വാര്‍ത്തകള്‍ | കേരളം | പ്രഭാതം



ഇന്ന് ഉത്രാടം. നാളെ തിരുവോണം. കോവിഡ് കെടുതികള്‍ക്കിടയിലും നിയന്ത്രണങ്ങളോടെയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.

മെട്രോ സര്‍വീസ് അനുവദിച്ചുകൊണ്ട് നാലാം ഘട്ട അണ്‍ലോക്ക് സെപ്റ്റംബര്‍ ഏഴു മുതല്‍. കൊച്ചി മെട്രോ സര്‍വീസ് സെപ്റ്റംബര്‍ ഏഴിനു പുനരാരംഭിക്കും. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ 20 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ് നടത്തുക.പൊതുപരിപാടികളില്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാം. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധി. സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കരുത്.

കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കണക്കുകളിലെ വൈരുധ്യം വെളിപ്പെടുത്തി  ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. ഔദ്യോഗിക പട്ടികയില്‍ നിന്ന് മരണങ്ങളെ വ്യാപകമായി ഒഴിവാക്കാന്‍ തുടങ്ങിയ ജൂലൈയില്‍ കോവിഡ് മരണമല്ലെന്നുറപ്പുള്ളത് ഏഴ് പേരുടേത് മാത്രമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.  ജൂലൈയില്‍ മാത്രം 22 മരണങ്ങള്‍ കോവിഡ് പട്ടികയില്‍പ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് മരണപ്പട്ടിക ചര്‍ച്ചയായത്.

ഇന്ത്യ-പാക്കിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം. ജമ്മുവിലെ സാംബ സെക്ടറിലാണു തുരങ്കം. ഇന്ത്യയുടെ ഭാഗത്തെ അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്റര്‍ ദൂരത്താണിത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുണ്ട്.

നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥം കൊണ്ടുവന്നെന്ന മന്ത്രി കെ.ടി ജലീലിന്റെ മൊഴിയുടെ സത്യാവസ്ഥ കണ്ടെത്താന്‍ എന്‍ഐഎയും കസ്റ്റംസും മതഗ്രന്ഥത്തിന്റെ തൂക്കം പരിശോധിച്ചു. ഒരു ഗ്രന്ഥത്തിന് 576 ഗ്രാം തൂക്കമാണുളളത്. യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് സിആപ്റ്റിലേക്ക് 32 പെട്ടികളാണ് എത്തിയത്. ജീവനക്കാരുടെ മുന്നില്‍ തുറന്ന രണ്ടെണ്ണത്തില്‍ മതഗ്രന്ഥങ്ങളായിരുന്നു. മുപ്പതു പെട്ടികള്‍ തുറക്കാതെ സിആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു.

റെഡ് ക്രെസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍. വിദേശ സഹായം സ്വീകരിക്കുന്നവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ അറിയിച്ച് അനുമതി വാങ്ങണമെന്ന് 2015-ലെ കേന്ദ്രമാര്‍ഗ രേഖ.

കേരളത്തില്‍ ഇന്നലെ 2,397 പേര്‍ക്ക് കോവിഡ്-19. ആറു മരണം സ്ഥിരീകരിച്ചു. ആകെ മരണം 280 ആയി. 23,277 പേരാണ്  ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 2,225 പേരടക്കം 48,083 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 1,95,927 പേരാണ് നിരീക്ഷണത്തിലുള്ളത്. 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ 589 ഹോട്ട് സ്പോട്ടുകള്‍.

ഇന്നലെ സമ്പര്‍ക്കത്തിലൂടെ 2,137 പേര്‍ക്കു രോഗം ബാധിച്ചു. 197 പേരുടെ ഉറവിടം വ്യക്തമല്ല.  രോഗബാധിതരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 408, മലപ്പുറം 379, കൊല്ലം 234, തൃശൂര്‍ 225, കാസര്‍കോട് 198, ആലപ്പുഴ 175, കോഴിക്കോട് 152, കോട്ടയം 139, എറണാകുളം 136, പാലക്കാട് 133, കണ്ണൂര്‍ 95, പത്തനംതിട്ട 75, ഇടുക്കി 27, വയനാട് 21.

ഇന്നലെ മരണം സ്ഥിരീകരിച്ച ആറു പേരുടെ വിവരം. കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30).

പുതിയ 15 ഹോട്ട് സ്പോട്ടുകള്‍. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്‍ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം

 (സബ് വാര്‍ഡ് 16, 17), മലയാറ്റൂര്‍ നിലേശ്വരം (സബ് വാര്‍ഡ് 15), പള്ളിപ്പുറം (സബ് വാര്‍ഡ് 10, 14), ശ്രിമൂലനഗരം (സബ് വാര്‍ഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാര്‍ഡ് 10, 11), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലയിലെ ആലക്കോട് (സബ് വാര്‍ഡ് 5), മരിയപുരം (സബ് വാര്‍ഡ് 8, 9), തൃശൂര്‍ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാര്‍ഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാര്‍ഡ് 1, 16).

ഹോട്ട് സ്പോട്ടില്‍നിന്ന് 25 പ്രദേശങ്ങളെ ഒഴിവാക്കി. പാലക്കാട് ജില്ലയിലെ തരൂര്‍ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമന്‍ (6), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 20), മുള്ളൂര്‍ക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8 (സബ് വാര്‍ഡ്), 9, 11 ), തണ്ണീര്‍മുക്കം (2), പതിയൂര്‍ (17), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4).  

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും ചങ്ങനാശേരിയില്‍ കീഴടങ്ങി. ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച റോയി ഡാനിയലിന്റെ രണ്ട് മക്കളേയും പൊലീസ് കേരളത്തിലെത്തിച്ചു.

ജിഎസ്ടി നഷ്ടപരിഹാരത്തിനു പണമില്ലെന്നു പറഞ്ഞ് കൈമലര്‍ത്താതെ കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്കു പണം തരണമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയെന്നും തോമസ് ഐസക്.

ഓണം അവധി ദിനങ്ങളില്‍ വാഹന രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ഓണത്തിനു തുടര്‍ച്ചയായി ആറു ദിവസം അവധിയായതിനാലാണ് താത്കാലിക രജിസ്‌ട്രേഷന്‍ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്നോ ഓഫീസിലെത്തിയോ ഉടന്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയത്.

ബിജെപി ജനം ടിവിയെ പോലൊരു ചാനലിനെ തള്ളിപ്പറഞ്ഞത് കടന്നകയ്യായി പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി മുന്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം ബിജെപി ബന്ധം ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് എന്തെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാഹിയില്‍ പാലം തകര്‍ന്ന സംഭവത്തില്‍ പഞ്ചവടിപ്പാലത്തോടാണ് പ്രതിപക്ഷ നേതാവ് ഉപമിക്കുന്നത്. യുഡിഎഫ് കാലത്ത്  ദേശീയ പാതാ വികസനത്തിന് ഒരു നടപടി സ്വീകരിച്ചില്ല, എല്‍ഡിഎഫാണു ചെയ്തതെന്നും മുഖ്യമന്ത്രി.

ശശി തരൂരിനെതിരെ നടത്തിയ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഖേദപ്രകടനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ചതിനു പിന്നാലെയാണ് തരൂരിനെ കൊടിക്കുന്നില്‍ വിമര്‍ശിച്ചത്.

എറണാകുളം ചേരാനെല്ലൂര്‍ സിഗ്‌നലില്‍ കാറും കണ്ടെയ്നറും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.

കോവിഡ് ലോക് ഡൗണിനുശേഷം ഇതുവരെ കേരളത്തിലേക്ക് 8.69 ലക്ഷംപേര്‍ മടങ്ങിയെത്തി. 3.32 ലക്ഷം പേര്‍ വിദേശത്തുനിന്നും 5.37 ലക്ഷം പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.

നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ അമ്മയും സംഗീത അധ്യാപികയുമായിരുന്ന ശാന്ത രാമന്‍ ഇരിങ്ങാലക്കുടയില്‍ അന്തരിച്ചു. 78 വയസായിരുന്നു. സംസ്‌കാരം ഇന്നു മൂന്നിന്.

കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രി വിട്ടത്.

ആറാംഘട്ട ഗോള്‍ഡ് ബോണ്ടിന് നാളെ മുതല്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ നാലാണ് അവസാന തിയതി. 24കാരറ്റുള്ള ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് 50 രൂപ ഇളവ്.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 943 പേര്‍കൂടി മരിച്ചു. 78,479 പേര്‍കൂടി രോഗികളായി. ഇതുവരെ 63,657 പേര്‍ മരിക്കുകയും 35,39,712 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 7.62 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 27.12 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 328 പേര്‍കൂടി മരിക്കുകയും 16,286 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.85 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 87 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 6,352 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 10,548 പേരും കര്‍ണാടകത്തില്‍ 8,324 പേരും യുപിയില്‍ 5,633 പേരും പുതുതായി രോഗികളായി.

ഫെയ്സ്ബുക്ക് ചീഫ് എക്സിക്യുട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗിന് വീണ്ടും കോണ്‍ഗ്രസിന്റെ കത്ത്. ഫെയ്സ്ബുക്ക് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ വെളിപ്പെടുത്തണമെന്നാണ് ആവശ്യം. ഇന്ത്യയുടെ സാമൂഹിക ഐക്യം തകര്‍ക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്കും വാട്സാപ്പും പിന്തുണച്ചെന്നാണ് ആരോപണം.

ഇന്ത്യയിലെ വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു തുരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് വെട്ടുകിളികളെ തുരത്തിയയെന്ന് അവകാശപ്പെട്ടത്.

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ കേസ്.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണെന്നും ജനാധിപത്യം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഛത്തീസ്ഗഢ് നിയമസഭാ മന്ദിരം ശിലാസ്ഥാപന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ.

കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ ഐക്യം പുലരണമെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ നേതൃത്വം അനിവാര്യമാണെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍. പാര്‍ട്ടിയില്‍ ഗാന്ധികുടുംബം തന്നെയാണ് ആദ്യ സ്ഥാനക്കാരെന്നും അദ്ദേഹം പറഞ്ഞു.  

കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും നേതൃമാറ്റം ആവശ്യപ്പെട്ടല്ല പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തയച്ചതെന്നും കത്തില്‍ ഒപ്പുവച്ച മുന്‍കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ. കത്ത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്നും നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വസതിയുള്ള അതീവ സുരക്ഷാ മേഖലയായ ലഖ്നൗ ഗൗതംപള്ളിയിലെ റെയില്‍വേ കോളനിയിലെ വീട്ടില്‍ അമ്മയെയും മകനെയും വെടിയേറ്റു കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ ആര്‍.ഡി. വാജ്പേയിയുടെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്.

എയിംസില്‍ ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുഖം പ്രാപിച്ചു. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന്  എയിംസ് അധികൃതര്‍.

ആഗോളതലത്തില്‍ കോവിഡ് 19 രോഗികളുടെ എണ്ണം രണ്ടര കോടി കവിഞ്ഞു. ഇന്നലെ 2,53,967 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2,51,53,562 ആയി. ഇന്നലെ 5248 പേര്‍ മരിച്ചതോടെ മൊത്തം മരണസംഖ്യ 8,45,925 ആയി. അമേരിക്കയില്‍ 924 പേരും ബ്രസീലില്‍ 904 പേരും ഇന്നലെ മരിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നെന്ന് ആരോപണം. പരിശീലനം നടന്ന ചെപ്പോക്ക് സ്റ്റേഡിയം ഹോട്ട്സ്പോട്ട് പരിധിയിലായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനു സൂപ്പര്‍ കിങ്സിന് താക്കീത് നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രാഞ്ചൈസികള്‍ ബി.സി.സി.ഐയെ സമീപിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎല്‍ മല്‍സരത്തില്‍നിന്നുള്ള പിന്മാറ്റത്തിനു കാരണം അമ്മാവന്റെ മരണമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 19 ന് ഇവരുടെ വീട് ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. ചെന്നൈ ടീമിലെ ചിലര്‍ക്കു കോവിഡ്-19 ബാധിച്ചതിനാലാണ് പിന്മാറിയതെന്നാണ് ആരാധകര്‍ സംശയിച്ചത്.  പഞ്ചാബിലെ പത്താന്‍കോട്ടിലെ തരിയല്‍ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആറാംഘട്ട ഗോള്‍ഡ് ബോണ്ടിന് ഓഗസ്റ്റ് 31മുതല്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ നാലാണ് അവസാന തിയതി.   ഒരു ഗ്രാമിന് (24കാരറ്റ്) തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില. ഓണ്‍ലൈനായി അപേക്ഷിക്കുകയാണെങ്കില്‍ നിശ്ചയിച്ച വിലയില്‍ 50 രൂപ കിഴിവ് ലഭിക്കും. ഇതിനുമുമ്പ് ആര്‍ബിഐ പുറത്തിറക്കിയ സീരീസ് 5ലെ ബോണ്ടിന്റെ വില 5,334 രൂപയായിരുന്നു. അഞ്ചാംഘട്ടത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ബോണ്ടില്‍ 3,387 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) അടുത്ത ചെയര്‍മാന്‍ ആയി ഏറ്റവും മുതിര്‍ന്ന മാനേജിങ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ഖാരയെ തിരഞ്ഞെടുത്തു. മറ്റൊരു മാനേജിങ് ഡയറക്ടര്‍ ചല്ല ശ്രീനിവാസുലു സെറ്റിയെ റിസര്‍വ് പട്ടികയില്‍പ്പെടുത്തുന്നതായും പൊതുമേഖലാ ബാങ്ക് മേധാവികളെ തിരഞ്ഞെടുക്കുന്ന ബാങ്ക്സ് ബോര്‍ഡ് ബ്യൂറോ (ബിബിബി) അറിയിച്ചു. നിലവിലെ ചെയര്‍മാന്‍ രജ്നീഷ് കുമാറിന്റെ കാലാവധി ഒക്ടോബര്‍ ഏഴിന് അവസാനിക്കും.

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരുഖ് ഖാന്‍ ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥന്‍ ആയിരിക്കുമെന്ന് എന്റര്‍ടെയ്ന്‍മെന്റ് വെബ്സൈറ്റ് ആയ കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവും കഥാപാത്രത്തിന്. ഈ പ്രോജക്ടിനെക്കുറിച്ച് ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ ആറ്റ്ലിക്കും ഷാരൂഖ് ഖാനുമിടയില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് നായകനായ ബിഗില്‍ ആണ് ആറ്റ്ലിയുടെ സംവിധാനത്തിലെത്തിയ അവസാനചിത്രം.

ആഷിക്ക് ഉസ്മാന്‍ നിര്‍മിച്ച് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് 'ലവ്വിലെ' കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ്  ചിത്രം. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള  സ്നേഹവും കലഹവുമൊക്കെയാണ്  പ്രമേയമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ബൊലേറോ അല്‍പ്പം പരിഷ്‌കരിച്ച് 2020 മാര്‍ച്ചില്‍ ആണ് വിപണിയില്‍ എത്തിയത്. വാഹനത്തിന്റെ വിലയില്‍ അല്‍പ്പം വര്‍ധനവ് വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 35,000 രൂപയുടെ വര്‍ധവാണ് കമ്പനി ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. മൂന്ന് വകഭേദങ്ങളില്‍ വില്‍പ്പനക്ക് എത്തുന്ന ബൊലേറോയ്ക്ക് യഥാക്രമം 8.00 ലക്ഷം, 8.66 ലക്ഷം, 9.01 ലക്ഷം എന്നിങ്ങനെയാണ് ഇനി മുതല്‍ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ഈ കഥാപാത്രങ്ങള്‍ക്ക് മരണമില്ല വീണ്ടും വീണ്ടും ജനിച്ചുകൊണ്ടെയിരിക്കും. വേദവ്യാസന്റെ ബോധപൂര്‍വ്വമായ മൗനത്തില്‍ ഒളിപ്പിച്ചുവെച്ച പവിത്രമായ ഒരു രഹസ്യബന്ധം മൂന്നാമൂഴത്തിലൂടെ വാചാലമാകുകയാണ്. 'മൂന്നാമൂഴം'. എം.പി ഷീല. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 250 രൂപ.

രക്തസമ്മര്‍ദ്ദവും വിറ്റാമിന്‍-സിയും തമ്മിലും ബന്ധമുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'ദ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് വിറ്റാമിന്‍-സിയും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന പഠനറിപ്പോര്‍ട്ട് വന്നത്. പതിവായി വിറ്റാമിന്‍- സി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണത്തിലാക്കാന്‍  സഹായിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ അല്‍പം കൂടിയ അളവില്‍ ഇത് കഴിക്കണമെന്ന് മാത്രം. ഓറഞ്ച് മാത്രമല്ല, വിറ്റാമിന്‍-സി അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍, സപ്ലിമെന്റ്‌സ് എന്നിവയെല്ലാം ഇതിന് സഹായിക്കുമത്രേ. മുതിര്‍ന്നവര്‍ ശരാശരി 75 മുതല്‍ 90 മില്ലിംഗ്രാം വരെ വിറ്റാമിന്‍-സിയാണ് ഒരു ദിവസത്തില്‍ കഴിക്കേണ്ടത്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...