നിരവധി തവണ ബന്ധപ്പെട്ടിട്ടും നൂറുകണക്കിന് മുന്നറിയിപ്പുകള്‍ നൽകിയിട്ടും ഒരു രക്ഷയുമില്ല. M50-യില്‍ ടോള്‍ പണം അടയ്ക്കാതിരിക്കുകയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് ലഭിച്ചിട്ടും ഹരാജകാത്തിരിക്കുകയും ചെയ്ത കേസുകളിൽ 6 ഓളം ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴയാണ് അയർലണ്ടിലെ കോടതി വിധിച്ചിരിക്കുന്നത്. എല്ലാവര്‍ക്കുമായി 78,000 യൂറോ പിഴയാണ് ഡബ്ലിന്‍ ജില്ലാ കോടതി വിധിച്ചിരിക്കുന്നത്.
ഓരോ തവണ ടോള്‍ നല്‍കാതിരിക്കുമ്പോഴും 5,000 യൂറോ വരെ പിഴ ഈടാക്കാനും, ആറ് മാസം വരെ തടവ് ശിക്ഷ വിധിക്കാനും വകുപ്പുകൾ പറയുന്നു. എന്നാല്‍ സ്ഥിരമായി നിയമലംഘനം നടത്തുന്നവരെയാണ് കോടതിയില്‍ എത്തിക്കുന്നത്.
നിലവിൽ സ്വകാര്യ കാറുകള്‍ക്ക് 3.20 യൂറോ ആണ് M50 ടോള്‍ ചാര്‍ജ്ജ്. യാത്രാ ദിവസം രാത്രി 8.00 മണിക്കുള്ളില്‍ ഇത് അടച്ചിരിക്കണം. അല്ലാതപക്ഷം 3 യൂറോ പിഴ അധികമായി നല്‍കണം. 14 ദിവസം വരെ ഇതിന് സമയമുണ്ട്. ഇതിന് ശേഷം പിഴ വര്‍ദ്ധിക്കും.പണമടയ്ക്കാത്ത പക്ഷം 56 ദിവസത്തിന് ശേഷം പിഴ വളരെയേറെ ഉയരുകയും, ഇതും അടയ്ക്കാതെ വന്നാല്‍ മുന്നറിയിപ്പ് ലെറ്ററുകള്‍ ലഭിക്കുകയും, കേസ് കോടതിയിലെത്തുകയും ചെയ്യും. നിയമലംഘനം നടത്തിയത് ആരാണെങ്കിലും, വാഹനത്തിന്റെ ഉടമയ്ക്ക് കേസ് നേരിടേണ്ടി വരിക.
ഇന്നലെ വിധി പറഞ്ഞ കേസുകളിൽ ശിക്ഷ ലഭിച്ച 6 പേരില്‍ രണ്ട് പേര്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഓടിക്കുന്നവരാണ്. 2022 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവര്‍ ടോള്‍ നല്‍കാതെ M50-യില്‍ കൂടി വാഹനമോടിച്ചത്. 6,000 മുതല്‍ 25,000 യൂറോ വരെയാണ് പിഴ ലഭിച്ചിരിക്കുന്നത്.
ശിക്ഷ ലഭിച്ച ഒരു ട്രക്ക് ഡ്രൈവര്‍ 458 തവണയാണ് M50 വഴി പോയത്. ഒരിക്കല്‍ പോലും ടോള്‍ നല്‍കാത്ത ഇയാള്‍ക്ക് 25,000 യൂറോ ആണ് പിഴ വിധിച്ചിരിക്കുന്നത്. 1,100 മുന്നറിയിപ്പുകളാണ് TII ഇയാള്‍ക്ക് അയച്ചിരുന്നത്. ശേഷം സമന്‍സ് അയച്ചിട്ടും ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
നിയമലംഘകരായ ആറ് പേര്‍ക്കും നൂറുകണക്കിന് മുന്നറിയിപ്പുകളാണ് Transport Infrastructure Ireland (TII) അയച്ചത്. ആകെ 23 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും 16 എണ്ണം കോടതി മാറ്റിവയ്ക്കുകയായിരുന്നു. ഒരെണ്ണം ഒഴിവാക്കുകയും ചെയ്തു.