കൊളംബോ: ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ശ്രീലങ്കയുമായി ബന്ധപ്പെട്ട പ്രശ്‌നം വളരെ ഗുരുതരമായ വിഷയമാണ്. നിലവില്‍ ശ്രീലങ്കയില്‍നിന്ന് അഭയാര്‍ഥി പ്രവാഹം പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ കേരള-തമിഴ്‌നാട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. പ്രധാനമന്ത്രി വിഷയത്തില്‍ പ്രത്യേക പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ലങ്കയ്ക്ക് ആവശ്യമായ സഹായം ഇന്ത്യ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്.
മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് പ്രതിഷേധക്കാര്‍ ഇരമ്പിയാര്‍ക്കുകയായിരുന്നു.
പ്രസിഡന്റിന്റെ വസതിയില്‍ കടന്ന പ്രതിഷേധക്കാര്‍ അവിടെയുണ്ടായിരുന്ന പിയാനോ വായിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയും പുറത്തെത്തി.
പ്രക്ഷോഭകര്‍ ഔദ്യോഗികവസതി പിടിച്ചെടുത്തതോടെ ഒളിവില്‍ പോയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജ്യം വിട്ടെന്നാണ് സൂചന.
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ. പണം പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ടെത്തിയ പണം സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഡെയ്‍ലി മിറർ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
17.8 ദശലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മറ്റൊരു സംഘം പ്രതിഷേധക്കാർ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ടു. ഈ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്.
ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു. സ്പീക്കറുടെ നേതൃത്വത്തിൽ ചേർന്ന സർവ കക്ഷിയോഗം പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടിരുന്നു. സർവകക്ഷി സർക്കാരിന് വഴിയൊരുക്കാനായിരുന്നു രാജി ആവശ്യപ്പെട്ടത്. 'ഭരണത്തുടർച്ചയും പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സർവകക്ഷിയോഗത്തിന്റെ നിർദേശം അംഗീകരിക്കുന്നു. പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവക്കുന്നു'- റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.
ഗോട്ടബയ ബുധനാഴ്ച രാജി വയ്ക്കുമെന്ന് സ്പീക്കര്‍ മഹിന്ദ അബൈവര്‍ധന പറഞ്ഞു. സ്പീക്കര്‍ ഇടക്കാല പ്രസിഡന്‍റാകാനും 30 ദിവസത്തിനുളളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനും ധാരണയായി.
ശ്രീലങ്കന്‍ ഭരണഘടന അനുസരിച്ച് പ്രസിഡന്‍റ് രാജിവച്ചാല്‍ 3 ദിവസത്തിനകം പാര്‍ലമെന്‍റ് സമ്മേളിച്ച് അംഗങ്ങളില്‍ നിന്ന് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കണം. ഒന്നിലേറെ പേരുകള്‍ ഉയര്‍ന്നാല്‍ രഹസ്യബാലറ്റ് വഴി തിരഞ്ഞെടുപ്പ് നടത്തണം. രാജിവച്ച പ്രസിഡന്‍റിന് ശേഷിക്കുന്ന കാലാവധി വരെ പുതിയ പ്രസിഡന്റ് തുടരാം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ സംയമനം പാലിക്കണമെന്ന് പട്ടാളമേധാവി ജനങ്ങളോട് അഭ്യര്‍ഥിച്ചു.