കൊവിഡ് ലോക്ക് ഡൗണ്‍ അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം. കൂടാതെ സ്‌കൂളുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാം. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള അമ്യൂസ്മെന്‍മെന്റ് പാര്‍ക്കുകള്‍ തുറക്കാം. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് നടത്താവുന്നതാണ്.
ഒക്ടോബര്‍ 15-ന് ശേഷം സ്‌കൂളുകളും കോച്ചിങ് സ്ഥാപനങ്ങളും തുറക്കുന്നതിന് തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കി. രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാകണം ഇത്.
സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ആലോചനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഘട്ടം ഘട്ടമായി ആയിരിക്കും ഇത്. ഇക്കാര്യം മാനേജുമെന്റുമായി ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുമതിയുണ്ടാകും. ഹാജര്‍ നിര്‍ബന്ധമാക്കില്ല. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികളെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാവൂ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകള്‍ എന്നിവ തുറക്കുമ്പോള്‍ വിദൂര വിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും അവസരം നല്‍കണം. സയന്‍സ് വിഷയത്തിലെ ഉന്നത പഠനത്തിന് ലാബ് സൗകര്യം ലഭ്യമാക്കാനും അവസരം നല്‍കണം. കേന്ദ്ര സര്‍വകലാശാലകളില്‍ വിസിമാരും മറ്റ് സ്ഥാപനങ്ങളില്‍ ലാബ് സൗകര്യം ഒഴികെയുള്ള കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആയിരിക്കും തീരുമാനമെടുക്കുക. നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സാമൂഹികം, കായികം, സാസ്‌കാരികം, മതം, രാഷ്ട്രീയം തുടങ്ങിയ പരിപാടികള്‍ക്ക് പരാമവധി പങ്കെടുക്കാനുള്ള അനുമതി 100 പേര്‍ക്കാണ്. നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഇതില്‍ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. കണ്‍ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തയിടങ്ങളിലാണ് ഈ ഇളവുകള്‍.
കേന്ദ്ര സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗണ്‍ (സംസ്ഥാന/ജില്ല/സബ് ഡിവിഷന്‍/നഗര/വില്ലേജ് തല) പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും പാടില്ലെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
GoI issues new guidelines for 'Re-opening'; cinema halls/multiplexes, swimming pools used for training of sportspersons & entertainment parks to re-open from 15th Oct
— ANI (@ANI) September 30, 2020
For re-opening of schools, States given flexibility to take a decision after Oct 15, parental consent required pic.twitter.com/KCoQ9E6HJr