നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. പാല മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിലിന്റെ പരാതിയിലാണ് കേസ്.
നാര്‍കോട്ടിക്, ലവ് ജിഹാദികള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്നാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തില്‍ പറഞ്ഞതത്രേ. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയെന്നാണ് ഇമാമുകളുടെ ആരോപണം.
മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് പരാതി. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന മധ്യേ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്‌ളീം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഇമാമുകളുടെ ആരോപണം.