ഇന്നു ചിങ്ങം ഒന്ന് മലയാള പുതുവല്‍സരം. കര്‍ഷക ദിനം.ചിങ്ങം ഒന്ന് കളളകർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളിലേക്കാണ് ഓരോ മലയാളിയും കൺ തുറക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണർത്തുന്നതാണ് പൊന്നിൻ ചിങ്ങം
കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങ മാസത്തിലാണ് കേരളീയരുടെ ഉത്സവമായ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളാണ് കേരളീയർ ഓണമായി ആഘോഷിക്കുന്നത്. ചിങ്ങം പിറന്നാൽ പിന്നെ എങ്ങും പൂക്കൾ കൊണ്ട് നിറയും. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ തുടങ്ങി എണ്ണമറ്റ പൂക്കൾ ചുറ്റും പൂത്തുനിറഞ്ഞു നിൽക്കും. ചിങ്ങത്തിലെ അത്തം പിറന്നു കഴിഞ്ഞാൽ ഓണപൂക്കളം മുറ്റത്ത് നിറയും. അത്തം പത്തിനാണ് തിരുവോണം.
കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.കൃഷി വ്യാപകമാക്കാന്‍ സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി കോഴിക്കോട് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്ക് ഷാഹിൻ ബാബു (46 )ആണ് മരിച്ചത്. ഈ മാസം പതിമൂന്നിനാണ് ഷാഹിൻ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ചയ്ക്കകം (ഇന്ന്) മുളന്തുരുത്തി പളളി പള്ളിയേറ്റെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ഹൈക്കോടതി വിധി.എറ്റെടുക്കൽ നടപടിയുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും പള്ളിയിൽ പുലർച്ചെ തന്നെ എത്തിയിരുന്നു. എന്നാൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തി. പ്രതിഷേധിക്കുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ തന്നെ പ്രദേശത്ത് വിശ്വാസികൾ തമ്പടിച്ചിരുന്നു. സ്ത്രീകളടക്കം സംഘത്തിൽപ്പെടും. പൊലീസെത്തി വിശ്വാസികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ വഴങ്ങാതിരുന്നതിനെ തുടർന്ന് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.പള്ളി തർക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വരുന്നത് കഴിഞ്ഞ വർഷമാണ്
സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് സിപിഎം വീടുകള്‍ കയറിയിറങ്ങി പ്രചാരണം തുടങ്ങി. ലഘുലേഖ വിതരണം ചെയ്തുകൊണ്ടാണു പ്രചാരണം. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് ബന്ധമില്ല. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും ലഘുലേഖ അവകാശപ്പെടുന്നു.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മരണം. മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അന്‍സാരി ആണ് പോലീസ് സ്‌റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് വൈകീട്ട് അഞ്ചരയോടെ നാട്ടുകാരാണ് അന്‍സാരിയെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.
കേരളത്തില്‍ ഇന്നലെ 1,530 പേര്‍ക്കുകൂടി കോവിഡ്-19. സമ്പര്‍ക്കത്തിലൂടെ 1,351 പേര്‍ക്കു രോഗം ബാധിച്ചു. 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ഇന്നലെ കോവഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 519, മലപ്പുറം 221, എറണാകുളം 123, കോഴിക്കോട് 118, കോട്ടയം 100, ആലപ്പുഴ 86, കൊല്ലം 81, കണ്ണൂര്‍ 52, വയനാട് 49, കാസര്‍കോട് 48, പത്തനംതിട്ട 44, ഇടുക്കി, തൃശൂര്‍ 30, പാലക്കാട് 29.
കേരളത്തില്‍ ഇന്നലെ പത്തു കോവിഡ് മരണം. ഇതോടെ ആകെ മരണം 156 ആയി. ഓഗസ്റ്റ് ഏഴു മുതലുള്ള ദിവസങ്ങളില്‍ മരിച്ച കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലന്‍ (80), തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72) എന്നിവരാണു കോവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചത്.
സംസ്ഥാനത്തു കോവിഡ് ചികില്‍സയിലുള്ളത് 15,310 പേര്‍. ഇന്നലെ രോഗമുക്തരായ 1,099 പേരടക്കം 28,878 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തരായി. 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,123 സാമ്പിളുകളാണ് പരിശോധിച്ചത്. 568 ഹോട്ട് സ്പോട്ടുകള്‍.
ഇന്നലെ 19 പുതിയ ഹോട്ട് സ്പോട്ടുകള്‍. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം ജില്ലയിലെ ഇളനാട് (7, 8), കരീപ്ര (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (10), പാലക്കാട് ജില്ലയിലെ ചളവറ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഹോട്ട് സ്പോട്ടില്‍ നിന്നു 13 പ്രദേശങ്ങളെ ഒഴിവാക്കി. കോട്ടയം ജില്ലയിലെ അയര്‍കുന്നം (വാര്‍ഡ് 15), ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (37), കങ്ങഴ (6), മീനാടം (3), പനച്ചിക്കാട് (6), പാറത്തോട് (8), തൃക്കൊടിത്താനം (15), തൃശൂര്‍ ജില്ലയിലെ പാറളം (1, 8, 9, 12), കണ്ടാണശേരി (1), കയ്പമംഗലം (11), മതിലകം (10), ആലപ്പുഴ ജില്ലയില മാരാരിക്കുളം നോര്‍ത്ത് (1, 14), ഇടുക്കി ജില്ലയിലെ കരുണാപുരം (12).
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും 24 മുതല്‍ വിതരണം ചെയ്യും. വിപണിയില്‍ പണമെത്തിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഈ മാസം അവസാനത്തോടെയാണ് ഓണ ദിവസങ്ങള്‍ ആരംഭിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പേരില്‍ ലോക്കറുകള്‍ തുറന്നത് 2018 നവംബറില്‍. കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈയിലാണ്. തന്റെയും കൂടി പേരില്‍ തുറന്ന ഈ ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തിയത്.
കാഷ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന ഷാനിമോള്‍ ഉസ്മാനെതിരേ പോലീസിലും രാഷ്ട്രപതിക്കും പരാതി. സിപിഎമ്മും ബിജെപിയും അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷനുകളിലാണു പരാതി നല്‍കിയത്. രാഷ്ട്രപതിക്കു പുറമേ, ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്കും പരാതി നല്‍കി. പോസ്റ്റ് പിന്‍വലിച്ച എംഎല്‍എ അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നും വിശദീകരിച്ചു.