അയർലണ്ടിലെ നഴ്‌സെസിന്റെയും മിഡ്‌വൈവസിന്റെയും ഏക സംഘടനയായ INMO യുടെ ഇൻറർനാഷണൽ നഴ്സസ് വിഭാഗം ഇരുപതു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ആഘോഷ പരിപാടികളും നഴ്സിംഗ് കോൺഫെറെൻസും സംഘടിപ്പിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നും ജോലിക്കെത്തുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കണ്ടെത്തുന്നതിനുമായി 2003 ഇൽ ആണ് INMO ഇന്റർനാഷണൽ നഴ്‌സസ് വിങ് രൂപീകൃതമായത്. അയർലണ്ടിൽ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാർക്ക് കുടുംബത്തെ കൂടെ കൊണ്ട് വരുവാനുള്ള അനുവാദം, അവരുടെ സ്പൗസിനു അയർലണ്ടിൽ ജോലി ചെയ്യാനുള്ള അനുവാദം നേടിയെടുത്തതും പ്രസ്തുത സെക്ഷന്റെ നേട്ടങ്ങളിൽ ചിലതാണ്. 06 ഡിസംബർ 2023 INMO തലസ്ഥാനമായ റിച്ച്മണ്ട് സെന്റർ, ഡബ്ലിനിൽ വച്ചാണ് പരിപാടികൾ നടന്നത് .
അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ കോൺഫറൻസ് ഉത്ഘാടനം നിർവഹിച്ചു . ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോൺലി, ചിൽഡ്രൻ ഇക്വാലിറ്റി, ഇന്റഗ്രേഷൻ മിനിസ്റ്റർ റോഡറിക് ഒ ഗോർമാൻ എന്നിവർ കോൺഫെറെൻസിൽ സംസാരിച്ചു. വിദേശ നഴ്സുമാർക്ക് സുരക്ഷയും സമത്വവും ഉറപ്പു വരുത്തുമെന്നും, അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുമെന്നും ഭവന പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായുള്ള എല്ലാ പരിശ്രമങ്ങളും ഉണ്ടാകും എന്നും മന്ത്രിമാർ ഉറപ്പു നൽകി. അയർലണ്ടിലെ ആരോഗ്യ മേഖലയെ നിലനിർത്തുന്നത് വിദേശ നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ആണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. അവരുടെ സേവനം അംഗീകരിക്കുന്നതിനോടൊപ്പം നന്ദി അറിയിക്കുകയും ചെയ്തു. അയർലണ്ടിൽ എത്തുന്ന വിദേശ നഴ്‌സുമാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ്. അയർലൻഡ് നഴ്സിംഗ് ബോർഡ് (NMBI) 2023 കണക്കുകൾ പ്രകാരം 6257 പേർ രജിസ്റ്റർ ചെയ്തവരിൽ 4673 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
INMO നാഷണൽ ജനറൽ സെക്രട്ടറി ഫിൽ നെയി, നാഷണൽ പ്രസിഡന്റ് കാരൻ മക്ഗോവൻ , ഇന്റർനാഷണൽ കൌൺസിൽ ഫോർ നഴ്സസ് (ICN) പ്രസിഡന്റ് പമേല സിപ്രിയനോ, യൂറോപ്യൻ ഫെഡറേഷൻ ഓഫ് നഴ്സസ് അസ്സോസിയേഷൻസ് ജനറൽ സെക്രട്ടറി പോൾ ഡി റേവ്, യുക്രയിൻ നഴ്സിംഗ് മേധാവി കാതറീന ബലബനോവ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
നൈജീരിയ ഫിലിപ്പിനോ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. മലയാളി നഴ്സുമാരായ റീമ, ഷൈനി, ജിൽന , ജാനറ്റ്, നീനു, ക്രിസ്റ്റിന, അവതരിപ്പിച്ച ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളുടെ ഫാഷൻ ഷോ വളരെ ആകർഷണീയമായി.
INMO ഇന്റർനാഷണൽ നഴ്സസ് സെക്ഷന്റെ ഭാഗമാകുവാൻ താല്പര്യപ്പെടുന്നവർ 0894996722 ബന്ധപ്പെടാവുന്നതാണ്.