ഇരട്ട രാഷ്ട്രീയക്കൊലയെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്ടമായ ആലപ്പുഴയിൽ (Alappuzha)നാളെ സർവകക്ഷി യോഗം വിളിച്ച് ജില്ലാ കളക്ടർ (District Collector).
എസ് ഡി പി ഐ, ബി ജെ പി നേതാക്കൾ മണിക്കൂറുകളുടെ ഇടവേളയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് രണ്ട് കൊലപാതകങ്ങളിലായി 50 പേർ കസ്റ്റഡിയിൽ,സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശവും നൽകിയിരിക്കുകയാണ്. ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ നിലവിലുണ്ട്.
ഇരു നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ ഇപ്പോൾ കസ്റ്റഡിയിൽ ഉണ്ട് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്നും അവർ അറിയിച്ചു.
എസ് ഡി പി ഐ നേതാവിന്‍റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി ജെ പി നേതാവിന്‍റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കളക്ടറേറ്റിലാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.
ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി- പൊന്നാട് റോഡിൽ കുപ്പേഴം ജംങ്ഷനിൽ, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ എസ് ഷാനെ വെട്ടിക്കൊന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
ഇന്ന് രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയിൽ ബി ജെ പിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. വീടിനുള്ളിൽ വെച്ച് അമ്മയും ഭാര്യയും നോക്കിനിൽക്കെ അക്രമിസംഘം വെട്ടുകയായിരുന്നു.
എസ് ഡി പി ഐ നേതാവ് ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്‍റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.