ഒമിക്രോൺ ആശങ്ക തുടരുന്നതിനാൽ കേരളത്തിൽ രാത്രി കർഫ്യൂ പ്രാബല്യത്തിൽ വരും. ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണിവരെയാണ് നിയന്ത്രണം.
ഒമിക്രോൺ ഭീഷണി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടം ഒഴിവാക്കാനാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ അവഗണിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
രാത്രി കർഫ്യൂ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കടകൾ രാത്രി 10 മണിക്ക് അടയ്ക്കണം. ആൾക്കൂട്ടം പാടില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. വാഹന പരിശോധനകൾ കർശനമാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
"2022 ജനുവരി 31വരെ രാജ്യത്ത് കൊവിഡ് നിയന്ത്രണം കർശനമായി തുടരണമെന്ന നിർദേശവും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ ചീഫ് സെക്രട്ടറിമാർക്കുമാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക - ജില്ലാ തലങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ തുടരണം" - എന്നും കത്തിൽ പറയുന്നുണ്ട്.
ഒമിക്രോണ്‍ സാഹചര്യങ്ങൾക്ക് അനുസരിച്ചു നിരോധനാജ്ഞ പ്രഖ്യാപിക്കാം സംസ്ഥാനങ്ങൾക്ക് കേന്ദ്രം അധികാരം നൽകി.
ഒമിക്രോൺ ഭീഷണി തുടരുന്ന ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ തുടരുകയാണ്. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് മണിവരെയാണ് കടുത്ത നിയന്ത്രണങ്ങൾ തുടരുക. പുതുവത്സരാഘോഷം ഉൾപ്പെടെയുള്ള ആഘോഷങ്ങളിലേക്ക് കടക്കാനിരിക്കെയാണ് കർഫ്യൂ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോൺ കേസുകൾ നിലവിലുള്ളത് ഡൽഹിയിലാണ്. ഡൽഹി 142, മഹാരാഷ്ട്ര 141, കേരളം 57, ഗുജറാത്ത് 49, രാജസ്ഥാൻ 43, തെലങ്കാന 41 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ നിലവിലുള്ള സംസ്ഥാനങ്ങൾ.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾ ആഭ്യന്തര മന്ത്രാലയം അധികാരം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇതുസംബന്ധിച്ച നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറി.