യുകെയിൽ രണ്ടര വയസുകാരി കാേവിഡ് ബാധിച്ച് മരണമടഞ്ഞു; പിന്തുണയുമായി നിരവധി പേർ
യുകെയിൽ കവൻട്രിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ജെർലിൻ ജയിംസ് കോവിഡ് ബാധിച്ച് മരിച്ചു.നാട്ടിൽ കോഴിക്കോട് സ്വദേശികളാണ്. പടത്തുകടവ് ഇളവകുന്നേൽ ജെയിംസിന്റെയും റിന്റോ ജെയിംസിന്റെയും ഇളയ മകളാണ് ജെർലിൻ.മൂന്നിലാവ് പുളിമൂട്ടിൽ കുടുംബാംഗമാണ് ജെർലിന്റെ മാതാവ് റിന്റോ. ഗ്രേസ് ലിൻ (12), ജെറോൺ (18) എന്നിവർ ജെർലിന്റെ സഹോദരങ്ങളാണ്.
ജെർലിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ബർമിങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിൽ ജെർലിന്റെ നില വഷളായതിനെത്തുടർന്ന് പ്രവേശിപ്പിക്കുകയായിരുന്നു. എഗ്മോ മെഷീന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചുവെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജെയിംസിന്റെ സഹോദരി ടെസിയും ഭർത്താവ് ഡെറിക്കും ലൂട്ടണിൽ സ്ഥിരതാമസക്കാരാണ്. ജെർലിന്റെ ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.