അയർലണ്ടിലെ കോർക്ക് & റോസ് രൂപതാബിഷപ്പ്, ബഹു. ഫിന്റൻ ഗാവിനും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ, ബഹു. സ്റ്റീഫൻ ചിറപ്പണത്തും കോർക്കിലുള്ള സീറോ മലബാർ സഭാ സമൂഹത്തെ ഔദ്യോഗികമായി സന്ദർശിച്ചു.
അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്ററായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലും ഒപ്പമുണ്ടായിരുന്നു. സന്ദർശനത്തിനിടയിലും അതിനോടനുബന്ധിച്ചുമാണ് കോർക്കിലെ സീറോ മലബാർ സഭാ സമൂഹത്തിനു സന്തോഷവും ആശ്വാസവും നൽകുന്ന തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായത്.
2022 മാർച്ച് 13 ഞായറാഴ്ച വൈകുന്നേരം 3.45 ന് കോർക്കിലെ വിശ്വാസി സമൂഹം, വിൽട്ടൻ സെൻറ്. ജോസഫ് ദേവാലയ അങ്കണത്തിൽ ചാപ്ലൈൻ ഫാ. ജിൽസൺ കൊക്കണ്ടത്തിലിന്റെയും, കൈക്കാരൻമാരുടെയും നേതൃത്വത്തിൽ മൂവർക്കും സ്വീകരണം നൽകി. പൂക്കൂടകളുമായി കുട്ടികളും, ചെണ്ടമേളവും, വർണക്കുടകളും, പൂച്ചെണ്ടുകളുമായി മുതിർന്നവരും ഒരുക്കിയ സ്വീകരണം കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു. വി. കുർബാനയ്ക്ക് മുൻപായി ഫാ. ജിൽസൺ ബിഷപ്പുമാരെയും ഫാ. ക്ലമന്റിനെയും സഭാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.
ആഘോഷമായ സീറോ മലബാർ കുർബാനയിൽ ബിഷപ്പ് സ്റ്റീഫൻ മുഖ്യ കാർമ്മികനും, ബിഷപ്പ് ഫിന്റനും, ഫാ. ക്ലമന്റും, ഫാ. ജിൽസണും സഹകാർമ്മികരുമായിരുന്നു. ബിഷപ്പ് ഫിന്റൻ വി. കുർബാനമദ്ധ്യേ വചന സന്ദേശം നൽകി. പ്രാർത്ഥന, ഉപവാസം, ദാനധർമം എന്നിവയിലൂടെ ഈ നോമ്പുകാലത്തിൽ നാം നമ്മെതന്നെ വിശുദ്ധീകരിക്കണമെന്ന് അദ്ദേഹം സഭാസമൂഹത്തെ ഓർമിപ്പിച്ചു. "ക്ഷമിക്കാതെ നമുക്ക് ഭാവിയില്ല" എന്ന പ്രശസ്ത ദൈവ ശാസ്ത്രജ്ഞൻ ആയിരുന്ന, അന്തരിച്ച ആർച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട്, എല്ലാം ക്ഷമിക്കുവാനും, ഒരുമയോടെ മുന്നോട്ടു പോകുവാനും അങ്ങനെ കെട്ടുറപ്പുള്ള ഒരു വിശ്വാസി സമൂഹത്തെ വാർത്തെടുക്കാൻ എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കണമെന്നും ബിഷപ്പ് സ്റ്റീഫനും ആഹ്വാനം ചെയ്തു.
തുടർന്ന് എസ്. എം. എ ഹാളിൽ വെച്ചു നടത്തപ്പെട്ട പബ്ലിക് മീറ്റിംഗിൽ കൈക്കാരനായ സോണി ജോസഫ് മറ്റുകൈക്കാരന്മാരായ ഡിനോ ജോർജ്, ഷിന്റോ ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ ബിഷപ്പ് ഫിന്റൻ ഗാവിന് സഭാ സമൂഹത്തിന്റെ ഒരു ഉപഹാരം സമർപ്പിച്ചു. ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും, മറ്റു മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കും ഉള്ള സമ്മാനങ്ങൾ അന്ന് വിതരണം ചെയ്തു. സ്നേഹ വിരുന്നോടെയാണ് മീറ്റിംഗ് സമാപിച്ചത്.
ഞായറാഴ്ച്ചയിലെ പൊതു സന്ദർശനത്തിന് മുൻപായി 11, 12 തീയതികളിൽ കൈക്കാരന്മാരും, പ്രതിനിധിയോഗ അംഗങ്ങളും, മറ്റു സഭാ വിശ്വാസികളുമായി നടന്ന കൂടിക്കാഴ്ചയിൽ മൂവരും ഫാ. ജിൽസന്റെ സാന്നിധ്യത്തിൽ വിശ്വാസി സമൂഹത്തിന്റെ ആശങ്കളും പരാതികളും ശ്രവിക്കുകയുണ്ടായി. പ്രതിനിധിയോഗ അംഗങ്ങളുമായുമായി നടന്ന കൂടിക്കാഴ്ചയിൽ ട്രസ്റ്റ് രൂപീകരണത്തിനായി യത്നിക്കുകയും, 205ഓളം കുടുംബങ്ങളെ കോർക്കിലെ സഭാസമൂഹത്തിൽ രജിസ്റ്റർ ചെയ്യുവാൻ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്ത അന്നത്തെ ചാപ്ലൈൻ ആയിരുന്ന ഫാ. സിബി അറക്കൽ, കൈക്കാരന്മാരായിരുന്ന സണ്ണി ജോസഫ്, ഡിനോ ജോർജ് എന്നിവരും, ഇപ്പോഴത്തെ കൈക്കാരന്മാരായ ഡിനോ ജോർജ്, സോണി ജോസഫ്, ഷിന്റോ ജോസ് എന്നിവരും പ്രതിനിധിയോഗം അംഗങ്ങൾക്കൊപ്പം എടുത്ത ഉചിതമായ തീരുമാനങ്ങളെ സ്റ്റീഫൻ പിതാവ് അഭിനന്ദിച്ചതോടൊപ്പം രജിസ്റ്റർ ചെയ്ത എല്ലാ കുടുംബങ്ങൾക്കും നന്ദി പറയുകയും ചെയ്തു.
ഈ ദിവസങ്ങളിൽ നടന്ന ചർച്ചകളുടെയെല്ലാം വെളിച്ചത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ സഭാനേതൃത്വം വിശ്വാസികളെ ഓദ്യോഗികമായി അറിയിച്ചു. കോർക്ക് സീറോ മലബാർ സഭാസമൂഹ നേതൃത്വത്തിനും അവിടെ നിയോഗിക്കപ്പെടുന്ന സീറോ മലബാർ വൈദികർക്കുമെതിരെ കാലങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അപവാദങ്ങൾക്കുള്ള കനത്ത മറുപടിയാണ് ഈ തീരുമാനങ്ങൾ.
ആഗോള സഭയിലെ 24 സഭകളിൽ ഒന്നായ, സ്വയം ഭരണാവകാശമുള്ള Syro Malabar Churchന്റെ സ്വത്വം (Identity) നിലനിർത്തികൊണ്ട്, കോർക്കിലെ സഭാവിശ്വാസികളുടെ കൂട്ടായ്മ ഇനി Syro Malabar Catholic Church Community (SMCCC) in the Diocese of Cork and Ross എന്നായിരിക്കും അറിയപ്പെടുക. സീറോ മലബാർ സഭാവിശ്വാസികളുടെ ഒരു സമൂഹമായിട്ടാണ് നാം ഇവിടെ നിലനിൽക്കേണ്ടത് എന്നും ഭാഷയുടെയോ, നാഷണാലിറ്റിയുടെയോ അടിസ്ഥാനത്തിലുള്ള ഒരു ക്ലബ് / സംഘടന ആയിട്ടല്ല നമ്മൾ അറിയപ്പെടേണ്ടത് എന്നും ബിഷപ്പുമാർ ഓർമിപ്പിച്ചു. അതിനാൽ തന്നെ ഈ സഭാസമൂഹത്തിന്റെ "Exclusive Jurisdiction" കോർക്ക് & റോസ് രൂപതാധ്യക്ഷനായ ബഹു. ബിഷപ്പ് ഫിന്റൻ ഗാവിനായിരിക്കും. അപ്പോസ്തൊലിക് വിസിറ്റേഷന്റെ ആവശ്യപ്രകാരം കോർക്ക് സഭാസമൂഹത്തിന്റെ ചാപ്ലൈനെ നിയമിക്കുന്നത് കോർക്ക് രൂപതാ ബിഷപ്പ് ആണെന്നും അതിനാൽ തന്നെ ഈ വൈദികരെ ശ്രവിക്കുവാനും, അനുസരിക്കുവാനും, ബഹുമാനിക്കുവാനും എല്ലാവർക്കും കടമയുണ്ടെന്നും ബിഷപ്പ് ഫിന്റനും അറിയിച്ചു. വിശ്വാസികളുടെ spiritual, liturgical, theological and religious mattersൽ ചാപ്ലൈന്റെയും നാഷണൽ കോർഡിനേറ്ററുടെയും അപ്പസ്‌തോലിക് വിസിറ്റെറ്ററു ടെയും മാർഗനിർദേശകരേഖകൾ പാലിക്കണമെന്നും മേല്പറഞ്ഞ വിഷയങ്ങളെ സംബന്ധിച്ചുള്ള ഗൗരവമേറിയ വിഷയങ്ങളിൽ കോർക്ക് രൂപതാബിഷപ്പും അപ്പസ്തൊലിക് വിസിറ്റെറ്ററും SMCCCയുടെ വളർച്ചക്കനുസൃതമായ, ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അറിയിച്ചു.
കോർക്ക് രൂപതാ നേതൃത്വം പരസ്യമായി പ്രഖ്യാപിച്ച ഈ സമ്പൂർണ പിന്തുണ ഇവിടെ നിയോഗിക്കപ്പെടുന്ന സീറോ മലബാർ വൈദികർക്കെതിരെ നടത്തുന്ന സംഘടിതമായ ദുഷ്പ്രചരണങ്ങൾക്കും, വ്യക്തിഹത്യക്കും ഒരു ശാശ്വത പരിഹാരം നൽകുമെന്ന പ്രതീക്ഷയിലാണ് കോർക്കിലെ വിശ്വാസി സമൂഹം. കഴിഞ്ഞ കുറേ കാലങ്ങളായി സോഷ്യൽ മീഡിയായിലൂടെയും, ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഗൂഢലക്ഷ്യത്തോടെ (കോർക്കിലെ സീറോ മലബാർ സഭയുടെ വക്താക്കളാണ് എന്ന് സ്വയം അവകാശപ്പെടുന്ന) ചിലർ നടത്തികൊണ്ടിരിക്കുന്ന എല്ലാ നുണ പ്രചാരങ്ങൾക്കും ഈ തീരുമാനങ്ങൾ കനത്ത പ്രഹരമാണ് നൽകിയത്.
കോർക്ക് സീറോ മലബാർ സഭാസമൂഹത്തിൽ മുൻപ് സേവനം ചെയ്ത വൈദികനും കൈക്കാരന്മാരും ചേർന്ന് പണപ്പിരിവിനായി 'സ്വകാര്യ' ട്രസ്റ്റ് രൂപീകരിച്ചു എന്നും ഇതിന് അധികാരികളുടെ അനുവാദമില്ല എന്നും ഇവർ പ്രചരിപ്പിച്ചിരുന്നു. ചാരിറ്റി റെജിസ്ട്രേഷനു വേണ്ടി പൊതുയോഗം എടുത്ത തീരുമാനങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് വൈദികനെയും കൈക്കാരന്മാരെയും ഒറ്റപ്പെടുത്താനും വിശ്വാസികളെ അവർക്കെതിരെ തിരിക്കുന്നതിലൂടെ സഭയെ തന്നെ നാണം കെടുത്താനുമുള്ള ഇവരുടെ ശ്രമങ്ങൾ കുറച്ചു പേരെങ്കിലും വിശ്വസിച്ചു എന്നുള്ളത് വസ്തുതയാണ്. എന്നാൽ സാമ്പത്തിക കാര്യങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനും Government Rules and Regulations, Provisions of Charity Law എന്നിവയൊക്കെ പാലിക്കുന്നതിനും വേണ്ടി, അയർലണ്ടിലെ പ്രഗത്ഭരായ സോളിസിറ്റർസിൻറെ നിർദേശാനുസരണം ഡബ്ലിൻ, ബെൽഫാസ്റ്റ്, ഗാൽവേ, കോർക്ക് എന്നിവിടങ്ങളിൽ ട്രസ്റ്റുകൾ രൂപീകരിക്കുകയായിരുന്നു എന്നും, ട്രസ്റ്റും സീറോ മലബാർ സഭാവിശ്വാസികളുടെ സമൂഹവും വ്യത്യസ്തമാണെന്നും സാമ്പത്തിക /അഡ്മിനിസ്ട്രേറ്റീവ് സുതാര്യതക്കുവേണ്ടി രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് നിർമിച്ച ചട്ടക്കൂട് മാത്രമാണ് ട്രസ്റ്റ് എന്നും രണ്ടു ബിഷപ്പുമാരും വിശദീകരിച്ചു.
മറ്റൊരു ആരോപണം വൈദികനും നേതൃത്വവും കൂടി പണപ്പിരിവു നടത്തുന്നു എന്നാണ്. എന്നാൽ 2008ൽ പൊതുയോഗം നിശ്ചയിച്ച church subscription (10euro/month/family), അന്നത്തെ കോർക്ക് രൂപതാബിഷപ്പ് ബഹു. ജോൺ ബക്ളി അംഗീകരിച്ചിട്ടുള്ളതാണ്. സഭാസമൂഹം ഉപയോഗിക്കുന്ന പള്ളിക്കും, വേദപാഠത്തിനു ഉപയോഗിക്കുന്ന മുറികൾക്കും വാടക കൊടുക്കുന്നതും വൈദികരുടെ വേതനത്തിന്റെ ഒരു ഭാഗം കൊടുക്കുന്നതും ഈ വരുമാനത്തിൽ നിന്നാണെന്നുമുള്ള വസ്തുത മറച്ചുവച്ചുകൊണ്ടാണ് ഇതിനെ പണം തട്ടാനുള്ള മാർഗ്ഗമായി ഇവർ അവതരിപ്പിക്കുന്നത്. ഇതിലൂടെ കോർക്കിലെ സഭയുടെ സുഗമമായ നടത്തിപ്പിന് തടസമുണ്ടാക്കുകയും വൈദികരുടെ സേവനം ഇല്ലാതാക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് ഉള്ളതെന്ന് കോർക്കിലെ വിശ്വാസി സമൂഹം കരുതുന്നു. അതിനാൽ church subscription അനിവാര്യമാണെന്ന് തന്നെയാണ് ഇരു ബിഷപ്പുമാരും തീരുമാനമെടുത്തത്.
അടുത്തയിടെ നേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെട്ട മറ്റൊരു പ്രധാന ആരോപണമാണ് കുട്ടികൾക്ക് വേദപാഠം നിക്ഷേധിച്ചു എന്നത്. എന്നാൽ ഇത് മനഃപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു കള്ളം മാത്രമാണ്. അതായത് കോർക്ക് & റോസ്സ് രൂപതയുടെ നിർദേശപ്രകാരം നിശ്ചയിക്കപ്പെട്ടതായ, മാനദണ്ഡങ്ങൾ ഒന്നും പാലിക്കാൻ തയ്യാറാകാത്ത കുറച്ചു മാതാപിതാക്കൾ (പത്തിൽതാഴെ), നിഷ്കളങ്കരായ കുട്ടികളെ മുമ്പിൽ നിർത്തി നടത്തിയ protest വാർത്തക്കുവേണ്ടി നടത്തിയ ഒരു നാടകം മാത്രമായിരുന്നു എന്ന് മാധ്യസ്ഥത്തിന് ശ്രമിച്ച ഐറിഷ് വൈദികനു മാത്രമല്ല കോർക്കിലെ സാധാരണ വിശ്വാസികൾ ക്കും മനസിലായി. വേദപാഠം ആർക്കും നിഷേധിച്ചിട്ടില്ലെന്നും, നിഷേധിക്കുകയില്ലെന്നും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരുന്നതാണെന്നും ബിഷപ്പുമാർ ഈ പ്രശ്നത്തിനുള്ള തീരുമാനമായി അറിയിച്ചു. അതായത്, സഭാസമൂഹത്തിൽ അംഗമായി രജിസ്റ്റർ ചെയ്തോ, രജിസ്റ്റർ ചെയ്യാൻ താല്പര്യമില്ലാത്തവർ നിശ്ചയപ്പെട്ടിരിക്കുന്ന അഡ്മിനിസ്ട്രേഷൻ ഫീസ് (50 Euro per Child/per year) നൽകിയോ മക്കളെ വേദപാഠത്തിന് അയക്കാവുന്നതാണ്. ഇതിനു തയ്യാറാകാതെ, മറ്റു വിശ്വാസികളുടെ ചിലവിൽ തങ്ങളുടെ സഭാപരമായ ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള ചിലരുടെ പരിശ്രമമായി മാത്രമാണ് കോർക്കിലെ സഭാസമൂഹം ഇതിനെ വിലയിരുത്തുന്നത്.
'Syro Malabar Catholic Church' എന്നുള്ള ചാരിറ്റി റെജിസ്ട്രേഷന്റെ പേര് കോർക്കിലെ ബിഷപ്പിന്റെ നിർദേശപ്രകാരം 'Syro Malabar Catholic Church Community' എന്നാക്കി മാറ്റിയതിനെ തുടർന്ന് സഭാവിരോധികൾ ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ "അയർലണ്ടിൽ ഇനി സീറോ മലബാർ സഭ ഇല്ല" എന്നുവരെ പ്രചരിപ്പിക്കുകയുണ്ടായി.
ഏതു പ്രതിസന്ധികളിലും സഭക്ക് കരുത്തു പകരുന്ന പരിശുദ്ധാത്മ ശക്തിയാൽ, ഇതു പോലുള്ള സംഘടിതമായ ഗൂഢലക്ഷ്യങ്ങളെ ഓരോ വിശ്വാസിയും വിവേചിച്ചറിയുകയും അർഹിക്കുന്ന അവഗണന അതിനു നൽകുകയും വേണം. ക്രിസ്തു കേന്ദ്രീകൃതമായ ഒരു വിശ്വാസ ജീവിതത്തിലൂടെ സഭയെ പടുത്തുയർത്താനും സഭയുടെ പ്രതിസന്ധികളെ പ്രാർത്ഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും തരണം ചെയ്യുവാനും ഓരോരുത്തരും പ്രതിജ്ഞബദ്ധരാകേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്.
കോർക്കിലെ ട്രസ്റ്റ് രൂപീകരണത്തിന്റെ പേരിലും സഭാസമൂഹത്തിന്റെ നന്മക്കു വേണ്ടിയെടുത്ത മറ്റു തീരുമാനങ്ങളുടെ പേരിലും വളരെയേറെ അപവാദങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാക്കപ്പെട്ട ഫാ. സിബി അറക്കലിനും അന്നത്തെ കൈക്കാരന്മാരായ സണ്ണി ജോസഫ്, ഡിനോ ജോർജ് എന്നിവർക്കും, ഇപ്പോഴത്തെ കൈക്കാരന്മാരായ സോണി ജോസഫ്, ഷിന്റോ ജോസ്, ഡിനോ ജോർജ് എന്നിവർക്കും, മുൻപുണ്ടായിരുന്നതും നിലവിലുള്ളതുമായ എല്ലാ പ്രതിനിധിയോഗം അംഗങ്ങൾക്കും, ബിഷപ്പ് സ്റ്റീഫൻ തന്റെ അഗാധമായ നന്ദി അറിയിച്ചു.
കോർക്ക് സീറോ മലബാർ സഭാസമൂഹത്തിന്റെ വളർച്ചക്കായി പ്രവർത്തിച്ച, ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ വൈദികർക്കും സഭാ വിശ്വാസികൾക്കും കോർക്ക് SMCCC നേതൃത്വവും ദൈവനാമത്തിൽ തങ്ങളുടെ ആത്മാർഥമായ നന്ദി അറിയിച്ചു. അതോടൊപ്പം, കോർക്കിലെ പ്രശ്നപരിഹാരത്തിനായി പ്രവർത്തിച്ചതിന്റെ പേരിൽ വ്യക്തിഹത്യക്കും അധിക്ഷേപത്തിനും ഇരയായികൊണ്ടിരിക്കുന്ന ബഹു. ബിഷപ്പ് സ്റ്റീഫനോടും റവ. ഫാ. ക്ലമന്റിനോടുമുള്ള വിശ്വാസി സമൂഹത്തിന്റെ ആദരവ് അവർ രേഖപ്പെടുത്തി. കൂടാതെ, കോർക്ക് & റോസ് രൂപതയും ബിഷപ്പും നൽകിക്കൊണ്ടിരിക്കുന്ന എല്ലാ പിന്തുണക്കും സഹകരണത്തിനും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
📚READ ALSO:
🔘ഉയിർപ്പിന്റെയും പ്രതീക്ഷയുടേയും വെളിച്ചമേകി പ്രത്യാശയുടെ തിരുനാളായ ഈസ്റ്റര്‍ (Easter) ഇന്ന്
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland