മോണ്‍സ്റ്റര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍: വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ ചിത്രീകരണം എറണാകുളത്ത് തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആകുന്നൂള്ളൂ.ലക്ഷ്മി മഞ്ജു ആദ്യമായി മലയാളത്തില്‍. ഏലൂരുള്ള വി.വി.എം സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള സെറ്റിലാണ് ഷൂട്ടിംഗ് നടക്കുന്നത്.
മോണ്‍സ്റ്റര്‍ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ലക്കിസിംഗ് എന്ന അന്വേഷണോദ്യോഗസ്ഥന്റെ വേഷമാണ് മോഹന്‍ലാലിന്റേത്. പഞ്ചാബിയായി ലാല്‍ അഭിനയിക്കുന്ന ആദ്യ ചിത്രംകൂടിയാണിത്.
പുലിമുരുകനുശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. സമീര്‍ മുഹമ്മദ് എഡിറ്ററാണ്. മധു വാസുദേവന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു.
ഷാജി നടുവിലാണ് ആര്‍ട്ട് ഡയറക്ടര്‍. ഷാജി ഒരു ആശിര്‍വാദ് ചിത്രത്തിന്റെ ഭാഗമാകുന്നത് ഇതാദ്യമാണ്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. സിദ്ധു പനയ്ക്കലിനും സജി ജോസഫിനുമാണ് പ്രൊഡക്ഷന്റെ ചുമതല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്.മോഹന്‍ലാലും ലക്ഷ്മി മഞ്ജുവും സുദേവ് നായരും ഹണി റോസും ബേബി കുക്കുവുമാണ് പ്രധാന താരനിരക്കാര്‍. ഇവരുടെ പോര്‍ഷനുകളാണ് ഏതാണ്ട് രണ്ടാഴ്ചത്തോളം ചിത്രീകരിക്കുക.