കുന്നുകൾ ഇടിച്ചു നിരത്തും; തണ്ണീർ തടങ്ങൾ നികത്തും ; കെ റെയിൽ ഡിപിആറിലെ ഭാഗിക വിവരങ്ങൾ ചോർന്നു
നിരവധി കുന്നുകൾ ഇടിച്ചു നിരത്തുകയും തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുകയും ചെയ്ത് കൊണ്ടുമാത്രമേ സിൽവർ ലൈൻ പദ്ധതി പൂർത്തിയാക്കാനാകൂവെന്ന് ചൂണ്ടിക്കാട്ടുന്ന കെ റെയിൽ ഡിപിആറിന്റെ ഭാഗിക വിവരങ്ങൾ പുറത്ത്. കെ റെയിൽ കോർപ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്. ഒരു വർഷം മുമ്പ് കെ റെയിൽ കമ്പനിക്ക് നൽകിയ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തിലെ നിലവിലുള്ള റെയിൽവേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ അപര്യാപ്തമാണെന്നാണ് ഡിപിആറിലെ ന്യായീകരണം.
2025ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന സിൽവർ ലൈൻ അതിവേഗ പാതയുടെ 190 കിലോമീറ്റർ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റർ വയൽ-തണ്ണീർത്തടങ്ങളിലൂടെയാകും കടന്നുപോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കിൽ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകും. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാതയുണ്ടാകും. 60 കിലോമീറ്റർ റെയിൽവേയുടെ ഭൂമിയിലൂടെയാകും പോകുക. പാതയിൽ 11.5 കിലോമീറ്ററുകൾ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നുപോകുന്നു. മലകൾ തുരന്നും കുന്നുകൾ നികത്തിയും പാത കടന്നുപോകുന്നുണ്ട്. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഡിപിആറിൽ വിശദീകരിക്കുന്നത്.
പദ്ധതിക്ക് 1222.45 ഹെക്ടർ ഭൂമി വേണ്ടി വരും. ഇതിൽ 1074.19 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതാണ്. 107.98 ഹെക്ടർ സർക്കാർ ഭൂമിയും റെയിൽവേയുടെ കൈവശമുള്ള 44.28 ഹെക്ടർ ഭൂമിയും സിൽവർ ലൈൻ പദ്ധതിക്കായി വേണ്ടിവരും.ആദ്യവർഷം 65,339 യാത്രക്കാരെയാണ് പ്രതിദിനം പ്രതീക്ഷിക്കുന്നത്. 2029–30ൽ 78,478 പേർ. 2041–42ൽ 1,12,315 പേർ. 2052–53ൽ 1,45,018 പേർ. ടൂറിസ്റ്റ് ട്രെയിനുകൾ ഓടിക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കാനാകുമെന്ന് ഡിപിആറിൽ പറയുന്നു.
നിലവിലെ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, ജലപാത, പ്രധാന റോഡുകൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി യാത്രക്കാരുടെ എണ്ണം വർധിപ്പിക്കണം. ആകെ 11 സ്റ്റേഷനുകൾ. തിരുവനന്തപുരം (കൊച്ചുവേളി), കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊച്ചി വിമാനത്താവളം. ഇതിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകൾ എ വിഭാഗത്തിലെ സ്റ്റേഷനുകളാണ്. ചെങ്ങന്നൂർ, കോട്ടയം, തിരൂർ ബി സ്റ്റേഷൻ. കൊച്ചി വിമാനത്താവളത്തോട് ചേർന്ന സ്റ്റേഷൻ സി എന്നിവയാണ് സ്റ്റേഷനുകൾ.
2025–26ൽ 279 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. പൂർണമായും സോളർ എനർജിയാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഷൻ കെട്ടിടങ്ങളിടക്കം സോളർ പാനലുകൾ സ്ഥാപിക്കും. ടിക്കറ്റിനായി സെൻട്രൽ കംപ്യൂട്ടർ സംവിധാനം ഉണ്ടാക്കും. സ്മാർട് കാർഡ്, മൊബൈൽ ആപ്, സ്റ്റേഷൻ കംപ്യൂട്ടർ, ടിക്കറ്റ് മെഷീൻ, മൊബൈൽ ടിക്കറ്റ് കൗണ്ടർ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിതരണം നടത്തും. വിമാനം ഉപയോഗിച്ച് ലിഡാർ സർവേ പൂർത്തിയാക്കിയെന്നും ട്രാഫിക് സർവേയും അനുബന്ധമായി നടത്തിയെന്നും ഡിപിആറിൽ പറയുന്നു.