ബിറ്റ്കോയിന് സമാനമായ ന്യൂജനറേഷൻ ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിനിന്റെ(മോറിസ് കോയിൻ നിലവിലില്ലാത്ത ക്രിപ്റ്റോ കറൻസി) പേരിൽ വൻ പണപ്പിരിവ് നിലമ്പൂരിൽ നടന്നിരുന്നു. മോറിസ് കോയിൻ എന്ന നിലവിലില്ലാത്ത ക്രിപ്റ്റോ കറൻസിയുടെ പേരിൽ മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദ് പിരിച്ചെടുത്ത തുക കേട്ടാൽ ഞെട്ടും 1200 കോടി.
ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ ലോങ് റീച്ച് ടെക്നോളജീസ് എന്ന വെബ്സൈറ്റ് വഴി 1200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് എന്‍ഫോഴ്സമെന്‍റിന്‍റെ കണ്ടെത്തല്‍. ഇവരില്‍ നിന്ന് പണം വാങ്ങിയ ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്, അന്‍സാരി നെക്സ്റ്റെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്സ്, എലൈറ്റ് എഫ് എക്സ് എന്നീ കമ്പനികളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി.
മോറിസ് ട്രെഡിങ് കമ്പനിയില്‍ പങ്കാളിയായ മുഹമ്മദ് അസീസിന്‍റെ മലപ്പുറത്തെ വീട്ടിലും സ്റ്റോക്സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ അഫ്ദുള‍് ഗഫൂറിന്‍റെ വീട്ടിലും പരിശോധന നടന്നു. ഇതിന് പുറമേ തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള സ്ഥാപനങ്ങളിലും റെയ്ഡുണ്ടായി. ഇവിടെ നിന്ന് കോടികളുടെ ഭൂമി ഇടപാട് രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
രണ്ടുമുതല്‍ 8 ശതമാനം വരെ ലാഭവിഹിതം ക്രിപ്റ്റോ കറന്‍സിയില്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വന്‍തോതില്‍ നിക്ഷേപം വന്നതോെട പണവുമായി തട്ടിപ്പ് സംഘം മുങ്ങി.
മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ പ്രതിഷേധവുമായി മോറിസ് കോയിന്‍ ഉടമയുടെ വീട്ടിലെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളടങ്ങുന്ന സംഘമാണ് മലപ്പുറം പൂക്കോട്ടുംപാടത്തെ വീട്ടിലെത്തിയത്. വീട് പൊലീസ് സംരക്ഷണത്തിലായതിനാല്‍ പരാതിക്കാരെ സ്റ്റേഷനിലേക്ക് മാറ്റി പരാതി എഴുതി വാങ്ങി.
ആയിരക്കണക്കിനു നിക്ഷേപകരില്‍ നിന്നും കോടികള്‍ കൈപറ്റിയ മോറിസ് കോയിന്‍ കമ്പനി എം.ഡി. കിളിയിടുക്കില്‍ നിഷാദിന്റെ പൂക്കോട്ടുംപാടത്തെ വീടിലേക്കാണ് മംഗലാപുരം, കുടക്, കോഴിക്കോട്, കാസര്‍കോഡ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പതോളം പേരടങ്ങുന്ന സംഘമെത്തിയത്. രാവിലെ പതിനൊന്നരയോടെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു ലക്ഷ്യം.
കേസിലെ മുഖ്യപ്രതിയായ നിഷാദ് ജാമ്യമെടുത്ത ശേഷം സൗദിയിലേക്ക് കടന്നതായാണ് വിവരം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നൗഷാദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നു എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.