ആതുരശുശ്രുഷാ രംഗത്തെ നേഴ്സ്‌മാർക്ക് ഉള്ള ലോകത്തിന്റെ ആദരം."മെയ് 12 ഇന്റർനാഷണൽ നേഴ്സസ് ഡേ"
നഴ്‌സുമാർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ അടയാളപ്പെടുത്തുന്നതിനായി എല്ലാ വർഷവും മെയ് 12 (ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനം) ലോകമെമ്പാടും ആചരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണ് ഇന്റർനാഷണൽ നഴ്‌സസ് ഡേ (IND).
ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) 1965 മുതൽ ഈ ദിനം ആചരിച്ചുവരുന്നു. 1953-ൽ യു.എസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡൊറോത്തി സതർലാൻഡ്, പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻഹോവറിനോട് "നഴ്‌സസ് ദിനം" പ്രഖ്യാപിക്കാൻ നിർദ്ദേശിച്ചു; എന്നാൽ അദ്ദേഹം അത് അംഗീകരിച്ചില്ല.
1974 ജനുവരിയിൽ, ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായതിനാൽ ഈ ദിനം ആഘോഷിക്കാൻ മെയ് 12 തിരഞ്ഞെടുത്തു. ഓരോ വർഷവും, ICN അന്താരാഷ്ട്ര നഴ്‌സസ് ദിന കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നു. എല്ലായിടത്തും നഴ്‌സുമാരുടെ ഉപയോഗത്തിനായി, വിദ്യാഭ്യാസപരവും പൊതുവിജ്ഞാന സാമഗ്രികളും കിറ്റിൽ അടങ്ങിയിരിക്കുന്നു. 1998 ലെ കണക്കനുസരിച്ച്, മെയ് 8 വാർഷിക ദേശീയ വിദ്യാർത്ഥി നഴ്‌സസ് ദിനമായി നിയോഗിക്കപ്പെട്ടു.
കേരളത്തിന്റെ നൈറ്റിംഗേൽ സിസ്റ്റർ ലിനി പുതുശ്ശേരി ????
കേരളത്തിൽ നിന്നുള്ള അരോഗ്യ ശുശ്രൂഷകയായിരുന്നു ലിനി പുതുശ്ശേരി.(Lini Puthussery) 'ഇന്ത്യയുടെ ഹീറോ' എന്ന് ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും വിശേഷിപ്പിച്ചു. 2018 ൽ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് എന്ന ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് പകർച്ചവ്യാധിയിൽ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് മരിച്ചതോടെ ലോക ജനശ്രദ്ധയിലേക്കെത്തി.
കോഴിക്കോട് ജില്ലയിലെ ചെമ്പനോട എന്ന ഗ്രാമത്തിലാണ് ലിനി ജീവിച്ചിരുന്നത്. ഭർത്താവ് സജീഷ് ബഹ്റൈനിലാണ് ജോലി ചെയ്തിരുന്നത്. മക്കൾ റിതുൽ സിദ്ധാർത്ഥ് എന്നിവർ. ഭർത്താവ് ലിനിക്കായി കുടുംബ വിസക്ക് ശ്രമിച്ചിരുന്നു എങ്കിലും ലിനി തന്റേതായ ജോലിയിലൂടെ വിസ കരസ്ഥമാക്കി ബഹറിനിലേക്ക് പോകാനാണ് ആഗ്രഹിച്ചിരുന്നത്.
ലോകത്തിൽ അപൂർവ്വമായി മാത്രം ഉണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് നിപ വൈറസ് ബാധ അഥവ എൻ. ഐ. വി. ബാധ. 2018 ൽ കേരളത്തിൽ ഇതിന്റെ ആദ്യത്തെ പടർച്ച ഉണ്ടായത് കോഴിക്കോട് ചെങ്ങരോത്ത് എന്ന ഗ്രാമത്തിലാണ്. അവിടെയുള്ള മുഹമ്മദ് സാബിത്ത് എന്നയാൾക്കാണ് ഇത് ആദ്യമായി ബാധിച്ചത്. തുടർന്ന് സാബിത്ത് രോഗചികിത്സ തേടിയെത്തിയ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന നർസിങ്ങ് ജീവനക്കാരിയായിരുന്നു ലിനി. സാബിത്തിന്റെ ഒരു രാത്രി മുഴുവനും പരിചരിച്ചത് ലിനി ആയിരുന്നു. വേണ്ടത്ര സുരക്ഷ എടുക്കാതിരുന്നതുകൊണ്ട് ലിനിക്കും രോഗം ബാധിച്ചു. നിപ്പ വൈറസ് ആണു പകർച്ചവ്യാധിക്കു കാരണമെന്നു കണ്ടുപിടിക്കുന്നതിനു മുൻപേ ആയിരുന്നു. സാബിത്തിനെ ലിനി പരിചരിച്ചത്. പിന്നീട് വൈറസിനെ കണ്ടെത്തിയതിനുശേഷം ആരോഗ്യപ്രവർത്തകർ മതിയായ സുരക്ഷക്രമീകരണങ്ങൾ സ്വീകരിച്ചു എങ്കിലും ലിനിയെ രോഗം ബാധിച്ചു കഴിഞ്ഞിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം സാബിത്ത് മരണത്തിനു കീഴടങ്ങിയിരുന്നു. അതിനകം കേരളത്തിലെ പകർച്ചവ്യാധി ലോക ജനശ്രദ്ധയാകർഷിച്ചിരുന്നു. തുടർന്ന് ഒരാഴ്ചക്ക് ശേഷം ലിനി തനിക്ക് സാബിത്തിന്റേതിനു സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടെന്നു തിരിച്ചറിയുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്ന് ചികിത്സക്കായി പ്രവേശനം തേടുകയും ചെയ്തു. തന്നെ പ്രത്യേക സുരക്ഷാ വാർഡിലേക്ക് മാറ്റണമെന്ന് ലിനി അഭ്യർത്ഥിച്ചിരുന്നു. പിറ്റേന്ന് രാവിലെ ലിനി മരണത്തിനു കീഴടങ്ങി. മരണക്കിടക്കയിൽ കിടന്നുകൊണ്ട് ലിനി ഭർത്താവിനെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ പ്രചരണത്തിനു കാരണമായി.
ലിനിക്കൊപ്പം ജോലി ചെയ്തിരുന്നവരും നിപാ വൈറസിനു വേണ്ടി പ്രത്യേക നിയോഗിക്കപ്പെട്ട ആരോഗ്യപ്രവർത്തകരും പനി ബാധിച്ചിട്ടു പോലും അത് അവഗണിച്ച് രോഗീ ശുശ്രൂഷയ്ക്കായെത്തിയ ലിനിയെ അഭിനവ നായികയായി പ്രകീർത്തിക്കുകയുണ്ടായി.
ദ എക്കണോമിസ്റ്റ് എന്ന ലോകപ്രശസ്തമാഗസിൻ അവരുടെ ചരമ കോളത്തിൽ ഒരു ഹൃദ്യമായ കോളം തന്നെ ലിനിയുടെ ഓർമ്മയിൽ എഴുതി. അതിനെ തുടർന്ന് ലോകാരോഗ്യസംഘടന ലിനിയുടെ നിസ്സ്വാർത്ഥമായ സേവനത്തെ പുകഴ്ത്തുകയുണ്ടായി. ആരോഗ്യപ്രവർത്തകരുടെ ഡയറക്റ്ററായ ജിം കാമ്പെൽ ലിനിയുടെ ത്യാഗം ഗാസയിലെ റാസൻ അൽ നജ്ജാർ, ലൈബീരിയയിലെ സലോമി കർവാ എന്നിവരുടേ ത്യാഗത്തിതിനൊപ്പമാണെന്ന് റ്റ്വീറ്റ് ചെയ്തു.