ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തി ഇന്ത്യയുടെ ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വെള്ളിയാഴ്ച ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നു നടത്തി.
ഡിആർഡിഒയുടെ കീഴിലുള്ള ഗവേഷണ ലബോറട്ടറിയായ ബംഗളൂരു ആസ്ഥാനമായുള്ള എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിഇ) രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ആളില്ലാ യുദ്ധവിമാനം ഒരു ചെറിയ ടർബോഫാൻ എഞ്ചിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ പുറത്തെ ഭാഗങ്ങൾ ( എയർ ഫ്രെയിം) വിമാന-നിയന്ത്രണം , ഏവിയോണിക്സ് സിസ്റ്റം എന്നിവയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതാണ്.
വിമാനത്തിന്റെ ടേക്ക് ഓഫും നാവിഗേഷനും ലാൻഡിങും സുഗമമായിരുന്നു. പരീക്ഷണ പറക്കൽ വിജയകരമായി നടന്നു ഇതിന്റെ വിഡിയോ പുറത്ത് വരുകയും ചെയ്തു.ഭാവിയിൽ ആളില്ലാ വിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർണായകമായ സാങ്കേതികവിദ്യകൾ സ്വന്തമാക്കുന്ന കാര്യത്തിൽ ഈ ആളില്ലാ വിമാനം ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തും. കൂടാതെ ഇത്തരം തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വയം ആശ്രയിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പു കൂടിയാണിതെന്നും ഡിആർഡിഒ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഡിആർഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. 'ചിത്രദുർഗ എടിആറിൽ നിന്നും സ്വയം പറക്കുന്ന ആളില്ലാ വിമാനത്തിന്റെ വിജയകരമായ കന്നി പറക്കലിന് ഡിആർഡിഒയ്ക്ക് അഭിനന്ദനങ്ങൾ. നിർണായകമായ സൈനിക സംവിധാനങ്ങളുടെ കാര്യത്തിൽ ആത്മനിർഭർ ഭാരതിന് വഴിയൊരുക്കുന്ന സ്വയംഭരണ വിമാനങ്ങളിലേക്കുള്ള വലിയ നേട്ടം കൂടിയാണിത്'.
#DRDOUpdates | Successful Maiden Flight of Autonomous Flying Wing Technology Demonstrator@PMOIndia https://t.co/K2bsCRXaYp https://t.co/brHxaH7wbF pic.twitter.com/SbMnI5tgUM
— DRDO (@DRDO_India) July 1, 2022