നമ്പര്‍പ്ലേറ്റില്ലാത്ത രണ്ടു ബൈക്കുകളിലായി അഞ്ച് പേര്‍. യാതൊരു ശ്രദ്ധയുമില്ലാതെ മറ്റുളളവര്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തില്‍ റോഡില്‍ ബൈക്ക് അഭ്യാസം.
തൃശൂര്‍ നഗരപരിധിയില്‍ അപകടകരമായ ഈ സഞ്ചാരം ശ്രദ്ധയില്‍പെട്ട ഷാഡോ പോലീസ് സംഘം ഇവരെ പിന്‍തുടര്‍ന്നു. തങ്ങളെ ആരോ പിന്‍തുടരുന്നുവെന്ന് ഗുണ്ടാസംഘത്തിനും മനസിലായി. ഒട്ടും പതറാതെ മടിക്കുത്തില്‍ നിന്ന് തോക്ക് പുറത്തെടുത്ത് പുറകെ വരുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ ഷര്‍ട്ടിന്‍റെ പിന്‍ഭാഗം ഉയര്‍ത്തി തോക്ക് തിരുകി വച്ച് അഭ്യാസം തുടര്‍ന്നു. പിന്തുടരുന്നത് പോലീസാണെന്ന് അറിയാതെയായിരുന്നു ഈ സാഹസം.
ആയുധങ്ങള്‍ കൈവശമുളള ക്വട്ടേഷന്‍ സംഘമാണെന്നും എന്തിനും തയ്യാറായുളള യാത്രയാണെന്നും മനസിലാക്കിയ ഷാഡോ പോലീസ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച ശേഷം ഇവരെ വിടാതെ പിന്‍തുടര്‍ന്നു. ദിവാന്‍ജിമൂലയിലെ ബാറിലേയ്ക്ക് ബൈക്ക് ഓടിച്ചുകയറ്റിയ അക്രമിസംഘത്തിന് പുറകെ ഒന്നിലധികം ജീപ്പുകളിലായി പോലീസും ഇരച്ചുകയറി. പോലീസിനെ കണ്ട് വിരണ്ടോടിയ സംഘത്തിലെ നാല് പേരെയും ബാറും പരിസരവും വളഞ്ഞ് പോലീസ് പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. കളിത്തോക്കിനു പുറമെ കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന കുരുമുളക് സ്പ്രേ കുപ്പികളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. കവര്‍ച്ച ലക്ഷ്യമാക്കിയുളള യാത്രയായിരുന്നു ഇവരുടേതെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു.
കവര്‍ച്ചയും അടിപിടിയും ബോംബേറും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ തെക്കുംകര തെറ്റാനിക്കല്‍ ജസ്റ്റിന്‍, വട്ടോളിക്കല്‍ സനല്‍, അപ്പത്തറയില്‍ സുമോദ്, മണലിപ്പറമ്പില്‍ ഷിബു എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് ബാര്‍ വളഞ്ഞ് പിടികൂടിയത്. ഷാഡോ പോലീസ് ടീമിലെ എസ്.ഐ മാരായ എന്‍.ജി സുവൃത കുമാര്‍, പി.എം.റാഫി, ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ എസ്.ഗീതുമോള്‍, ആര്‍.വിജയന്‍, എസ്.സി.പി.ഒമാരായ പഴനിസ്വാമി, ടി.വി.ജീവന്‍, സി.പി.ഒമാരായ എം.എസ്.ലിഗേഷ്, വിപിന്‍ദാസ്, വി.വിജയരാജ്, ടി.എസ്.അജയഘോഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്.
കടപ്പാട് :കേരള പോലീസ്