ലണ്ടന്‍: ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ചു. അക്രമി അറസ്റ്റിലായി. ലണ്ടനില്‍ റെസ്റ്റോറന്റ് ജീവനക്കാരിയായ മലയാളി യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്‍. ഈസ്റ്റ്ഹാമിലെ ബാര്‍ക്കിംഗ് റോഡിലെ റെസ്‌റ്റോറന്റില്‍ കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിലെ ഹൈദരാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടി.
പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. യുവതിയെ ആക്രമിച്ചതിന് കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.