന്‍ ക്രമക്കേടില്‍ പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എ കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിക്കാനായാണ് എത്തിയതെന്ന് അനില്‍ അക്കര. നേരത്തെ തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥരും മൊഴി നല്‍കാന്‍ സിബിഐ ഓഫീസില്‍ എത്തിയിരുന്നു.

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ബന്ധുവായ ഡോക്ടറും സീരിയല്‍ നടനും കൂട്ടാളിയും അറസ്റ്റില്‍. യുവതിയുടെ ബന്ധുവായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്ത ഡോക്ടര്‍, സീരിയല്‍ നടനായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീര്‍ ഖാന്‍, സുഹൃത്ത് നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

നവീകരിച്ച 90 സ്‌കൂളുകളുടെ ഉദ്ഘാടനവും 54 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ വരുന്ന സഹചര്യമാണുള്ളതെന്ന്  അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 141 വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി അഞ്ച് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ രക്ഷാബന്ധന്‍ അനുവദിക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. അനുമതിയില്ലാതെ സമാനമായ പരിപാടികള്‍ നടത്തുന്നതും വിലക്കി.

സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്വര്‍ണം അയച്ചവരേയും സ്വീകരിച്ചവരേയും കണ്ടെത്തും. ഒത്താശ ചെയ്തവരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തെളിവുകളുമുണ്ട്.  സംസ്ഥാനത്തെ സിപിഎമ്മിന് അതേക്കുറിച്ച് വേവലാതിപ്പെടേണ്ടെന്നും കേന്ദ്രമന്ത്രി മുരളീധരന്‍.

കോവിഡ് വ്യാപനംമൂലം കൊല്ലത്തെ മല്‍സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു. തങ്കശേരി, വാടി, മൂദാക്കര, ജ്യോനകപുറം, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലെ ഹാര്‍ബറുകളാണ് അടച്ചത്. കൊല്ലം തീരത്തെ മല്‍സ്യബന്ധനവും നിരോധിച്ചു.

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള രാമകൃഷ്ണന്റെ അപേക്ഷ സംഗീത നാടക അക്കാദമി തള്ളിയതിനെതിരേ രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഒറ്റയാള്‍ സമരം നടത്തിയിരുന്നു.

ഹാത്രസ് കൂട്ടബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധറാലി. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, പ്രതിമ മണ്ഡല്‍ തുടങ്ങിയ എംപിമാരെ ഹാത്രസില്‍ യുപി പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

ഹാത്രസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് പ്രാദേശിക ഭരണകൂടമാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി എച്ച് സി അവസ്തി.

ഹാത്രസ് കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. ഗുരുതര വീഴ്ച വരുത്തിയ പോലീസ്,  മെഡിക്കല്‍ ഓഫീസര്‍മാരെ പിരിച്ചുവിടണം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണം. ഹര്‍ജി സമര്‍പ്പിച്ച സുഷമ മൗര്യ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഹാത്രസ് യാത്രയില്‍ യുപി പോലീസിന്റെ ലാത്തിച്ചാര്‍ജിനു മുന്നിലേക്കു ചാടിവീണ് പ്രവര്‍ത്തകരെ സംരക്ഷിച്ച് എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് പ്രിയങ്ക ഗാന്ധി പോലീസിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിലയുറപ്പിച്ച് ലാത്തിയടി അവസാനിപ്പിച്ചത്.

ഹാത്രസിലേക്കുള്ള കോണ്‍ഗ്രസ് എംപിമാരുടെ യാത്രയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഡ്രൈവറായി. രാഹുല്‍ഗാന്ധി സഞ്ചരിച്ച വാഹനത്തിലാണ് സഹോദരി പ്രിയങ്ക ഡ്രൈവിംഗ് സീറ്റിലിരുന്നത്. ഇവര്‍ക്കു പിറകേ രണ്ടു വാഹനങ്ങളിലായാണ് ശശി തരൂര്‍ അടക്കമുള്ള 32 എംപിമാര്‍ സഞ്ചരിച്ചത്.

ഒരു പ്രദേശത്തുനിന്ന് എത്ര വോട്ടു കിട്ടി എന്നതിനെ അടിസ്ഥാനമാക്കിയല്ല ആ പ്രദേശത്തെ വികസന പദ്ധതികളെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ പ്രദേശില്‍ അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ അംഗമായ ഡോ. സുധീര്‍ ഗുപ്തയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഹര്‍ഷ് വര്‍ധന്‍ ലോധയെ എംപി ബിര്‍ള ഗ്രൂപ്പിലെ എല്ലാപദവികളില്‍നിന്നും പുറത്താക്കിയ കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. കേസില്‍ കനത്ത തിരിച്ചടിയാണ് ലോധക്കുണ്ടായതെന്ന് ബിര്‍ള ഗ്രൂപ്പ്.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 937 പേര്‍കൂടി മരിച്ചു. 75,479 പേര്‍കൂടി രോഗികളായി. ഇതുവരെ1,01,812 പേരാണു മരിച്ചത്. 65,47,413 പേര്‍കൂടി രോഗികളായി. 9.37 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 55.06 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രിയില്‍ ഇന്നലെ 278 പേര്‍കൂടി മരിക്കുകയും 14,348 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 2.58 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 9,886 പേരും ആന്ധ്രയില്‍ 6,224 പേരും തമിഴ്‌നാട്ടില്‍ 5,622 പേരും പുതുതായി രോഗികളായി.

ലോകത്ത് കോവിഡ് ബാധിച്ച് 4,761 പേര്‍കൂടി മരിച്ചു. 2,93,074 പേര്‍കൂടി രോഗികളായി. ഇതുവരെ 10,37,494 പേരാണു മരിച്ചത്. 3.51 കോടി ജനങ്ങള്‍ രോഗബാധിതരായി. അമേരിക്കയില്‍ 749 പേരും ബ്രസീലില്‍ 580 പേരും മെക്‌സിക്കോയില്‍ 414 പേരും ഇന്നലെ മരിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീര്‍ത്ഥാടനം പുനഃരാരംഭിച്ചത്. ഒരു ദിവസം ആറായിരം പേര്‍ക്കു മാത്രമാണ് ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം. കൊല്‍ക്കത്ത അവസാനനിമിഷം വരെ പൊരുതിയാണ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പൃഥ്വിഷായുടെയും അര്‍ധസെഞ്ചുറികളുമായി നാലു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ ആണിത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു. ബാംഗ്ലൂരിന്റെ മൂന്നാം ജയമാണിത്. അര്‍ധ സെഞ്ചുറി നേടിയ ദേവദത്ത് പടിക്കലും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ബാംഗ്ലൂരിന്റെ ജയം എളുപ്പമാക്കിയത്.

ഐപിഎലില്‍ ഇന്നു മൂന്നരയ്ക്ക് മുംബൈ- ഹൈദരാബാദ് മല്‍സരം. ഏഴരയ്ക്ക് പഞ്ചാബ് ചെന്നൈയെ നേരിടും.

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളിക്കു ശ്രമം. ഐപിഎല്‍ ടീം അംഗങ്ങളിലൊരാളെ വാതുവെപ്പുകാര്‍ സമീപിച്ചു. ഈ കളിക്കാരന്‍ ബിസിസിഐ അഴിമതിവരുദ്ധ സമിതിയെ വിവരം അറിയിച്ചു. സമിതി അധ്യക്ഷന്‍ അജിത് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാതുവയ്പിനു സമീപച്ചയാളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും രാജസ്ഥാന്‍ പോലീസിലെ മുന്‍ ഡിജിപി കൂടിയായ അജിത് സിംഗ് പറഞ്ഞു.

വെനസ്വേലന്‍ എണ്ണ വിതരണം കുറയുന്നതിന് പകരമായി പ്രതിമാസം രണ്ട് ദശലക്ഷം ബാരല്‍ കനേഡിയന്‍ ഹെവി ക്രൂഡ് വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തീരുമാനിച്ചു. കാനഡയെ സംബന്ധിച്ചിടത്തോളം വലിയ കരാറാണിത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെനിസ്വേലയുടെ ക്രൂഡ് ഉല്‍പാദനം പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ് ഉപരോധം മൂലം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വാങ്ങലുകാര്‍ക്ക് എണ്ണ വില്‍ക്കാന്‍ വെനസ്വേലയ്ക്ക് കഴിയാത്ത സ്ഥിതിയാണ്.

വോഡഫോണും ഐഡിയയും സംയോജിച്ച് പുതിയ ബ്രാന്‍ഡായി മാറിയ വിഐ പുതിയ പ്രീപെയ്ഡ് ഡാറ്റ പ്ലാന്‍ പുറത്തിറക്കി.  പ്ലാനിന് കീഴില്‍ ഉപയോക്താവിന്  100 ജിബി 4 ജി ഡാറ്റ 351 രൂപയ്ക്കാണ് ലഭിക്കുക. 56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എന്നാല്‍ മറ്റ് ഡാറ്റ പ്ലാനുകള്‍ പോലെ ഒരു പ്രതിദിന പരിധി ഈ പ്ലാനിന് ഉണ്ടാവില്ല.

ഹൃദയഹാരിയായ ഒരു പിടി ഗാനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ആനന്ദ കല്യാണത്തിലെ  മൂന്നാമത്തെ ഗാനം റിലീസായി. പത്മശ്രീ സുരേഷ് ഗോപി.എം.പി ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്‌സ് ബുക്കിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. പി.കെ.സുനില്‍കുമാറും ജ്യോത്സ്‌നയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി   ആദ്യമായി പാടിയത് ഈ  സിനിമയിലാണ്. സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്  അഷ്‌കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ തമിഴ് ഗാനം യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേര്‍ന്നാണ്  ഒരുക്കിയത്. രാജേഷ് ബാബു കെശൂരനാടാണ് ഈണം നല്‍കിയത്.

ധ്യാന്‍ ശ്രീനിവാസനും ഗോകുല്‍ സുരേഷും ഒന്നിക്കുന്ന 'സായാഹ്ന വാര്‍ത്തകള്‍' ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ, ആനന്ദ് മന്മഥന്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നു. ഭാരത് സ്‌കില്‍ യോജന എന്ന തൊഴില്‍ നൈപുണ്യ പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്ന തരത്തിലാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്.

ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചു. നിയോടെക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ എത്തുന്നുണ്ട്. 4.30 ലക്ഷം രൂപ മുതല്‍ 4.84 ലക്ഷം രൂപ വരെയാണ് നിയോടെക്കിന്റെ എക്സ്ഷോറും വില.

ജീവിതത്തില്‍ സൗന്ദര്യവും ശക്തിയും വേഗതയും ജയിക്കുമ്പോള്‍ കഥയില്‍ വിരൂപന്മാരും ദുര്‍ബലരും വേഗം കുറഞ്ഞവരും ജയിക്കുന്നു. ജീവിതത്തില്‍ മുയല്‍ ജയിക്കുമ്പോള്‍ കഥയില്‍ ആമയും ജീവിതം നിയമത്തെക്കുറിച്ച് പറയുമ്പോള്‍ കഥ നീതിയെക്കുറിച്ച് പറയുന്നു. 'നാടോടിക്കഥ ഉടലും ഉയിരും'.  ഡോ. കെ.എം. അനില്‍. കേരള ഭാഷ ഇന്‍സ്‌ററിറ്റിയൂട്ട്. വില 100 രൂപ.

ആകാശവാണി വാർത്തകൾ 04-10-2020 ഇവിടെ ക്ലിക്ക് ചെയ്യുക



യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...