ഇന്ന് ദീപാവലി
ആശങ്കകളുടെ ഇരുട്ടകറ്റി ഇന്ന് പ്രതീക്ഷയുടെ ദീപാവലി. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്. അതുകൊണ്ടുതന്നെ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്.
ദീപങ്ങളുടെ ഉത്സവം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏവർക്കും ദീപാവലി ആശംസകൾ നേർന്നു. പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തെ പുതിയ ഊർജ്ജം, വെളിച്ചം, ആരോഗ്യം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
അജ്ഞതയിൽ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്,അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക് എന്നതിന്റെയൊക്കെ പ്രതീകമാണ് സന്ധ്യാ ദീപങ്ങൾ. അതുകൊണ്ടുതന്നെയാണ് ഇത് ദീപങ്ങളുടെ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും.
അശ്വനി മാസത്തിലെ കൃഷ്ണപക്ഷ (കറുത്തവാവിലെ)ചതുർദ്ദശിയാണ് ദീപാവലിയായി ഭാരതത്തിലാഘോഷിക്കുന്നത്. മലയാളത്തിലത് തുലാമാസത്തിലാഘോഷിക്കുന്നു. പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും, മധുരം നൽകിയും ദീപാവലി ആഘോഷത്തിന്റെ നിറവിലാകുന്ന നാടും നഗരവും.
ശ്രീരാമൻ തന്റെ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനം എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ധർമ്മവിജയം നേടിയ ശ്രീരാമചന്ദ്രൻ അയോധ്യാവാസിയായി വീണ്ടും മനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട ദിവസം.
അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ നിഗ്രഹിച്ചു എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസം. എല്ലാം ധാർമ്മികവിജയത്തിന്റെ സന്ദേശമാണ് ഈ ദിവസം നൽകുന്നത്. ദീപാവലി ദിനത്തിൽ വൈകുന്നേരം യമധർമ രാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും ഭാരതത്തിൽ ചിലയിടത്തും നിലവിലുണ്ട്.
രാത്രിയെ പകലാക്കി ആകാശത്ത് വർണ്ണങ്ങൾ നിറയുന്ന ദീപാവലി ഉത്സവം തലേദിവസം രാത്രി മുതൽ ആരംഭിക്കും. ഉത്തരേന്ത്യയിലാണ് ദീപാവലി ആഘോഷങ്ങൾ പ്രധാനമായും കൊണ്ടാടാറുള്ളത്. ഇന്ന് ആഗോളതലത്തിൽ ആഘോഷങ്ങളെല്ലാം സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഒത്തുകൂടാൻ കിട്ടുന്ന അവസരങ്ങൾ മനോഹരമാക്കുന്നതിൽ ദീപാവലിക്കുള്ളത് നക്ഷത്രശോഭയാണ്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന നേപ്പാളും ശ്രീലങ്കയും രാമായണത്തിന്റെ ഭാഗമായിത്തന്നെ ദീപാവലിയെ കാണുന്നു എന്ന പ്രത്യേകതയുമുണ്ട്.
ജൈനമതവിശ്വാസപ്രകാരം തീർത്ഥങ്കര സംസ്കാരത്തിന് തുടക്കമിട്ട മഹാവീരന്റെ മോക്ഷപ്രാപ്തിനടന്നത് ഈ ദിനത്തിലാണ്. സിഖ് മതത്തെ സംബന്ധിച്ച് 1577 ൽ പഞ്ചാബിലെ അമൃതസർ സുവർണ്ണക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നതും ഈ ദിവസമാണ്


.jpg)











