വാര്‍ത്തകള്‍ | കേരളം | പ്രഭാതം

തിരുവനന്തപുരം വിമാനത്താവളം അദാനിക്കു വിട്ടുകൊടുക്കുന്നതിനെതിരേ തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനം പ്രമേയം പാസാക്കും. നിയമ നടപടികളും ഉണ്ടാകും. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തിലാണു തീരുമാനം. പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണയ്ക്കാനാണു തീരുമാനം.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ലേല നടപടികളില്‍ കേരള സര്‍ക്കാര്‍ യോഗ്യത നേടിയില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കേരളത്തിന്റെ കെ.എസ്.ഐ.ഡി.സി നല്‍കിയ കരാറിനേക്കാള്‍ 19.64 ശതമാനം തുക ലേലം വിജയിച്ചവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഒരു യാത്രക്കാരന് 135 രൂപവീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നാണ് കേരളം മുന്നോട്ടുവെച്ചത്. എന്നാല്‍ ലേലം വിജയിച്ച അദാനി 168 രൂപയാണ് വാഗ്ദാനം ചെയ്തത്. കേരളത്തിന് ലേലത്തില്‍ യോഗ്യത നേടാനായില്ല. കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനസര്‍ക്കാരിന്റെ സഹകരണമില്ലാതെ വിമാനത്താവളം നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനകാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വിമാനത്താവളം ഏറ്റെടുക്കുമെന്നു തോന്നുന്നില്ലെന്നും ഓണ്‍ലൈനായിചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കോവിഡ് കെടുതികള്‍ക്കിടയില്‍ മലയാളികള്‍ക്കു നാളെ അത്തം. ആഘോഷങ്ങളില്ലാത്ത ഓണത്തിനു തുടക്കം. ആള്‍ക്കൂട്ടങ്ങള്‍ക്കു വിലക്കുണ്ടെങ്കിലും ഇന്നു മുതല്‍ ഉണരുമെന്ന പ്രതീക്ഷയിലാണു വിപണി.

കേരളത്തില്‍ ഇന്നലെ 1,968 പേര്‍ക്ക് കോവിഡ്-19. ഒമ്പതു പേര്‍കൂടി മരിച്ചതോടെ ആകെ മരണം 191 ആയി. 18,123 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 1,73,189 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ രോഗമുക്തരായ 1,217 പേരടക്കം 33,828 പേര്‍ കോവിഡില്‍നിന്നു മുക്തി നേടി.

ഇന്നലെ 1737 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 100 പേരുടെ ഉറവിടം വ്യക്തമല്ല.  71 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.  

കേരളത്തില്‍ ഇന്നലെ കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 429, മലപ്പുറം 356, ആലപ്പുഴ 198, എറണാകുളം 150, കോഴിക്കോട് 130ം, കോട്ടയം 124, പത്തനംതിട്ട 119, കാസര്‍കോട് 91, കൊല്ലം 86, കണ്ണൂര്‍ 78, തൃശൂര്‍ 72, പാലക്കാട് 65, ഇടുക്കി, വയനാട് 35 പേര്‍ക്കു വീതം.

കോവിഡ് മൂലം ഒമ്പതു മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവരാണു മരിച്ചത്.

കേരളത്തില്‍ 585 ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 31 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20(സബ് വാര്‍ഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂര്‍ ജില്ലയിലെ കേളകം (1), പയ്യാവൂര്‍ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാര്‍ (13), മാവൂര്‍ (8), തൃശൂര്‍ മുളംകുന്നത്തുകാവ് (സബ് വാര്‍ഡ് 3), അവിണിശേരി (സബ് വാര്‍ഡ് 3), ചേര്‍പ്പ് (സബ് വാര്‍ഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (3), പയ്യോളി മുന്‍സിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെന്മാറ (14), കാപ്പൂര്‍ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഹോട്ട് സ്‌പോട്ടില്‍നിന്നും 18 പ്രദേശങ്ങളെ ഒഴിവാക്കി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാര്‍ഡ് 8, 9,12, 13), ശാന്തന്‍പാറ (വാര്‍ഡ് 6, 10), കാഞ്ചിയാര്‍ (11, 12), രാജാക്കാട് (എല്ലാ വാര്‍ഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാര്‍ഡ്), 1), വണ്ടിപ്പെരിയാര്‍ (2), മലപ്പുറം കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (9), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6).

കെപിസിസി നല്‍കിയ ജംബോ ഭാരവാഹിപ്പട്ടിക എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി മടക്കി. ഗ്രൂപ്പു വീതംവയ്പിലൂടെ 117 ജനറല്‍ സെക്രട്ടറിമാരെ നിയമിക്കാനുള്ള പട്ടികയാണ് എഐസിസി വീണ്ടും ചവറ്റുകുട്ടയിലിട്ടത്. ഭാരവാഹികളുടെ എണ്ണം 80 ആയി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എട്ടു മാസത്തിനിടെ മൂന്നാം തവണയാണ് കെപിസിസിയുടെ ജംബോ പട്ടിക എഐസിസി തിരസ്‌കരിക്കുന്നത്.

ലൈഫ് മിഷന്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാനുള്ള കരാര്‍ യൂണിടാക്കിനു നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെ. ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിക്കയച്ച കത്ത് പുറത്തായി.

സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ യൂണിടാക്കിനു നല്‍കിയതെന്ന് രേഖകള്‍.

സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോവഴി സൗജന്യമായി വിതരണംചെയ്യുന്ന 500 രൂപയുടെ ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും അടങ്ങിയ ഓണക്കിറ്റുകളില്‍ തൂക്കക്കുറവ്. 300 രൂപയുടെ സാധനങ്ങളേ ഉള്ളൂവെന്ന ആക്ഷേപത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണു ക്രമക്കേടു കണ്ടെത്തിയത്.

ദുബായില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എമിറേറ്റ്‌സിന്റെ പ്രത്യേക വിമാനങ്ങള്‍. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ഈ മാസം സര്‍വീസ് നടത്തും. ഓഗസ്റ്റ് 22, 24, 27, 29, 31 തീയതികളിലാണ് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എമിറേറ്റ് സര്‍വീസ് നടത്തുക. ഓഗസ്റ്റ് 23, 25, 28, 30 സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ കൊച്ചിയില്‍ നിന്ന് തിരികെയും സര്‍വീസുണ്ടാകും. ഓഗസ്റ്റ് 26 ന് തിരുവനന്തപുരത്തേക്കും 27 ന് തിരികെയും സര്‍വ്വീസ് നടത്തും.

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഓണം സ്‌ക്വാഡ്'. ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുമായാണ് സ്‌ക്വാഡുകളെ നിയോഗിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

കവിയൂര്‍ കേസില്‍ ഇനിയും അന്വേഷിക്കാനില്ലെന്ന് സിബിഐ. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിലപാട് വ്യക്തമാക്കിയത്. പീഡിപ്പിച്ചെന്നു പറയപ്പെടുന്ന വിഐപികള്‍ക്കെതിരേ തെളിവില്ലെന്നും കോടതിയെ അറിയിച്ചു.

പള്ളി പിടിച്ചെടുക്കുന്ന നടപടികള്‍ അവസാനിപ്പിച്ചാല്‍ ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് യാക്കോബായ സഭ. സുപ്രീം കോടതി വിധി അല്ല ഇവിടെ നടപ്പാക്കുന്നത്. ഹൈക്കോടതി ഉത്തരവുകള്‍ ദുരൂഹമാണെന്നും മെത്രാപ്പോലിത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അടിയന്തര സുന്നഹദോസിനു ശേഷം പറഞ്ഞു.

തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണവുമായി യൂത്ത് ലീഗ്. നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകയ്ക്കാണു വാങ്ങിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു.

സിപിഎം, മുസ്ലിം ലീഗ് വിഭാഗങ്ങളിലുള്ള മല്‍സ്യത്തൊഴിലാളികള്‍ ഏറ്റുമുട്ടിയ കോഴിക്കോട് പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. പഞ്ചായത്തിലെ 15, 5 വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കണമെന്ന്  കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. സീനിയോരിറ്റി മാത്രം മാനദണ്ഡമാക്കി പ്രിന്‍സിപ്പലിനെ നിയമിക്കാനുള്ള നീക്കം നടത്തിയ ഉന്നത വിദ്യാഭ്യാസവകുപ്പിന് തിരിച്ചടി. പിഎച്ച്ഡിയും 15 വര്‍ഷത്തെ അധ്യാപന സര്‍വ്വീസിനും പുറമെ അധിക യോഗ്യതകള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു വേണം. കാറ്റ് ഉത്തരവില്‍ പറഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ മാപ്പപേക്ഷിക്കാന്‍ പ്രശാന്ത് ഭൂഷണിന് സുപ്രീം കോടതി തിങ്കളാഴ്ചവരെ സാവകാശം നല്‍കി. താന്‍ ചെയ്തത് കര്‍ത്തവ്യമാണെന്നും മാപ്പപേക്ഷിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍. ഏതു ശിക്ഷയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.   കോടതി തെറ്റിദ്ധരിക്കുകയായിരുന്നെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞു.

ലോക്ഡൗണില്‍ സുപ്രീം കോടതി അടച്ചിട്ട് നീതി നിഷേധിച്ച ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ നാഗ്പുരിലെ രാജ്ഭവനു മുന്നില്‍ ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നു.' എന്ന ഫോട്ടോ സഹിതമുള്ള പോസ്റ്റാണ് കോടതിയലക്ഷ്യത്തിന് ആധാരം. ഔദ്യോഗികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് നാളെ ചരിത്രകാരന്‍മാര്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയുടെയും വിശേഷിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് രേഖപ്പെടുത്തുമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.

ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി  വിളിച്ചു വരുത്തും. സെപ്റ്റംബര്‍ രണ്ടിന് ഹാജരാകാനാണ് ശശി തരൂര്‍ അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശിച്ചത്. ഐടി മന്ത്രാലയത്തിലെ പ്രതിനിധികളും ഹാജരാകണം. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് പിന്തുണയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 981 പേര്‍കൂടി മരിച്ചു. 68,507 പേര്‍കൂടി രോഗികളായി. ഇതുവരെ 54,975 പേരാണു മരിച്ചത്. 29,04,329 പേര്‍ രോഗബാധിതരായി. 6.90 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 21.57 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 326 പേര്‍ മരിക്കുകയും 14,647 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.62 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 116 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,986 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 9,393 പേരും കര്‍ണാടകത്തില്‍ 7,385 പേരും യുപിയില്‍4,524 പേരും പുതുതായി രോഗികളായി.

ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-സെക്കുലര്‍  അധ്യക്ഷനുമായ ജിതന്‍ റാം മഞ്ജി മഹാസഖ്യം വിട്ടു. എന്‍.ഡി.എയിലേക്ക് മടങ്ങാനായാണ് പാര്‍ട്ടി മഹാസഖ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 36 മുതൽ 40 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികള്‍.

ജനസംഖ്യാ വര്‍ധനവ്‌ വികസന പ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും  ജനങ്ങളെ ബോധവത്കരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ശൈത്യകാലത്ത് നിയന്ത്രണ രേഖവഴി പാക്കിസ്ഥാനില്‍നിന്ന് ലഷ്‌കറെ തൊയ്ബ ഭീകരര്‍ കാഷ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് 12 ഭീകരരാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത്. അതിര്‍ത്തിയില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം മധ്യപ്രദേശിലെ ഇന്‍ഡോര്‍. 'സ്വച്ച് സര്‍വേക്ഷന്‍ 2020' എന്ന പേരില്‍ നടത്തിയ വാര്‍ഷിക സര്‍വേയില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ഇന്‍ഡോര്‍ മികച്ച ശുചിത്വ നഗരമായി മാറിയത്. ഗുജറാത്തിലെ സൂറത്താണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിലെ നവി മുംബൈയ്ക്കു മൂന്നാം സ്ഥാനം.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു.

വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ നില അതീവ ഗുരുതരം. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം കോമയിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പ്രധാന എതിരാളിയാണ് നാല്‍പത്തിനാലുകാരനായ അലക്സി നവല്‍നി.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷത്തിലേക്ക്. ഇന്നലെ 6,091 പേര്‍കൂടി മരിച്ചു. ഇതുവരെ 7,96,281 പേരാണു മരിച്ചത്. 2,61,519 പേര്‍കൂടി രോഗികളായതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.28 കോടിയായി. ഇന്നലെ ബ്രസീലില്‍ 1,234 പേരും അമേരിക്കയില്‍ 1,011 പേരും മെക്‌സിക്കോയില്‍ 707 പേരും കോവിഡ് ബാധിച്ചു മരിച്ചു.

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ നാല്‍പതിനായിരം ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. ലോകത്ത് ആദ്യമായി വികസിപ്പിച്ച വാക്സിനാണ് ഇത്.

ടിബറ്റിലെ മാനസ സരോവര്‍ തടാകത്തിനു സമീപം ചൈന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. ഇതുസംബന്ധിക്കുന്ന ഉപഗ്രഹ ചിത്രം പുറത്ത്.

ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാന്‍ അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് പാക് ഫെഡറല്‍ മന്ത്രി ഷെയ്ഖ് റഷീദിന്റെ ഭീഷണി. ടെലിവിഷന്‍ അഭിമുഖത്തിലാണ് പാക് മന്ത്രിയുടെ പരാമര്‍ശം.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിവാദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. കത്ത് ധോനി  ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. വിരമിക്കല്‍ അറിയിച്ചുള്ള ധോണിയുടെ വീഡിയോ കണ്ട് 130 കോടി ഇന്ത്യക്കാര്‍ നിരാശരായെന്ന് മോദി കത്തില്‍ കുറിച്ചിട്ടുണ്ട്. ധോണി ഇന്ത്യയ്ക്കും ലോകത്തിനും ചെയ്ത നല്ല കാര്യങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. വിരമിക്കലിനുശേഷം ധോണി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഐപിഎല്‍ പതിമ്മൂന്നാം സീസണിനായി ടീമുകള്‍ യുഎഇയിലേക്ക്. കോവിഡ് ഭീതിയില്‍ മാറ്റിവച്ച മല്‍സരത്തിനുള്ള ടിമുകളെല്ലാം ഞായറാഴ്ചയോടെ യുഎഇയിലെത്തും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ ഇന്നലെത്തന്നെ യുഎഇയിലെത്തി.

സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം. വിദേശ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് പകരമായി ഇന്ത്യയുടെ തദ്ദേശീയമായി പ്ലാറ്റ്ഫോം വികസിപ്പിക്കാനായിരുന്നു ചലഞ്ച്. ഇതിലാണ്  ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ 'ടെക്ജെന്‍ഷ്യ' എന്ന കമ്പനി വികസിപ്പിച്ച പ്ലാറ്റ്ഫോം വിജയികളായത്. ഒരു കോടിയാണ് ജോയ് സെബാസ്റ്റ്യന്റെ കമ്പനിക്ക് സമ്മാനമായി ലഭിക്കുക.

ഓണത്തിന്റെ ആവേശം ഉണര്‍ത്തി, ഇമേജിംഗ് സൊലൂഷന്‍സിലെ അതികായരായ ഫുജിഫിലിം ഇന്ത്യ, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നിരവധി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉത്സാവാഘോഷ ഓഫറിന്റെ ഭാഗമായി എക്‌സ്-ടി4, എക്‌സ്-ടി3, ജിഎഫ്എക്‌സ് 50ആര്‍ തുടങ്ങിയ ബെസ്റ്റ് ഇന്‍ ക്ലാസ് മിറര്‍ലെസ് ക്യാമറകള്‍ക്ക് 37000 രൂപയുടെ വരെ ആനുകൂല്യങ്ങള്‍ നേടാനാകും. ബെസ്റ്റ് സെല്ലിംഗ് ക്യാമറകള്‍ക്ക് കമ്പനി അമ്പരിപ്പിക്കുന്ന ഡിസ്‌കൗണ്ടുകളും കോമ്പോ ഓഫറുകളുമാണ് നല്‍കുന്നത്.

സുരേഷ് ഗോപി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായി എത്തുന്ന നവാഗത സംവിധായകന്റെ ചിത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്ഥിരപ്പെടുത്തി. കോടതി. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. കേസ് പൂര്‍ണ്ണമായും അവസാനിക്കും വരെ ചിത്രത്തിന്റെ വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം 'മണിച്ചിത്രത്താഴ്' ഇനി മിനിസ്‌ക്രീനിലേക്ക്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന് സീരിയല്‍ ഭാഷ്യമൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സീരിയല്‍ നിര്‍മ്മാതാവ് ഭാവച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതുണ്ടെന്നും ജയകുമാര്‍.

മാരുതി ഇഗ്നിസിനായി പുതിയ ആക്‌സസറീസ് പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.  'എക്‌സ്10' എന്നാണ് ഈ പാക്കേജിന്റെ പേര്. പ്രാരംഭ പതിപ്പായ ഇഗ്നിസിന്റെ 'സിഗ്മ' വകഭേദത്തിലാണ് എക്‌സ്10 പാക്കേജ് ലഭ്യമാകുന്നത്. 35,321 രൂപയാണ് ഈ ആക്‌സസറീസ് പാക്കേജിന്റെ വില. അതേസമയം ഉപഭോക്താക്കള്‍ ഒന്നിച്ചുവാങ്ങിയാല്‍ 29,990 രൂപയ്ക്ക് ലഭിക്കും.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...