ന്യൂദല്‍ഹി-വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയ വിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാങ്വേജ് കമ്മിറ്റിയുടെ 37ാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം-അമിത് ഷാ പറഞ്ഞു.
സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീര്‍ച്ചയായും വര്‍ധിപ്പിക്കും. ഔദ്യോഗിക ഭാഷ രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം വന്നിരിക്കുകയാണ്.
മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്- അമിത് ഷാ പറഞ്ഞു.
ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നും ഹിന്ദിയിലേക്ക് വാക്കുകള്‍ കടമെടുത്ത് ഹിന്ദിയെ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹിന്ദി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധയും ഊന്നലും നല്‍കേണ്ടതിനെക്കുറിച്ചും ആഭ്യന്തര മന്ത്രി പറഞ്ഞു.