നാളിതുവരെ അയർലണ്ട് കണ്ടതിൽ വച്ച് ഏറ്റവും വലിയ സെവൻസ് ഫുട്ബോൾ മാമാങ്കം അളിയൻസ് Drogheda FC യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അളിയൻസ് Drogheda സെവൻസ്ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2022 സെപ്റ്റംബർ മാസം പതിനേഴാം തീയതി സ്റ്റാമുള്ളനിൽ ഉള്ള St. Patrick's GAA ക്ലബ്ബിൽ വച്ച് രാവിലെ ഒമ്പതര മുതൽ നടത്തപ്പെടുന്നതാണ്.
അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള160ൽ പരം പ്രഗൽഭ കായികതാരങ്ങളെ അണിനിരത്തിക്കൊണ്ട് ഒരുക്കുന്ന ഈ മഹാ കാൽപന്ത് മേളയിലേക്ക് ഒഴുകിയെത്താൻ ഇരിക്കുന്നത് ദേശത്തിന്റെ എല്ലാ കൗണ്ടികളിൽ നിന്നുമുള്ള ഫുട്ബോൾ കായിക പ്രേമികളാണ്.ഒരുക്കങ്ങളുടെ പൂർത്തീകരണത്തിലേക്ക് അടുക്കുന്ന ഈ വേളയിൽ വൻ സജ്ജീകരണ സന്നാഹങ്ങളാണ് അളിയൻസ് Drogheda കരുതി വെച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ അന്തർദേശീയ നിലവാരം ഉള്ള റഫ്രിമാർ, ലോകനിലവാരത്തിലുള്ള ടർഫ് പിച്ചുകൾ, പാർക്കിംഗ് സൗകര്യങ്ങൾ, വോളണ്ടിയേഴ്സ്, സെക്യൂരിറ്റി സേവനങ്ങൾ മുതലായ പ്രശംസനീയമായ ഏർപ്പെടുത്തലുകൾ ഈ ചാമ്പ്യൻഷിപ്പ് ടൂർണമെന്റിന്റെ പ്രത്യേകതകളാണ്."ചങ്കും കരളും പറിച്ചെടുത്താലും ചങ്കൂറ്റത്തെ കടപുഴക്കാൻ കഴിയില്ല" എന്നതായിരിക്കും ഈ ടൂർണമെന്റിന്റെ ആപ്തവാക്യം. ബൂട്ട് കെട്ടി, ഗ്ലൗസ് ധരിച്ച്, കണങ്കാലും കൊണ്ട് കണക്കുകളുടെ കഥ പറയുവാനും കിരീടം വെട്ടിപ്പിടിക്കുവാനും, കപ്പിന്റെയും ചുണ്ടിന്റെയും ഇടയ്ക്കുള്ള നൂൽപ്പാലം മുറിച്ചു കിടക്കുവാനുമായി പതിനാറിൽ പരം ടീമുകളാണ് അണിനിരക്കാൻ പോകുന്നത്.
കാൽപന്തുകളിയെന്ന കായിക വിനോദത്തെ നെഞ്ചിലിട്ട് താലോലിക്കുന്ന ഓരോ കായിക പ്രേമിയെയും ഈ വേളയിലേക്ക് അളിയൻ Drogheda ആത്മാർത്ഥമായി ഉപചാരപൂർവ്വം സ്വാഗതം ചെയ്യുന്നു. സങ്കുചിതവും വിഭാഗീയവുമായ മനോഭാവമില്ലാതെ ( അതിന് അനുവദിക്കുകയും ചെയ്യാതെ) കലാകായിക താൽപര്യങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയോടും സഹായ സന്നദ്ധതയോടും കൂടെ നിലകൊള്ളുന്ന എല്ലാ തലമുറയിലും പെട്ടവരുടെ ഒരു കൂട്ടായ്മ ആണ് അളിയൻസ് Drogheda.
അതുപോലെ ഈ മാമാങ്കത്തിലേക്ക് ഒഫീഷ്യൽ സ്പോൺസർമാരായി അണിനിരക്കുന്നത് ഗ്രീൻലാൻഡ് സ്പൈസസ് Drogheda, ബ്ലാക്ക് വൈറ്റ് ടെക്നോളജീസ് Dundalk, അളിയൻ ജോമോൻ ജോസഫ് പിന്നെ പീറ്റേഴ്സ് ഗരാജിന്റെ ഡിനിൽ പീറ്ററും ആണ്.