രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ 28 ആയി. ഇനിയും 42 പേരെ കണ്ടെത്താനുണ്ട്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം. കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശങ്ങളിലേക്ക്. അതിതീവ്ര മഴ. പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞു. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്. ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാളെ കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
റെഡ് അലര്‍ട്ടുമായി എട്ട് അണക്കെട്ടുകള്‍.
കല്ലാര്‍, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, പൊന്‍മുടി, കുറ്റ്യാടി അണക്കെട്ടുകള്‍ക്കാണ് റെഡ് അലര്‍ട്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടി പിന്നിട്ടു. 136 ല്‍ എത്തിയാല്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം നല്‍കും. ഇടുക്കിയില്‍ 2362 ആണ് ജലനിരപ്പ്. പത്തടി കൂടി പിന്നിട്ടാലേ ഷട്ടര്‍ ലെവലില്‍ എത്തൂ.
പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ആദ്യം രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ആറ് ഷട്ടറുകളും രണ്ടടി വീതം ഉയര്‍ത്തി. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും 35 സെമീ വീതം ഉയര്‍ത്തി. പേപ്പാറ ഡാമും തുറന്നു. മൂഴിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയും മണിയാര്‍ സംഭരണിയുടെ സ്പില്‍വേയും തുറന്നു. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറും ഉയര്‍ത്തി. വാളയാര്‍ ഡാം തുറക്കുമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി. വയനാട്ടില്‍ ബാണാസുര,കാരാപ്പുഴ അണക്കെട്ടുകള്‍ നാളെ തുറക്കേണ്ടിവരും. കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചിട്ടുണ്ട്.
പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡീന്‍ കുര്യാക്കോസ് എംപിയും. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കു പ്രഖ്യാപിച്ച 10 ലക്ഷം രൂപതന്നെ പെട്ടിമുടിയില്‍ മരിച്ചവര്‍ക്കും നല്‍കണമെന്ന് ഈ പ്രദേശം സന്ദര്‍ശിച്ച ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി എത്താത്തതില്‍ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി. ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിലും വേര്‍തിരിവ് കാണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ്. അന്താരാഷ്ട്ര കീഴ്വഴക്കമനുസരിച്ച് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഈ തുകയില്‍നിന്ന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
കോട്ടയം മണര്‍കാടില്‍ ഒഴുക്കില്‍ പെട്ട് കാണാതായ കാര്‍ കണ്ടെത്തി. ഡ്രൈവറെ മരിച്ച നിലയില്‍ . അങ്കമാലി സ്വദേശി ജസ്റ്റിനാണ് മരിച്ചത്.
ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ് വത്കരണം നടപ്പാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മേഖലകളും ബഹുരാഷ്ട്ര കുത്തകകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും തുറന്നിട്ടു കൊടുക്കുകയാണ്. ധാതുസമ്പത്തുകള്‍ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ്. വിമാനത്താവളങ്ങളും റെയില്‍വേയും സ്വകാര്യമേഖലയെ ഏല്‍പിക്കുകയാണ്. എല്‍ഡിഎഫ് യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നു. പരമാവധി ആയുധങ്ങള്‍ ഇന്ത്യയില്‍തന്നെ ഉല്‍പാദിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രിയായി ഉപയോഗിച്ചിരുന്ന ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹോട്ടലിന് തീപിടിച്ച് ഏഴുപേര്‍ മരിച്ചു. ഹോട്ടലില്‍ നിന്ന് 20 പേരെ രക്ഷപ്പെടുത്തി. 20 പേര്‍ക്കു പൊള്ളലേറ്റു.
അറുനൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിനടിയില്‍ നിധിയുണ്ടെന്നു വിശ്വസിച്ച് അത് അപഹരിക്കാന്‍ കുഴിയെടുക്കുമ്പോള്‍ കരിങ്കല്‍ത്തൂണു വീണ് ഒമ്പതംഗസംഘത്തിലെ യുവാവ് മരിച്ചു. മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഓടിരക്ഷപ്പെട്ട അഞ്ചുപേരെ പോലീസ് തെരയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിന്റെ തറ കുഴിക്കുന്നതിനിടെ തൂണുകളും കരിങ്കല്‍പ്പാളികളും അടര്‍ന്നുവീണത്. ഹൊസ്‌കോട്ട ഹിന്‍ഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം.
ദുബായിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഓഗസ്റ്റ് 16 മുതല്‍ ഞായറാഴ്ചകളില്‍ തൊഴില്‍ സമയങ്ങളില്‍ ഇളവ്. തൊഴില്‍ സന്തോഷം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാനുമായി ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പദ്ധതി.
കേരളത്തിലെ മഴക്കെടുതി, വിമാനാപകട ദുരന്തം എന്നിവയില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനമറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അനുശോചനം അറിയിക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.
ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളിയെ ഒന്നിനെതിരേ മൂന്നു ഗോളിനു തോല്‍പിച്ച് ബാഴ്സലോണ ക്വാര്‍ട്ടറില്‍ കടന്നു. ഇരു പാദങ്ങളിലുമായി 4-2 ജയത്തോടെയാണ് സ്പാനിഷ് വമ്പന്‍മാരുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
ബ്ലുംബര്‍ഗ് പുറത്തുവിട്ട ശതകോടീശ്വരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് ലോകത്തെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയായി മുകേഷ് അംബാനി മാറിയത്. ഓഗസ്റ്റ് ഏഴിലെ കണക്കുകള്‍ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 32.6 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന്, ആസ്തി ഇപ്പോള്‍ 80.6 ബില്യണ്‍ ഡോളര്‍ (6.04 ലക്ഷം കോടി രൂപ) ആയി.
ടിക്ക് ടോക്കിനു പിന്നാലെ വീചാറ്റിനെയും നിരോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നു. ജനപ്രിയ ഈ ചൈനീസ് സന്ദേശ കൈമാറ്റ അപ്ലിക്കേഷന്‍ അമേരിക്കയിലുടനീളമുള്ള ചൈനീസ് പ്രവാസികളിലധികവും ഉപയോഗിക്കുന്നതാണ്. ചൈനയിലെ വെയ്ക്സിന്‍ എന്ന് വിളിക്കപ്പെടുന്ന വീചാറ്റില്‍, ഒരേസമയം ഫേസ്ബുക്ക് (എഫ്ബി), ലിങ്ക്ഡ്ഇന്‍, ഊബര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. അതു കൊണ്ടു തന്നെ നിരവധി ചൈനീസ് പൗന്മാര്‍ക്ക് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ഒഴിച്ചുകൂടാനാവാത്ത ആപ്ലിക്കേഷനാണ് വീചാറ്റ്.
തെന്നിന്ത്യന്‍ താരം റാണ ദഗുബതി വിവാഹിതനായി. മിഹീക ബജാജ് ആണ് വധു. ശനിയാഴ്ച ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് സാഹചര്യത്തില്‍ മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമാണ് വിവാഹത്തിനെത്തിയത്. എല്ലാ അതിഥികള്‍ക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത, ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ, നടന്‍ രാം ചരണ്‍, ഭാര്യ ഉപാസന എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
പൃഥ്വിരാജ് നായകനായ 'എസ്ര'യ്ക്ക് ശേഷം പുതിയ ചിത്രവുമായി കിരണ്‍ മോഹന്‍. ഹൊറര്‍ ചിത്രമായി ഒരുക്കുന്ന ഇതിന്റെ പേര് 'രാ' എന്നാണ് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തില ആദ്യത്തെ സോംബി മൂവി എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. മനുഗോപാല്‍ ആണ് ഈ സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴില്‍ കിരണ്‍ സംവിധാനം ചെയ്യുന്ന 'ബ്രഹ്മപുരി' എന്ന മറ്റൊരു ചിത്രവും റിലീസ് ചെയ്യാനിരിക്കുകയാണ്.
ഐക്കണിക്ക് അമേരിക്കന്‍ ക്രൂയിസര്‍ ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്റെ ഇന്ത്യന്‍ നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡലാണ് സ്ട്രീറ്റ് 750. ഈ മോഡലിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഈ വര്‍ഷം മാര്‍ച്ചില്‍ ബിഎസ് 6 സ്ട്രീറ്റ് 750 വിപണിയില്‍ എത്തിച്ചപ്പോള്‍ 5.34 ലക്ഷം ആയിരുന്നു അടിസ്ഥാന മോഡലിന്റെ എക്സ്-ഷോറൂം വില. ഇപ്പോള്‍ ഈ മോഡലിന് 65,000 രൂപ കുറഞ്ഞു. ഇതോടെ വാഹനവില 4.69 ലക്ഷം രൂപയായി.