വിദേശ രാജ്യങ്ങളിലെ വിദ്യാർഥികളുടെ വിസ അപേക്ഷകൾ പരിഗണിക്കുന്നത് ഷെങ്കൺ രാജ്യങ്ങൾ പുനരാരംഭിച്ചു. നേരത്തെ കോവിഡ് വ്യാപനസാഹചര്യത്തിൽ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നു. അഞ്ച് മാസത്തിന് ശേഷമാണ് വിസ അപേക്ഷകൻ പരിഗണിക്കാൻ വീണ്ടും തീരുമാനം വന്നിരിക്കുന്നത്.
ഇതോടെ ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾക്ക് ദീർഘകാല കോഴ്സുകൾക്കും ഹ്രസ്വകാല താമസത്തിനുമായി വിസയ്ക്ക് അപേക്ഷിക്കാം. വിസ സേവനങ്ങൾ പുനരാരംഭിച്ച കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവൽ ലെനെയ്ൻ ഇന്ത്യൻ വിദ്യാർഥികളെ ഫ്രാൻസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
ഡെൻമാർക്ക്, ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, സ്വിറ്റ്സർലാൻഡ്, നേർവെ, അയർലൻഡ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇന്ത്യയിലെ വിസ സെന്ററുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഉന്നത വിദ്യാഭ്യാസത്തിനായി വർഷംതോറും മൂന്ന് ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. ഇതിൽ 45 ശതമാനം വിദ്യാർഥികളും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സാധാരണയായി 15-30 ദിവസത്തിനുള്ളിലാണ് ഷെങ്കൺ വിസ ലഭിക്കാറുള്ളത്.
എന്നാൽ കോവിഡ് സാഹചര്യത്തിൽ വിസ സെന്ററുകളിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാൽ വിസ ലഭിക്കാൻ 30-40 ദിവസം വരെ സമയമെടുത്തേക്കും. 26 യൂറോപ്യൻ രാജ്യങ്ങളാണ് ഷെങ്കൺ രാഷ്ട്രങ്ങളിൽ ഉൾപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക