വാര്‍ത്തകള്‍ | കേരളം | പ്രഭാതം | ഇന്ന് അത്തം


ഇന്ന് അത്തം. ആഘോഷങ്ങളിലാത്ത ഓണത്തിനു വിളംബരമായി. കോവിഡ് പേടിമൂലം പൂക്കളങ്ങള്‍ക്കു മുറ്റത്തെ പൂക്കളും ഇലകളും മാത്രം. ഓണവിപണി ഉണരുകയായി. ഓണക്കോടിയും ഗൃഹോപകരണങ്ങളും വാങ്ങാന്‍ തിരക്കു തുടങ്ങി. ഇളവുകള്‍ പ്രഖ്യാപിച്ച വാഹന വിപണിയും സജീവമായി.

ലൈഫ് മിഷന്‍ പദ്ധതിക്ക് യുഎഇയിലെ റെഡ്ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ കേരളം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത നിവാരണ നിയമമനുസരിച്ചും വിദേശ സഹായത്തിന് കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ല. ഇക്കാര്യത്തില്‍ തുടര്‍ നടപടികളെക്കുറിച്ചു പിന്നീടു തീരുമാനിക്കുമെന്നും കേന്ദ്രം.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരേ നാളെ സിപിഎം അനുഭാവികളുടെ വീടുകളില്‍ സമരം. 25 ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരള കോണ്‍ഗ്രസില്‍ വിപ്പ് യുദ്ധം. യഥാര്‍ത്ഥ വിപ്പ് റോഷിയാണെന്ന് ജോസ് വിഭാഗവും മോന്‍സാണെന്ന് ജോസഫ് വിഭാഗവും. ഇരുവിഭാഗവും പരസ്പരം വിപ്പ് നല്‍കി. അവിശ്വാസ പ്രമയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് വിപ്പ് നല്‍കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് നേരത്തെ വിപ്പ് നല്‍കിയ റോഷി അഗസ്റ്റിന്‍ ഇപ്പോള്‍ അവിശ്വാസ പ്രമേയത്തില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

എല്ലാ വോട്ടര്‍മാരും കൈയുറ ധരിക്കണം. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം. കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ മാറ്റംവരുത്തി. തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ മാസ്‌ക് ധരിക്കണം. പോളിംഗ് സ്‌റ്റേഷനില്‍ സാനിറ്റൈസര്‍ സോപ്പ് വെള്ളം എന്നിവ വേണം. പനി പരിശോധിക്കാന്‍ തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധം.

കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കു തപാല്‍വോട്ടിനുള്ള സൗകര്യം. ഭിന്നശേഷിക്കാര്‍, 80 വയസിനു മുകളിലുള്ളവര്‍, അവശ്യ സര്‍വീസിലുള്ളവര്‍ എന്നിവര്‍ക്കും തപാല്‍ വോട്ടു സൗകര്യം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം.

കേരളത്തില്‍ ഇന്നലെ 1,983 പേര്‍ക്ക് കോവിഡ്-19. പന്ത്രണ്ടു പേര്‍കൂടി മരിച്ചതോടെ  കേരളത്തിലെ ആകെ മരണം 203 ആയി. 18,673 പേരാണ് ചികിത്സയിലുള്ളത്. 1,76,930 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ രോഗമുക്തരായ 1419 പേരടക്കം 35,247 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്നലെ 1,777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 109 പേരുടെ ഉറവിടം വ്യക്തമല്ല. 64 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം.

ഇന്നലെ കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 429, മലപ്പുറം 335, എറണാകുളം 165, കോഴിക്കോട് 158, ആലപ്പുഴ 155 , കോട്ടയം 136, തൃശൂര്‍ 119, കാസര്‍കോട് 105, പാലക്കാട് 83, കൊല്ലം 82, പത്തനംതിട്ട, കണ്ണൂര്‍ 78, ഇടുക്കി 34, വയനാട് 26.

കോവിഡ് ബാധിച്ച് മരിച്ചവര്‍: ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദന്‍ (62), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍ (78), എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിന്‍കുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാല്‍ (58), കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങള്‍ (67), മലപ്പുറം ചേലാമ്പ്ര സ്വദേശിനി ദേവകി അമ്മ (94), കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂര്‍ സ്വദേശിനി പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഷൈന്‍ ബാബു (47).

കേരളത്തില്‍ 607 ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 32 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ടായി. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ചക്കുപള്ളം (സബ് വാര്‍ഡ് 4, 5, 6), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), ബെള്ളൂര്‍ (7), പനത്തടി (7, 8, 14), തൃശൂര്‍ ജില്ലയിലെ എറിയാട് (13), മാടക്കത്തറ (സബ് വാര്‍ഡ് 4), തെക്കുംകര (13), എറണാകുളം ജില്ലയിലെ നെടുമ്പാശേരി (18), കൂവപ്പടി (4), പെരുമ്പാവൂര്‍ (21), വയനാട് ജില്ലയിലെ നെന്മേനി (15 (സബ് വാര്‍ഡ്), 18, 19, 20), കോട്ടത്തറ (7, 8), ആലപ്പുഴ ജില്ലയിലെ കൈനകരി (10), നെടുമുടി (2), തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം (1, 10), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12), പത്തനംതിട്ട ജില്ലയിലെ നിരണം (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഹോട്ട് സ്‌പോട്ടില്‍നിന്ന് എട്ടു പ്രദേശങ്ങളെ ഒഴിവാക്കി. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി (വാര്‍ഡ് 1, 2, 11), മങ്കര (9), തച്ചമ്പാറ (1, 10, 12), കോട്ടായി (3, 9), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (10, 15), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (11), ആലപ്പുഴ ജില്ലയിലെ കുത്തിയതോട് (1).

ജെ.ഇ.ഇ., നീറ്റ് പരീക്ഷാ തിയതികളില്‍ മാറ്റമില്ല. ജെ.ഇ.ഇ(മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന്.

കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. നടപടി സ്വീകരിക്കാന്‍ കിന്‍ഫ്രയ്ക്ക് ആവശ്യമായ പണം കിഫ്ബിയില്‍നിന്ന് അനുവദിക്കും. 409 കോടി രൂപയാണ് സ്ഥാപനത്തിന്റെ ബാധ്യത.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടു ചേര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീടുകള്‍ അണുവിമുക്തമാക്കുക,  മാലിന്യമുക്തമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 15 ലക്ഷം രൂപവരുന്ന 280 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ്  പിടിയിലായത്. അടിവസ്ത്രത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കോഴിക്കോട് വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ആറു പേര്‍ക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. താഴെയങ്ങാടി സ്വദേശി സലാഹുദ്ദീന്‍, വല്യാപ്പള്ളി സ്വദേശി സവാദ് എന്നിവരുടെ നിലയാണ് ഗുരുതരം. പരിക്കേറ്റ നാലു പേര്‍ ഒളിവിലാണ്.

ലോക്കറിലെ പണം കമ്മീഷന്‍ തുകയെന്ന സ്വപ്നയുടെ വാദം തെറ്റെന്ന് കോടതി. സ്വപ്നക്കു പണം നല്‍കിയിട്ടില്ലെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റ മൊഴിയുണ്ട്.  കള്ളക്കടത്തിലൂടെ ലഭിച്ച പണമാണ് ലോക്കറിലുള്ളതെന്ന് പ്രഥമദ്യഷ്ടാ വ്യക്തമാണ്. സ്വപ്നയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.

ആലപ്പുഴ കോടംതുരുത്തില്‍ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്‍ഭിണിയാണ്. കെട്ടിടനിര്‍മാണ തൊഴിലാളിയായ രജിതയുടെ ഭര്‍ത്താവ് വിനോദ് ജോലിയുമായി കായംകുളത്തായിരുന്നു.

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച അമ്മയ്ക്കു ശിക്ഷ. ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്ക് മുന്നില്‍ നില്‍ക്കാനുമായിരുന്നു ശിക്ഷ.കുഞ്ഞിന്റെ അമ്മ  ഓമശ്ശേരി ചക്കാന കണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 953 പേര്‍കൂടി മരിച്ചു. 69,028 പേര്‍കൂടി രോഗികളായി. ഇതുവരെ 55,928 പേര്‍കൂടി മരിക്കുകയും 29,73,368 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 6.96 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 22.20 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 339 പേര്‍ മരിക്കുകയും 14,160 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.64 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 101 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,995 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 9,544 പേരും കര്‍ണാടകത്തില്‍ 7,571 പേരും യുപിയില്‍ 4,905 പേരും പുതുതായി രോഗികളായി.

കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ എന്തിനെന്നു സുപ്രീം കോടതി. സാമ്പത്തിക താത്പര്യം നോക്കി കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നു. മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

മുന്‍ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചു. അശോക് ലാവസ രാജിവച്ച ഒഴിവിലാണു നിയമനം. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കാനാണ് അദ്ദേഹം രാജിവച്ചത്. സുനില്‍ അറോറയാണ് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍.

വിദ്വേഷപ്രചരണങ്ങള്‍ അനുവദിക്കില്ലെന്ന് ഫേസ് ബുക്ക്. ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ പിന്തുണച്ചെന്ന ആക്ഷേപത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടറായ അജിത്ത് മോഹന്‍.  ഫെയ്‌സ്ബുക്കില്‍ എന്ത് അനുവദിക്കുമെന്ന് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡില്‍ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മതത്തിന്റേയും വംശത്തിന്റേയും ദേശീയതയുടേയും പേരില്‍ വ്യക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കും. അദ്ദേഹം പറഞ്ഞു.

ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. ഇത്തരം എന്‍.ജി.ഒകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് വിസ ഉള്‍പ്പെടെയുള്ളവ അനുവദിക്കുന്നതില്‍ നിയന്ത്രണമുണ്ടാകും.

തെലങ്കാനയിലെ ശ്രീശൈലത്ത് തീപിടിത്തമുണ്ടായ ജലവൈദ്യുത നിലയത്തില്‍ കുടുങ്ങിയ ഒമ്പതു പേരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഫ്‌ളാറ്റിന്റെ വാതില്‍ താഴ് തുറക്കാന്‍ വന്ന തന്നോട് അകത്തേക്കു പ്രവേശിക്കരുതെന്ന് അവിടെയുണ്ടായിരുന്നവര്‍ ആവശ്യപ്പെട്ടെന്ന് ഫ്‌ളാറ്റിന്റെ താഴു നിര്‍മിച്ച കൊല്ലന്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം കടന്നു. ഇന്നലെ 5,780 പേര്‍കൂടി മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 8,02,318 ആയി. 2,46,486 പേര്‍കൂടി രോഗികളായി. ഇതുവരെ 2.30 കോടി പേരാണു രോഗികളായത്. ഇന്നലെ അമേരിക്കയില്‍ 1,123 പേരും ബ്രസീലില്‍ 1,031 പേരും മരിച്ചു.  

പ്ലേ മ്യൂസിക് സേവനം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുമെന്ന്  ഗൂഗിള്‍. പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്കു മാറാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായി. വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മണിക ബത്ര, പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ഹോക്കി താരം റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍ രത്ന പുരസ്‌കാരം. മുന്‍ മലയാളി അത്ലറ്റ് ജിന്‍സി ഫിലിപ്പ് ധ്യാന്‍ചന്ദ് പുരസ്‌കാരം നേടി.  

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, ഫുട്ബോള്‍ താരം സന്ദേശ് ജിംഗാന്‍, അത്ലറ്റ് ദ്യുതീ ചന്ദ് എന്നിവരടക്കം 27 പേരാണ് അര്‍ജുന പുരസ്‌കാര ജേതാക്കള്‍.

ജിയോ പ്ലാറ്റ്ഫോംസില്‍  സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് 7500 കോടി രൂപ (ഒരു ബില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തിയേക്കും. ഇവരെകൂടാതെ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും സമാനമായ തുക നിക്ഷേപം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ജിയോയുടെ ഫൈബര്‍ മേഖലയിലായിരിക്കും ഇരുകമ്പനികളും നിക്ഷേപം നടത്തുക. നിലവില്‍ ഒരു ഡസനിലേറെ വിദേശ കമ്പനികള്‍ക്കായി ജിയോയില്‍ 32.97ശതമാനം ഉടമസ്ഥതാവകാശമുണ്ട്.

കൊവിഡ് രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗം വരുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം പിടിപെടാമെന്ന് രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐസിഎംആറിന്റെ വിശദീകരണം. ഇതിന് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടിലെന്നാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഗിരിധര ബാബു പറയുന്നത്. ചില വ്യക്തികളില്‍ വൈറസ് കൂടുതല്‍ കാലം നിലനില്‍ക്കുന്നതായി കൊവിഡ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററായ ശശികിരണ്‍ ഉമാകാന്ത് പറഞ്ഞു. ഒരാഴ്ചയോ 10 ദിവസമോ കഴിഞ്ഞാല്‍, വൈറസിന് മറ്റുള്ളവരില്‍ രോഗം വ്യാപിപ്പിക്കാനോ അണുബാധയുണ്ടാക്കാനോ കഴിയില്ല. കൊവിഡ് നിര്‍ണയിക്കാന്‍ സാധാരണയായി നടത്തുന്ന പരിശോധനയ്ക്ക് വൈറസ് കണങ്ങളെ തിരിച്ചറിയാന്‍ കഴിയും, എന്നാല്‍ ഈ കണികകള്‍ സജീവമായവ ആണോ നിര്‍ജീവമാണോ എന്ന് മനസിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം ഭേദമായവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകുന്നുവെന്നാണ് ദില്ലിയിലെ ഏതാനും ആശുപത്രികള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ദ്വാരകയിലെ ആകാശ് ഹെല്‍ത്ത്കെയര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

തൊഴിലന്വേഷകര്‍ക്കായി ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താനായി ആന്‍ഡ്രോയ്ഡിലെ ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ കോര്‍മോ ജോബ്സ് എന്നൊരു ആപ്പ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ കാലത്തിനിണങ്ങിയ കഴിവുകളുള്ള ജോലിക്കാരെയാണ് കമ്പനികള്‍ അന്വേഷിക്കുന്നത്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലുള്ള കഴിവുകളുള്ള തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാവിനും പരസ്പരം കണ്ടെത്താനുള്ള ഒരു വേദിയാണ് കോര്‍മോ ജോബ്സ് എന്നാണ് ഗൂഗിള്‍ പറയുന്നത്.

മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന 'സീ യു സൂണ്‍' ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫഹദ് ഫാസില്‍ ആണ് നിര്‍മ്മാണം. ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

'ക്യൂട്ടീസ്' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ പോസ്റ്റര്‍ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് നെറ്റ്ഫ്ളിക്സ്. പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടി ഫ്രീ സ്പിരിറ്റ് ഡാന്‍സ് ക്രൂവില്‍ ചേരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുകയും ശിശു ലൈംഗിക പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനമാണ് പോസ്റ്ററിനെതിരെ ഉയരുന്നത്. ചിത്രം പിന്‍വലിക്കണമെന്നാണ് ആയിരക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ കാമ്പയിനില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്. ഇതോടെയാണ് നെറ്റ്ഫ്ളിക്സ് മാപ്പ് പറഞ്ഞെത്തിയിരിക്കുന്നത്.

ജര്‍മ്മന്‍ ഹൈ പെര്‍ഫോമെന്‍സ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ പുതിയ 2021 പനാമേര മോഡലിനെ ഹൈബ്രിഡ് എഞ്ചിനുമായി വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 26 ന് വാഹനം അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഹൈബ്രിഡ് സ്പോര്‍ട്സ് കാറിന്റെ ടീസര്‍ കമ്പനി പുറത്തിറക്കി.


🔳എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. 'പോയട്രി കില്ലര്‍'. ശ്രീ പാര്‍വതി. ഡിസി ബുക്‌സ്. വില 142 രൂപ.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...