ഡബ്ലിൻ: പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയര്ലണ്ടിലെ സീറോമലബാര് സഭയുടെ മരിയൻ തീർത്ഥാടനം മെയ് 13 ശനിയാഴ്ച്ച നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.
അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 13 ശനിയാഴ്ച
തിങ്കളാഴ്ച, മേയ് 08, 2023
റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരുന്ന അയർലണ്ടിലെതന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിൽ ഒന്നാണ് മെയ്‌മാസം നടത്തപ്പെടുന്ന സീറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർത്ഥാടനം.
കൊടികളും മുത്തുക്കുടകളും സ്വര്ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് പ്രാര്ത്ഥനഗാനങ്ങള് ആലപിച്ച് വിശ്വാസികള് അണിചേരുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസി സമൂഹത്തിൻ്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകും.
അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്ന് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽ ഒരുമിച്ചുകൂടും.
കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, അയർലണ്ടിലെ ലിവിങ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ വലിയ കുടുംബങ്ങളേയും ആദരിക്കും.
നോക്ക് മരിയന് തീര്ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്ലണ്ടിലെ മുഴുവന് വിശ്വാസികളേയും പ്രാര്ത്ഥനാപൂര്വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.