പാമ്പുപിടിത്തത്തിനിടെ കോട്ടയത്ത് വാവ സുരേഷിനു മൂർഖന്റെ കടിയേറ്റു. നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ് വാവ സുരേഷ് നിലവിൽ.
ഹൃദയമിടിപ്പ് കുറഞ്ഞു പോയിരുന്നു. കടിച്ച പാമ്പിനെ ഉൾപ്പടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആന്റിവെനം ഉപയോഗിച്ച് ചികിത്സ നൽകി. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. എന്നാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം സാധാരണ നിലയിലായിട്ടില്ല. സിപിആർ നൽകിയത് ഗുണമായി. അടുത്ത 5 മണിക്കൂർ നിർണായകമാണ്. അതിനു ശേഷമേ തലച്ചോറിന്റെ പ്രവർത്തനം സംബന്ധിച്ച് പറയാനാകൂ. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പരിശോധിക്കുന്നതെന്നും വാസവൻ വ്യക്തമാക്കി വാവ സുരേഷ് അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
പാമ്പിനെ ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു വാവ സുരേഷിന് കടിയേറ്റത്. മൂന്നുദിവസം മുൻപ് കോട്ടയത്തു കുറിച്ചി പാട്ടശേരിയിലെ വീടിനു സമീപത്താണ് മൂർഖനെ കണ്ടത്. വാവ സുരേഷിനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ തിങ്കളാഴ്ച രാവിലെയാണ് എത്തിയത്. ചാക്കിലാക്കാൻ നാലുതവണ ശ്രമിച്ചെങ്കിലും പാമ്പ് തിരിച്ചിറങ്ങുകയായിരുന്നു. വീണ്ടും ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു സുരേഷിന്റെ മുട്ടിനുമുകളിൽ കടിയേറ്റത്. സൗജന്യ ചികിത്സയെന്ന് മന്ത്രി വാസവൻ അറിയിച്ചിട്ടുണ്ട്. കടിയേൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.