ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ ഉയർന്നതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 358 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ തന്നെയാണ് കൂടുതൽ ഒമിക്രോൺ കേസുകളും.
മഹാരാഷ്ട്രയിൽ 88 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ ഡൽഹിയാണ് 67 പേർക്കാണ് ഇവിടെ ഒമിക്രോൺ വൈറസ് ബാധ. തെലങ്കാന- 38, തമിഴ്നാട്- 34, കർണാടക -31, ഗുജറാത്ത് -30, കേരളം- 29 എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകളുടെ എണ്ണം. കേസുകൾ ഉയർന്നതോടെ പല സംസ്ഥാനങ്ങളും രാത്രികാല കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.
മുംബൈ നഗരത്തിൽ ഡിസംബർ 31 അർദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ക്രിസ്മസിനും പുതുവത്സരത്തലേന്നും കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പോലീസ് നഗരത്തിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ 27 ശതമാനം വർധന വന്നതായാണ് കണ്ടെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചതും മഹാരാഷ്ട്രയിലാണ്.
ന്യൂ ഇയർ ക്രിസ്മസ് ആഘോഷങ്ങൾക്കും പല സംസ്ഥാനങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വൈറസ് വ്യാപനം ഉയർന്നതോടെ ഡൽഹിയായിരുന്നു ആദ്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശും, ഉത്തർപ്രദേശും രാത്രികാല കർഫ്യൂവും ആളുകൾ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ രാത്രി 11 മണി മുതൽ രാവിലെ അഞ്ച് വരെയാണ് രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 25 മുതലാണ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്.
യുപിയിൽ എല്ലാ ചടങ്ങുകൾക്കും കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ആക്കി ചുരുക്കി. മധ്യപ്രദേശിൽ ഇന്ന് മുതലാണ് നൈറ്റ് കർഫ്യൂ നിലവിൽ വരിക. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.