വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകളില്‍ അട്ടിമറി. ഫ്‌ളാറ്റ് നിര്‍മ്മാണത്തിനു യൂണിടാക്കുമായി കരാര്‍ ഒപ്പുവച്ചത് റെഡ് ക്രസന്റല്ല, യുഎഇ കോണ്‍സുല്‍ ജനറല്‍. മറ്റൊരു രാജ്യത്തിന്റെ ഭാഗമായ കോണ്‍സുലേറ്റ് നേരിട്ട് ഇന്ത്യയിലെ ഒരു കരാറുകാരന് കരാര്‍ നല്‍കി. സര്‍ക്കാര്‍ ധാരണ പത്രം ഒപ്പുവച്ചത് റെഡ് ക്രസന്റുമായാണ്. എന്നാല്‍ ഉപകരാര്‍ നല്‍കിയപ്പോള്‍ റെഡ് ക്രസന്റും സര്‍ക്കാരും ചിത്രത്തിലില്ലാതായി. റെഡ് ക്രസന്റ് നിര്‍മാണത്തിനുള്ള പണം നല്‍കുമെന്ന പരാമര്‍ശം മാത്രമാണുള്ളത്.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പോയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ചെന്നിത്തല.
തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറി കവര്‍ച്ച ഇന്‍ഷ്വര്‍ ചെയ്ത വായ്പാത്തുക തിരിച്ചടയ്ക്കാതിരിക്കാനുള്ള കെട്ടുകഥയാണെന്ന് പോലീസ്. ഉടമ പറയുന്നതുപോലെ ആറു കിലോ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല. ഗോള്‍ഡ് ഹാര്‍ട്ട് ജൂവലറിയുടെ ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യംചെയ്തിരുന്നു. ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ട്. ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ല. അതില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. കടയിലെ സെയില്‍സ് കൗണ്ടറിലുണ്ടായിരുന്ന ആഭരണങ്ങള്‍ സ്വര്‍ണമായിരുന്നില്ല.
സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ ജോസ് കെ മാണി ഗ്രൂപ്പിനെ യുഡിഎഫില്‍നിന്നു പുറത്താക്കുമെന്നു കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. അച്ചടക്കലംഘനത്തിനു സസ്പെന്‍ഷനിലാണ് അവര്‍. അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാന്‍.
നാളെ നിയമസഭാ യോഗത്തില്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ ജോസ് കെ മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നിര്‍ണായക ദിവസമാണെന്ന് വിഡി സതീശന്‍ എംഎല്‍എ.
സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് സ്വതന്ത്ര എംഎല്‍എ ആയ പി.സി. ജോര്‍ജ്. കൂട്ടുത്തരവാദിത്വം നഷ്ടമായ സര്‍ക്കാരാണ് കേരളത്തില്‍. മുഖ്യമന്ത്രിയുടെ തന്നിഷ്ട ഭരണമാണ്. അദ്ദേഹം പറഞ്ഞു.
വയനാട് വെള്ളമുണ്ടയില്‍ സായുധരായ മാവോയിസ്റ്റ് സംഘമെത്തി. ഇന്നു പുലര്‍ച്ചെ സത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം കിണറ്റിങ്ങലിലുള്ള വീട്ടിലാണ് എത്തിയത്. ഭക്ഷണവും അരിയും ആവശ്യപ്പെട്ട സംഘം വീട്ടില്‍ ലൈറ്റിട്ടപ്പോള്‍ ഓടിപ്പോയെന്ന് വീട്ടുടമയായ സ്ത്രീ. പ്രദേശത്തു പോലീസ് പരിശോധന നടത്തി.
മുക്കത്തെ വൈദ്യര്‍മലയില്‍ പന്ത്രണ്ടംഗ അജ്ഞാത സംഘം ടെന്റു കെട്ടി താമസിച്ചെന്ന് റിപ്പോര്‍ട്ട്. ജൂലൈ അവസാന വാരവും ഓഗസ്റ്റ് ആദ്യ വാരവും ഇവര്‍ ജനവാസമില്ലാത്ത പ്രദേശത്തു താമസിച്ചെന്നാണു പ്രദേശവാസികള്‍ പറയുന്നത്. രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
വൈദ്യുതി ബോര്‍ഡില്‍ ലാസ്റ്റ്‌ഗ്രേഡ് നിയമനങ്ങള്‍ കുടുംബശ്രീക്കു വിടുന്നു. ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ കുടുംബശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് അനുമതി നല്‍കി. വൈദ്യുതിബോര്‍ഡ് ആസ്ഥാനത്തു തന്നെയാണ് ആദ്യം ഇത് നടപ്പാക്കുക. പി.എസ്.സി വഴി കെഎസ്ഇബി ലാസ്റ്റ്‌ഗ്രേഡ് തസ്തികകളിലേക്ക് ഇനി നിയമനം ഉണ്ടാകില്ല.
കൊവിഡ് വ്യാപന ഭീതിമൂലം നിര്‍ത്തിവച്ച സിനിമകളുടേയും സീരിയലുകളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ലൊക്കേഷനില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കുന്നവര്‍ ഒഴികെ എല്ലാവരും മാസ്‌ക് ധരിക്കണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിക്കണം. ഷൂട്ടിംഗ് ക്രൂ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. എന്നിവയാണു പ്രധാന ഉപാധികള്‍.
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നും സ്ഥിരം പ്രസിഡന്റ് ഉണ്ടാകണമെന്നും യുവാക്കള്‍ക്കു പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23 കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്കു കത്തയച്ചത്. യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതു ഗൗരവമായി കാണണമെന്ന് ശശി തരൂര്‍കൂടി ഒപ്പുവച്ച കത്തില്‍ പറയുന്നു.
ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന 'ടുകഡെ ടുകഡെ' സംഘമാണ് അധികാരത്തിലുള്ളതെന്നു ശശി തരൂര്‍ എംപി ട്വിറ്ററില്‍. ഹിന്ദി അറിയാത്തവര്‍ വെബിനാറിനു പുറത്തു പോകണമെന്ന ആയുഷ് സെക്രട്ടറിയുടെ വിവാദ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് മര്യാദ ഉണ്ടെങ്കില്‍ ആയുഷ് വകുപ്പ് സെക്രട്ടറിയെ മാറ്റി തമിഴ്നാട്ടുകാരാനായ ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തു നിയമിക്കണം. ശശി തരൂര്‍ ട്വീറ്റു ചെയ്തു.
ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന ആറു കിലോമീറ്റര്‍ നീളമുള്ള മേല്‍പാലം തകര്‍ന്നുവീണു. സോനാ റോഡിനു കുറുകേ പണിയുന്ന പാലമാണ് രാത്രി തകര്‍ന്നത്. അപകടം നടന്നതു രാത്രിയായതിനാല്‍ അളപായമില്ല.
ബിജെപി രാജ്യസഭാംഗമാക്കിയ മുന്‍ ചീഫ് ജസ്റ്റിസിസ് രഞ്ജന്‍ ഗോഗോയി ആസാമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് മുന്‍ അസം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയ്.
ജാര്‍ഖണ്ഡിലെ കൃഷിവകുപ്പ് മന്ത്രി ബാദല്‍ പത്രലേഖിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അമേരിക്കയുടെ അടിച്ചമര്‍ത്തലിനെതിരെ ടിക് ടോക് നിയമനടപടിയിലേക്ക്. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് ടിക് ടോക്കിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് ടിക് ടോക്ക് പ്രതികരണം.
രാജ്യത്ത് ശമ്പളക്കാരെ കാത്തിരിക്കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കോണമി എംഡി മഹേഷ് വ്യാസ്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ ജോലി നഷ്ടപ്പെട്ടത് 18.9 ദശലക്ഷം ആളുകള്‍ക്കാണ്. സ്ഥിതി മെച്ചപ്പെട്ടാലും ഇതില്‍ പലര്‍ക്കും നഷ്ടപ്പെട്ട ജോലി തിരികെ കിട്ടില്ല. വിപണിയില്‍ വരും ദിവസങ്ങളില്‍ മാറ്റം ഉണ്ടാകും. വലിയ കമ്പനികള്‍ക്കാവും ഓഹരി വിപണിയില്‍ നേട്ടമുണ്ടാവുക. ചെറുകിട-ഇടത്തരം കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരും. കൊവിഡ് കാലത്ത് കാര്‍ഷിക മേഖലയില്‍ 15 ദശലക്ഷം തൊഴിലുകള്‍ വര്‍ധിച്ചു.
ഗള്‍ഫ് മേഖലയില്‍ നിന്നുളള ക്രൂഡ് ഇറക്കുമതിയില്‍ വന്‍ വര്‍ധന. ജൂലൈ മാസത്തില്‍ ഗള്‍ഫ് സെക്ടറില്‍ നിന്നുളള എണ്ണ ഇറക്കുമതി 71.5 ശതമാനമായി ഉയര്‍ന്നു. 26 മാസത്തിനിടെ ഗള്‍ഫ് സെക്ടറില്‍ നിന്നുളള ഏറ്റവും ഉയര്‍ന്ന എണ്ണ ഇറക്കുമതി വിഹിതമാണിത്. എന്നാല്‍, ആഫ്രിക്കയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ജൂലൈ മാസത്തില്‍ വന്‍ ഇടിവും റിപ്പോര്‍ട്ട് ചെയ്തു.
പൃഥ്വിരാജ് നായകനാകുന്ന പൂര്‍ണമായും വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം ഒരുങ്ങുന്നത് അഞ്ച് ഭാഷകളിലാണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത മാസം ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുന്ന ചിത്രത്തില്‍ പൃഥ്വിയെ കൂടാതെ മറ്റൊരു നായക കഥാപാത്രം കൂടിയുണ്ട്. പൃഥ്വിരാജാണ് മറ്റൊരു നിര്‍മ്മാതാവ്. ബാഹുബലി പോലൊരു വമ്പന്‍ സിനിമ ആയിരിക്കും ഇത്. ഒരു മനുഷ്യനെയും പക്ഷിയെയും മാത്രമാണ് പോസ്റ്ററില്‍ കാണാനാവുക. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന.
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരെ കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേ റിസള്‍ട്ട് പുറത്ത് വിട്ടു. അമ്പത് പേരടങ്ങുന്ന പട്ടികയില്‍ ആറാം സ്ഥാനത്ത് മലയാള സിനിമയുടെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡ് നടന്‍ ഷാഹിദ് കപൂറാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ് രണ്ടാം സ്ഥാനത്ത്. തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനത്തും ബോളിവുഡില്‍ നിന്നും വിക്കി കൗശല്‍ നാലാമതും എത്തി. പൃഥ്വിരാജ് ഇരുപത്തിമൂന്നാമതും നിവിന്‍ പോളി നാല്‍പതാം സ്ഥാനത്തും ഇടം നേടിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിന്നും ശിവകാര്‍ത്തികേയന്‍, റാണ ദഗ്ഗുബാട്ടി, യഷ്, രാചരണ്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ഇന്ത്യന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒഖിനാവ സ്‌കൂട്ടേഴ്‌സ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണയില്‍ അവതരിപ്പിച്ചു. ആര്‍30 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് 58,992 രൂപയാണ് എക്സ്ഷോറൂം വില. സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 2,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.
കൊറോണ വൈറസ് രോഗം ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ലോകാരോഗ്യസംഘടന കുട്ടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ കൊവിഡിനെ നേരിടാന്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളത്. അതിനാല്‍ ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണമെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. രോഗ വ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാകുമെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു. ഈ പ്രായത്തിലുള്ള കുട്ടികള്‍ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്. കാന്‍സര്‍, മറ്റ് അസുഖങ്ങളുള്ള കുട്ടികള്‍ നിര്‍ബന്ധമായും മെഡിക്കല്‍ മാസ്‌കുകള്‍ ധരിക്കണമെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു.