സര്‍വകലാശാല പരീക്ഷകള്‍ നടത്താന്‍ യുജിസിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയും ഇസ്രായേലും തമ്മില്‍ ചരിത്രപരമായ കരാര്‍. പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് ഇസ്രായേല്‍ നിര്‍ത്തിവയ്ക്കും. യുഎഇയും ഇസ്രായേലും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണു കരാറുണ്ടാക്കിയതെന്ന് വൈറ്റ് ഹൗസ്.
അടുത്ത മാസത്തോടെ സംസ്ഥാനത്തു കൊവിഡ് വ്യാപനം ദിവസേന ഇരുപതിനായിരം വരെയാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മരണസംഖ്യയും വര്‍ധിക്കും. രോഗവ്യാപനം കൂടുന്ന സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി.
കേരളത്തില്‍ ഇന്നലെ 1,564 പേര്‍ക്ക് കോവിഡ്-19. സമ്പര്‍ക്കത്തിലൂടെ 1,380 പേര്‍ക്കു രോഗം ബാധിച്ചു. 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് 13,839 പേരാണ് കോവിഡ് ചികില്‍സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 766 പേരടക്കം 25,692 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. 544 ഹോട്ട് സ്‌പോട്ടുകള്‍.
ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 434, പാലക്കാട്, മലപ്പുറം 202 വീതം, എറണാകുളം 115, കോഴിക്കോട് 98, കാസര്‍കോട് 79, പത്തനംതിട്ട, തൃശൂര്‍ 75 പേര്‍ വീതം, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂര്‍, വയനാട് 27 പേര്‍ വീതം.
കോവിഡ് മൂലം ഇന്നലെ മൂന്നു മരണം. ഓഗസ്റ്റ് ഏഴിന് മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ഓഗസ്റ്റ് എട്ടിന് മരിച്ച കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ഓഗസ്റ്റ് 10ന് മരിച്ച മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി.
കേരളത്തില്‍ 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊരട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്),7 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1,5,11,12,13), ഒതുക്കുങ്ങല്‍ (3,4,5,6,12,13,14,15,16,17,18, 19), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2), കോഴിക്കോട് ജില്ലയിലെ ബാലുശേരി (4,11), കൊല്ലം ജില്ലയിലെ വെളിയം (19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
പന്ത്രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (വാര്‍ഡ് 16), വടക്കാഞ്ചേരി (12, 13, 14), എരിമയൂര്‍ (10, 13), തൃശൂര്‍ ജില്ലയിലെ കുഴൂര്‍ (6), താന്ന്യം (18), എറണാകുളം ജില്ലയിലെ ഏഴിക്കര (8, 9), പായിപ്ര (8), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (1, 2, 3, 4), വയനാട് ജില്ലയിലെ നെന്മേനി (1), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 5, 6, 11, 12, 13, 18, 19), കൊല്ലം ജില്ലയിലെ തൊടിയൂര്‍ (15, 16, 19, 20), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
കോവിഡ് സ്രവ സാംപിള്‍ ശേഖരണം ഇനി മുതല്‍ നഴ്‌സുമാര്‍ നിര്‍വഹിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോക്ടര്‍മാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണെന്നും നഴ്‌സുമാര്‍ക്ക് അധികഭാരം ചുമത്തരുതെന്നും കെജിഎന്‍എ.
കോഴിക്കോട് വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയ മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിനും രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ്. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ക്കും ഫയര്‍മാനുമാണ് രോഗം. രക്ഷാപ്രവര്‍ത്തനത്തിനുശേഷം ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് പാളയത്തെ സ്വര്‍ണാഭരണ മൊത്തവില്‍പനശാലയില്‍നിന്ന് കണക്കില്‍പെടാത്ത മൂന്നര കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഗോവിന്ദപുരത്തെ സ്വര്‍ണാഭരണ ശാലയില്‍ റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
കരിപ്പൂര്‍ വിമാനദുരന്തം അഞ്ചംഗ സംഘം അന്വേഷിക്കുമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ. ക്യാപ്റ്റന്‍ എസ്.എസ്. ഛഹാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അഞ്ചുമാസത്തിനുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പത്തനംതിട്ടയില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മത്തായി കിണറില്‍ വീണു മരിച്ച സംഭവത്തില്‍ ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പോലീസ് കേസിനെ ആത്മഹത്യരീതിയില്‍ സമീപിച്ചത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. 21 നു ഹര്‍ജി വീണ്ടും പരിഗണിക്കും.
കോവിഡ് കാലത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന പ്രതിപക്ഷ നീക്കം അനുചിതവും രാജ്യദ്രോഹവുമെന്ന് മന്ത്രി എ.കെ ബാലന്‍. അവിശ്വാസ പ്രമേയം കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷവും എല്‍ഡിഎഫിനാണ്. ബാലന്‍ പറഞ്ഞു.
തിരുവനന്തപുരം വലിയതുറയിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കോവിഡ്. വലിയുതറ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്യാമ്പിലാണ് ഇത്രയും പേര്‍ക്കു രോഗം കണ്ടെത്തിയത്.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ കോവിഡ് ബാധിതയായ യുവതിക്കു സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയാണ് യാത്രാമധ്യേ ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു പ്രസവം.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടസ്ഥലത്ത് സംഗീതരംഗത്തെ പ്രമുഖനെ കണ്ടെന്ന് കലാഭവന്‍ സോബി സിബിഐക്കു മൊഴി നല്‍കി. എന്നാല്‍ ആരാണെന്ന് പറഞ്ഞിട്ടില്ല. സിബിഐ അന്വേഷിച്ച് കണ്ടെത്തണം. കണ്ടെത്താനായില്ലെങ്കില്‍ ബ്രയിന്‍ മാപ്പിങ്ങിനു വിധേയനാക്കി കണ്ടുപിടിക്കട്ടെയെന്നും കലാഭവന്‍ സോബി ജോര്‍ജ്.
കാസര്‍കോട് വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലില്‍ പതിനാറു വയസുള്ള ആന്‍മേരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം. പെണ്‍കുട്ടിയുടെ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തി സ്വത്ത് സ്വന്തമാക്കാനാണ് എല്ലാവരേയും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണം ആയിരം കടന്നു. ഇന്നലെ 1,006 പേരാണു മരിച്ചത്. 64,142 പേര്‍ രോഗികളായി. ഇതുവരെ 48,144 പേര്‍ മരിക്കുകയും 24,59,613 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 6.60 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 17.50 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 413 പേര്‍കൂടി മരിച്ചു. 11,813 പേര്‍കൂടി രോഗികളായി. 1.49 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 119 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,836 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 9,996 പേരും കര്‍ണാടകത്തില്‍ 6,706 പേരും യുപിയില്‍ 4,537 പേരും പുതുതായി രോഗികളായി.
രാജസ്ഥാനില്‍ അശോക് ഗഹലോത്ത് സര്‍ക്കാരിനെതിരെ ഇന്ന് ബിജെപിയുടെ അവിശ്വാസ പ്രമേയം. ഇന്നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം വരും. ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരായ ബിജെപി എംഎല്‍എയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ഇഐഎ കരട് വിജ്ഞാപനം മറ്റു ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിനു ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെയാണ് ഹൈക്കോടതി നടപടി ആരംഭിച്ചത്. കരട് മറ്റു ഭാഷകളില്‍ പ്രസിദ്ധീകരിച്ചുകൂടേയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ.
ഇഐഎ കരട് വിജ്ഞാപനം 22 പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിച്ചു.
ബിജെപിയുമായി അടുത്തതിന് കെ.കെ. സെല്‍വം എംഎല്‍എയെ ഡിഎംകെയില്‍നിന്ന് പുറത്താക്കി. പത്തു ദിവസംമുമ്പ് സെല്‍വത്തെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
മാലദ്വീപ് തലസ്ഥാനമായ മാലിയുമായി സമീപത്തുള്ള മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി ഇന്ത്യ 50 കോടി ഡോളര്‍ നല്‍കും. പ്രദേശത്ത് ഇന്ത്യയുടെ സ്വാധീനം മെച്ചപ്പെടുത്തുന്നതിനാണ് ഈ നീക്കം. ഈ മേഖലയില്‍ ചൈനയും നോട്ടമിട്ടിരുന്നു.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 6,201 പേര്‍കൂടി മരിച്ചു. 2,66,446 പേര്‍കൂടി രോഗികളായി. ഇതുവരെ 7,52,607 പേരാണു മരിച്ചത്. രോഗബാധിതരുടെ എണ്ണം 2.10 കോടിയായി. ബ്രസീലില്‍ 1,200 പേരും അമേരിക്കയില്‍ 1,229 പേരും മെക്‌സിക്കോയില്‍ 737 പേരും ഇന്നലെ മരിച്ചു. ഇതുവരെ 1.70 ലക്ഷം പേര്‍ മരിച്ച അമേരിക്കയില്‍ 54,14 ലക്ഷം പേര്‍ രോഗബാധിതരായി.
ബ്രസീലില്‍നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് ഉണ്ടെന്ന് ചൈന. ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കരുതലോടെ ഉപയോഗിക്കണമെന്ന് നിര്‍ദേശം.
ക്വാറന്റീന്‍ ലംഘിച്ച് നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതിന് ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയ്ക്ക് മലേഷ്യയില്‍ അഞ്ചുമാസം തടവ്. കേദ സംസ്ഥാനത്ത് ഭക്ഷണശാല നടത്തുന്ന 57 വയസുള്ള ഇന്ത്യക്കാരനെയാണ് ശിക്ഷിച്ചത്. പേര് മലേഷ്യ പുറത്തുവിട്ടില്ല.
ഈ മാസം 31ന് ആരംഭിക്കുന്ന യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് മല്‍സരിക്കും. കോവിഡ് ഭീതിമൂലം നിലവിലുള്ള ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും കാല്‍മുട്ടില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന സ്വിറ്റസര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും മല്‍സരിക്കില്ല.
പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ മഴഭീഷണി. പാക്കിസ്ഥാന്‍ തകര്‍ച്ചയിലാണ്. സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാന്‍ 45.4 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചിന് 126 എന്ന നിലയിലാണ്.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു സൂപ്പര്‍ പോരാട്ടം. സ്പാനിഷ് ടീമായ ബാഴ്‌സലോണയും ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണികും തമ്മിലാണ് തീപാറുന്ന പോരാട്ടം. ബാഴ്‌സയുടെ മെസിയും ബയേണിന്റെ റോബര്‍ട്ട് ലെവന്‍ ഡോവ്‌സ്‌കിയും തമ്മിലുള്ള മല്‍സരം രാത്രി പന്ത്രണ്ടരയ്ക്കാണ്.
ഐപിഎല്‍ മല്‍സരത്തിന് എം.എസ്. ധോണി ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ധോണിക്കു കോവിഡ് രോഗമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മല്‍സരം നടക്കുന്ന യുഎഇയിലേക്ക് ഈ മാസം 21 ന് തിരിക്കും. കുടുംബപരമായ കാര്യങ്ങളുള്ളതിനാല്‍ രവീന്ദ്ര ജഡേജ പരിശീലന ക്യാമ്പില്‍ പങ്കെടുക്കില്ല. എന്നാല്‍ ടീമിനൊപ്പം യുഎഇയിലേക്കു പോകും.
കമ്പനിയില്‍ നിന്നും കാല്‍ഭാഗം ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ച് മോസില്ല. 250 പേരെയാണ് പിരിച്ച് വിട്ടത്. 750 ജീവനക്കാരെ വച്ച് മുന്നോട്ട് പോവാനാണ് തീരുമാനം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ഇനിയുള്ള ലക്ഷ്യം. ജീവനക്കാരെ പിരിച്ചുവിട്ടതോടെ കമ്പനിയുടെ തായ്പേയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
ഗൂഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. ആദ്യമായി ഗൂഗിള്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഉണ്ടാക്കുക. നിലവില്‍ ഗൂഗിള്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പേരു സേര്‍ച് ചെയ്യുകയോ അല്ലെങ്കില്‍ 'ആഡ് മി ടു സേര്‍ച്ച്' എന്നു സേര്‍ച്ചു ചെയ്യുക. തുടര്‍ന്നു ലഭ്യമാകുന്ന പ്രോംപ്റ്റില്‍ ടാപ്പു ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പീപ്പിള്‍ കാര്‍ഡ് സജ്ജമാക്കാനുള്ള ഫോം തെളിഞ്ഞുവരും. ഗൂഗിള്‍ അക്കൗണ്ടിലെ ചിത്രം തന്നെ ഉപയോഗിക്കാം. പിന്നെ നിങ്ങളെക്കുറിച്ചുള്ള വിവരണം എഴുതിയുണ്ടാക്കാം. നിങ്ങളുടെ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ചേര്‍ക്കാം. സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കു നേരിട്ടുള്ള ലിങ്കുകള്‍ ചേര്‍ക്കാം. ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവയും വരെ വേണമെങ്കില്‍ ചേര്‍ക്കാം.
ചലച്ചിത്ര താരങ്ങള്‍ ചേര്‍ന്നൊരുക്കിയ കോവിഡ് അതിജീവന ഗാനം ശ്രദ്ധേയമാകുന്നു. റിട്ടേണ്‍ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് മൃദുല്‍ നായരാണ്. സണ്ണിവെയിന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് മ്യൂസിക് വീഡിയോക്കായി ഒന്നിച്ചിരിക്കുന്നത്. വൈശാഖ് സുഗുണന്റെ തക തെയ് താ എന്ന് തുടങ്ങുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഗാനത്തിന്റെ അവസാനം ഒറ്റക്കെട്ടായി നമ്മള്‍ തിരിച്ചു വരും, പുതിയ കരുത്തോടെ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
അമല പോള്‍ നായികയായ 'ആടൈ'യുടെ ഹിന്ദി റീമേക്കില്‍ നടി ശ്രദ്ധ കപൂര്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആടൈയുടെ ഹിന്ദി റീമേക്കിനായി ശ്രദ്ധയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ആടൈയുടെ സംവിധായകന്‍ രത്ന കുമാര്‍ തന്നെയാണ് ഹിന്ദി റീമേക്ക് ഒരുക്കുന്നതായുള്ള വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് അരുണ്‍ പാണ്ഡ്യന്‍ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ മുംബൈയിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഉത്സവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നതിനായി പുത്തന്‍ അഥിതിയെ അവതരിപ്പിച്ച് ഫോര്‍ഡ്. ക്രോസ് ഹാച്ച്ബാക്ക് മോഡലായ ഫ്രീസ്‌റ്റൈലിന്റെ ഫ്ളെയര്‍ പതിപ്പാണ് പുതുതായി എത്തിയിരിക്കുന്നത്. ഫ്രീസ്‌റ്റൈല്‍ നിരയിലെ ഉയര്‍ന്ന വേരിയന്റാകുന്ന ഈ മോഡലിന് 7.69 ലക്ഷം മുതല്‍ 8.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.